'സുഖമില്ലാത്ത' അഭിനയം ഇനി ജയിലില്‍ മതി! ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കെ.പി. ശങ്കര്‍ദാസ് ആശുപത്രിയില്‍ വെച്ച് അറസ്റ്റില്‍; അസുഖം പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കിയിട്ടും നടന്നില്ല! ഹൈക്കോടതി വടിയെടുത്തതോടെ എസ്‌ഐടിയുടെ മിന്നല്‍ നീക്കം

Update: 2026-01-14 14:50 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസ് അറസ്റ്റില്‍. സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. എസ് ഐ ടി യും മജിസ്ട്രേറ്റും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുറച്ചു ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലായിരുന്നു ശങ്കരദാസ്.

എസ്.പി.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടപടികള്‍ സ്വീകരിച്ചത്. ഐസിയുവില്‍നിന്ന് റൂമിലേക്ക് മാറ്റിയതിന് പിന്നാലെയാണ് അറസ്റ്റെന്നാണ് വിവരം. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതി കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

ശങ്കരദാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റിയിരുന്നു. ശങ്കരദാസിന്റെ ചികിത്സാ രേഖകള്‍ അന്വേഷണ സംഘം കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കാത്തതിനെത്തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസ് മുന്‍കൂര്‍ ജാമ്യം തേടിയത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശങ്കരദാസ് ഐ സി യുവില്‍ ആയതിനാല്‍, അറസ്റ്റ് വിവരം കൊല്ലം കോടതിയെ അറിയിക്കുകയും തുടര്‍ന്ന് മജിസ്ട്രേറ്റ് നേരിട്ട് ആശുപത്രിയിലെത്തി തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു. നാളെ കൊല്ലം കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഐ സി യുവില്‍ നിന്ന് മുറിയിലേക്ക് ശങ്കരദാസിനെ മാറ്റിയെങ്കിലും ആശുപത്രിയില്‍ തുടരും. ശബരിമലയുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ നിര്‍ണ്ണായകമായ ഒരു നീക്കമായാണ് ഈ അറസ്റ്റ് വിലയിരുത്തപ്പെടുന്നത്.

അതിനിടെ ശബരിമല സ്വര്‍ണക്കൊള്ളയുടെ അന്വേഷണ പരിധിയില്‍ കൊടിമരം മാറ്റിസ്ഥാപിച്ചതും ഉള്‍പ്പെടുത്തി. ശബരിമലയില്‍ 2017 ലാണ് കൊടിമരം മാറ്റിസ്ഥാപിച്ചത്. കൊടിമര നിര്‍മ്മാണവും ഇനി എസ് ഐ ടി അന്വേഷിക്കും. പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായിരുന്നപ്പോഴാണ് കൊടിമരം മാറ്റിയത്. ഹൈക്കോടതി നിര്‍ദേശപ്രകാശം എസ്‌ഐടിയും ദേവസ്വം വിജിലന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്ത്രി കണ്ഠര് രാജീവരുമായി ബന്ധപ്പെട്ട പലരില്‍ നിന്നും എസ് ഐ ടി സംഘം മൊഴിയെടുത്തിരുന്നു. അപ്പോഴാണ് കൊടിമരം മാറ്റിസ്ഥാപിച്ചത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്. ഈ സാഹചര്യത്തിലാണ് 2017 ല്‍ കൊടിമരം മാറ്റിസ്ഥാപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരുന്നത്.

പഴയ കൊടിമരം ജീര്‍ണിച്ച അവസ്ഥയില്‍ ആയതോടെയാണ് മാറ്റിസ്ഥാപിക്കുന്നത്. കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനത്തിനും അഷ്ടദിക്ക് പാലകന്മാര്‍ക്കും വര്‍ഷങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. രാജാവിന്റെ കാലഘട്ടത്തില്‍ സമ്മാനം ലഭിച്ചതാണെന്നാണ് രേഖകളില്‍ പറയുന്നത്. കൊടിമരം മാറ്റിസ്ഥാപിക്കുമ്പോള്‍ ഈ വാജി വാഹനം തന്ത്രിയുടെ പക്കല്‍ ഏല്‍പ്പിച്ചു. എന്നാല്‍, ദേവസ്വം വിജിലന്‍സിന്റെ അന്വേഷണത്തില്‍ അഷ്ടദിക്ക്പാലകന്മാര്‍ എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജിവാഹനം തന്ത്രി കണ്ഠരര് രാജീവര് കൈവശം വെച്ചിരിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ശില്‍പ്പമാണ് വാജിവാഹനം. 11കിലോ തൂക്കം വരുന്ന പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതാണ് ഇത്. 2017 ലാണ് ശബരിമലയില്‍ ഉണ്ടായിരുന്ന വളരെ മൂല്യമുള്ള വാജിവാഹനം തന്ത്രി വീട്ടിലേക്ക് കൊണ്ടുപോയത്. കട്ടിളപ്പാളി കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തതിന് ശേഷം എസ് ഐ ടി സംഘം തന്ത്രിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും വാജിവാഹനം കണ്ടെത്തി കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

Similar News