ആ സ്വകാര്യ ആശുപത്രിയ്ക്ക് 'അയ്യപ്പ കോപ ഭയം'; വെറുതെ ഐസിയുവില്‍ കിടത്തില്ലെന്ന് നിലപാട് എടുത്തത് നീതി ഉറപ്പാക്കാന്‍; കമ്മീഷണറുടെ അച്ഛന് ആശുപത്രി ജയിലായി; ഡിസ്ചാര്‍ജ് ആയാല്‍ റിമാന്‍ഡിലാകും ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ശങ്കരദാസിനെ പൂട്ടിയത് ഹൈക്കോടതിയുടെ 'നിലപാട്'

Update: 2026-01-15 02:14 GMT

തിരുവനന്തപുരം: കേരള പോലീസിലെ ഉന്നതനായ ഒരു കമ്മീഷണറുടെ അച്ഛന്‍ അഴിമതിക്കേസില്‍ അറസ്റ്റിലാകുക എന്നത് അത്യപൂര്‍വ്വം. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും സി.പി.ഐ നേതാവുമായ കെ.പി. ശങ്കരദാസിനെയാണ് ഒടുവില്‍ പ്രത്യേക അന്വേഷണ സംഘം ആശുപത്രി കിടക്കയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ശബരിമല അയ്യപ്പനുമായി ബന്ധപ്പെട്ട കേസായതു കൊണ്ട് തന്നെ ആശുപത്രിയും നീതിയും നിയമവും വിട്ടു ഒന്നും ചെയ്യില്ലെന്നാണ് സൂചന.

കഴിഞ്ഞ ഞായറാഴ്ച ശങ്കരദാസിനെ വാര്‍ഡിലേക്ക് മാറ്റി. എന്നാല്‍ വൈകിട്ടോടെ പൊടുന്നനെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നു. വീണ്ടും ഐസിയുവിലായി. അടുത്ത ദിവസം കൊല്ലം കോടതിയില്‍ ജാമ്യാപേക്ഷ എത്തി. വിധി പറയാന്‍ മാറ്റി വച്ചു. ഇതിനിടെ ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനമുണ്ടായി. അ്യ്യപ്പ വിശ്വാസികളായ ആശുപത്രി മാനേജ്‌മെന്റും ആരോഗ്യ നില നോക്കി മാത്രമേ ചികില്‍സ നിശ്ചയിക്കൂവെന്ന നിലപാട് എടുത്തു. ഇതോടെ വീണ്ടും വാര്‍ഡിലേക്ക് മാറ്റി. ഇത് മനസ്സിലാക്കി ഉടന്‍ അറസ്റ്റു ചെയ്യുകയായിരുന്നു.

ഈഞ്ചയ്ക്കലിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസ്. ഇതിന് തൊട്ടടുത്താണ് ശങ്കരദാസുള്ള ആശുപത്രിയും. മകന്‍ ഐ.പി.എസ് ഓഫീസറായ കമ്മീഷണറാണെന്ന ഗമയൊന്നും കോടതിക്ക് മുന്നില്‍ ചിലവാകില്ലെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ നാടകീയ നീക്കങ്ങള്‍. കേസില്‍ പ്രതിയായത് മുതല്‍ അസുഖം കാരണം പറഞ്ഞ് ആശുപത്രിയില്‍ പ്രവേശിച്ച ശങ്കരദാസിനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അതിരൂക്ഷമായിരുന്നു.

'അന്വേഷണത്തില്‍ എന്ത് അസംബന്ധമാണ് നടക്കുന്നത്? മകന്‍ പോലീസ് ഓഫീസറായതുകൊണ്ടാണോ ഈ ആശുപത്രി വാസം? മാന്യത വേണം!' എന്ന് കോടതി അന്വേഷണ സംഘത്തെ മുഖത്തടിച്ചതുപോലെ വിമര്‍ശിച്ചതോടെയാണ് പോലീസിന് അനങ്ങാന്‍ പോലുമാകാത്ത അവസ്ഥ വന്നത്. സുപ്രീം കോടതി വരെ പോയി നോക്കിയെങ്കിലും അവിടെ നിന്നും തിരിച്ചടി കിട്ടിയതോടെ ശങ്കരദാസിന്റെ എല്ലാ വഴികളും അടഞ്ഞു.

താന്‍ അബോധാവസ്ഥയിലാണെന്നും ഐസിയുവിലാണെന്നും കാണിച്ച് ഫോട്ടോകളും ചികിത്സാ രേഖകളും കോടതിയില്‍ ഹാജരാക്കി അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ പരമാവധി ശ്രമിച്ചെങ്കിലും മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ശങ്കരദാസിന് വിനയായി. ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയ ഉടന്‍ തന്നെ പോലീസ് ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൊച്ചി കമ്മീഷണര്‍ ഹരിശങ്കറിന്റെ അച്ഛനാണ് ശങ്കരദാസ്.

ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പത്മകുമാറിനും മറ്റൊരു അംഗം വിജയകുമാറിനുമൊപ്പം സ്വര്‍ണ്ണക്കൊള്ളയ്ക്ക് കൂട്ടുനിന്നു എന്നതാണ് ശങ്കരദാസിന് മേലുള്ള കുറ്റം. ബോര്‍ഡ് യോഗങ്ങളുടെ മിനിറ്റ്സിലെല്ലാം ശങ്കരദാസ് ഒപ്പിട്ടിട്ടുണ്ടെന്നും അതിനാല്‍ കുറ്റത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. നിലവില്‍ സ്വകാര്യ ആശുപത്രി മുറിയില്‍ പോലീസ് കാവലിലാണ് ഇദ്ദേഹം.

ഡിസ്ചാര്‍ജ് ആകുന്ന നിമിഷം ജയിലിന്റെ അഴികള്‍ക്കിടയിലേക്ക് ശങ്കരദാസ് മാറേണ്ടി വരും. ഉടന്‍ ഡിസ്ചാര്‍ജ്ജ് ചെയ്യാനാണ് ആശുപത്രിയുടെ നീക്കം.

Tags:    

Similar News