'വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടത്, കൈമാറിയത് കീഴ്വഴക്കമായതിനാല്‍; അഡ്വക്കറ്റ് കമ്മീഷന്‍ എ എസ് പി കുറുപ്പിന്റെ നിര്‍ദേശവും ഉണ്ടായിരുന്നുവെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അംഗം; കൊടിമരത്തിന് സ്വര്‍ണം സ്‌പോണ്‍സര്‍ ചെയ്തത് ആന്ധ്രയില്‍ നിന്നുള്ള ഫിനിക്‌സ് ഗ്രൂപ്പ്; മറ്റാരുടെയും സ്വര്‍ണം നിര്‍മാണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും അജയ് തറയില്‍
'വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടത്, കൈമാറിയത് കീഴ്വഴക്കമായതിനാല്‍'
കൊച്ചി: ശബരിമല ക്ഷേത്രത്തിലെ കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നും കീഴ്വഴക്കം അതായതുകൊണ്ടാണ് പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം തന്ത്രിക്ക് കൈമാറിയതെന്നും മുന്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍. വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നാണ് കിട്ടിയ റിപ്പോര്‍ട്ട്. അന്ന് വാജി വാഹനം കൈമാറിയതിന് രേഖകള്‍ ഉണ്ടാക്കിയിട്ടില്ല. അഡ്വക്കറ്റ് കമ്മീഷന്‍ എ എസ് പി കുറുപ്പിന്റെ നിര്‍ദേശവും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണം പൂശിയ പറകള്‍, അഷ്ടദിക് പാലകര്‍, അടക്കം പഴയ കൊടിമരത്തിന്റെ എല്ലാഭാഗങ്ങളും സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിന് മഹസര്‍ തയാറാക്കി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സ്‌ട്രോങ്ങ് റൂമില്‍ അവയെല്ലാം ഇപ്പോള്‍ ഉണ്ടോയെന്ന് തനിക്കറിയില്ല. കൊടിമരത്തിന് സ്വര്‍ണം സ്‌പോണ്‍സര്‍ ചെയ്തത് ആന്ധ്രയില്‍ നിന്നുള്ള ഫിനിക്‌സ് ഗ്രൂപ്പാണ്. മറ്റാരുടെയും സ്വര്‍ണം നിര്‍മാണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം മാന്വവല്‍ അനുസരിച്ചായിരുന്നു നിര്‍മാണം. മാന്നാറിലെ നിര്‍മാണവേളയില്‍ ആചാരപരമായി ചിലര്‍ സ്വര്‍ണം സംഭാവന നല്‍കിയിട്ടുണ്ടെന്നും സുരേഷ് ഗോപിയും താനും എല്ലാം അങ്ങനെ സംഭാവന നല്‍കിയതാണെന്നും അജയ് തറയില്‍ പറഞ്ഞു. കൈകള്‍ ശുദ്ധമാണെന്നും ഏത് അന്വേഷണത്തെയും നേരിടുമെന്നും അജയ് തറയില്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയുടെ അന്വേഷണത്തിന്റെ ഭാഗമായി കൊടിമരം മാറ്റി സ്ഥാപിച്ചതും എസ്‌ഐടി അന്വേഷിക്കുന്നുവെന്ന വിവരത്തിനിടെയാണ് കൊടിമര സ്വര്‍ണം പൂശിയതിലടക്കം മുന്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ വിശദീകരണവുമായി രംഗത്തുവന്നത്.
2017ലാണ് പഴയ കൊടിമരം മാറ്റി പുതിയ കൊടിമരം സ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങിയത്. കോണ്‍ഗ്രസ് നേതാവായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായ ഭരണ സമിതിയാണ് പുതിയ കൊടിമരം സ്ഥാപിച്ചത്. അന്നത്തെ ദേവസ്വം ഭരണസമിതിയിലെ അംഗമായിരുന്നു അജയ് തറയില്‍.
അതേസമയം, ഹാജരാക്കിയ വാജി വാഹനം അപ്രൈസറെ നിയോഗിച്ച് പരിശോധിച്ച ശേഷം കോടതി ഏറ്റെടുത്തു. പുതിയ കൊടിമരം പ്രതിഷ്ഠിച്ചതോടെ പഴയ കൊടിമരത്തിന് മുകളിലുണ്ടായിരുന്ന വാജി വാഹനം, വിശ്വാസപ്രകാരം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് തന്ത്രി കണ്ഠര് രാജീവര് ആവശ്യപ്പെട്ടു. തുടര്‍ന്ന് അന്നത്തെ ദേവസ്വം ബോര്‍ഡ് തന്ത്രിക്ക് കൈമാറുകയായിരുന്നു. ശബരിമല സ്വര്‍ണമോഷണ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് തന്ത്രിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വാജി വാഹനം കണ്ടെത്തിയത്. 2017-ല്‍ സ്വര്‍ണക്കൊടിമര പ്രതിഷ്ഠ നടന്നപ്പോള്‍ പഴയ കൊടിമരത്തിനു മുകളിലെ വാജിവാഹനം തന്ത്രി കൈവശപ്പെടുത്തിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു പരിശോധന.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ എസ്ഐടി നടത്തിയ പരിശോധനയില്‍ വാജിവാഹനം കണ്ടെടുത്തുവെങ്കിലും അത് തീര്‍ത്തും ദുരൂഹമാണ്. ശബരിമലയില്‍ പഴയ കൊടിമരത്തില്‍ ഉണ്ടായിരുന്നതായിരുന്നു ഈ വാജിവാഹനം. കണ്ടെടുത്ത വാജിവാഹനം കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞ വാജി വാഹനത്തിനു പതിനൊന്നു കിലോ തൂക്കമുണ്ട്. ശബരിമലയില്‍ പഴയ കൊടി മരം സ്വര്‍ണ്ണം പൂശി. ഈ സമയത്താണ് വാജി വാഹനം പോയത്. ഇത് ആദ്യം റിപ്പോര്‍ട്ട് ചെയ്്തത് മറുനാടനാണ്.
അന്ന് ഈ വാജി വാഹനം ഹൈദരാബാദിലായിരുന്നു. അവിടെ നിന്നും തന്ത്രിയുടെ വീട്ടിലെത്തിയെന്നാണ് സൂചന. ഇക്കാര്യം തന്ത്രി സമ്മതിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വാജി വാഹനം കൊണ്ടു പോയത് തന്ത്രിക്ക് കരുക്കായി മാറും. ശബരിമല സ്വര്‍ണക്കൊള്ള വിഷയം ഉയര്‍ന്ന വേളയില്‍തന്നെ പഴയ വാജി വാഹനം കാണാനില്ലെന്നു ആരോപണം ഉയര്‍ന്നിരുന്നു. മറുനാടന്‍ റിപ്പോര്‍ട്ടായിരുന്നു ഇതിന് കാരണം. മറുനാടന്‍ വാര്‍ത്ത വന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇതു തന്റെ പക്കലുണ്ടെന്നും വീട്ടില്‍ പൂജാമുറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും തന്ത്രി കണ്ഠര് രാജിവര് അറിയിച്ചിരുന്നു. പിന്നീട് വാജി വാഹനം തിരിച്ചെടുക്കണമെന്നു ദേവസ്വം ബോര്‍ഡിനോടും തന്ത്രി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ വിവാദം മൂത്തപ്പോള്‍ ഈ വാജി വാഹനം ഹൈദരാബാദിലെ മുതലാളി തന്ത്രിയുടെ വീട്ടില്‍ എത്തിക്കുകയായിരുന്നുവെന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കാതെ തന്ത്രി അത് മറച്ചുവച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. അന്ന് മറുനാടന്‍ വെള്ളിയിലെ വാജി വാഹനം എന്നായിരുന്നും റിപ്പോര്‍ട്ട് ചെയ്തത്. വെള്ളി കൊടിമരം ആയിരുന്നുവെങ്കിലും മുകളിലുണ്ടായിരുന്നത് സ്വര്‍ണ്ണ വാജി വാഹനമായിരുന്നുവെന്നാണ് ഇപ്പോള്‍ തെളിയുന്നത്.
ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജിവരെ ജനുവരി 23 വരെയാണ് റിമാന്‍ഡ് ചെയ്തിട്ടുള്ളത്. അതേസമയം ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം കവര്‍ന്ന കേസിലും കണ്ഠര് രാജിവരെ അറസ്റ്റു ചെയ്യാന്‍ എസ്ഐടിക്ക് ചൊവ്വാഴ്ച കോടതി അനുമതി നല്‍കിയിരുന്നു. വാജി വാഹനം തന്റെ കൈവശമുണ്ടെന്ന് പറഞ്ഞ് തന്ത്രി എഴുതിയ കത്ത് വലിയ കുരുക്കായി മാറും. ഈ കത്ത് സ്ഥിരീകരിക്കുന്നതും മോഷണ സമാനമായ സംഭവമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വാജി വാഹനത്തിലെ കൊണ്ടു പോകല്‍ അറിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ തന്ത്രിയ്ക്ക് ഈ വിഷയം പ്രതിസന്ധിയായി മാറും.
