'പാക്കിസ്ഥാനെ തൊട്ടാല്‍ കണ്ടില്ലെന്നു നടിക്കാനാവില്ല; ഞങ്ങളുടെ തന്ത്രപരമായ മിടുക്ക് എന്താണെന്ന് ഇന്ത്യയോട് പറയാന്‍ ശ്രമിച്ചതാണു പുല്‍വാമ; ഞങ്ങളുടെ ആക്രമണങ്ങളുടെ ശക്തിയും അവര്‍ അറിഞ്ഞിട്ടുണ്ടാകണം'; പുല്‍വാമ ഭീകരാക്രമണത്തിലെ പങ്ക് സമ്മതിച്ച് പാക് വ്യോമസേനാ ഓഫീസര്‍

പുല്‍വാമ ഭീകരാക്രമണത്തിലെ പങ്ക് സമ്മതിച്ച് പാക് വ്യോമസേനാ ഓഫീസര്‍

Update: 2025-05-12 06:06 GMT

ന്യൂഡല്‍ഹി: പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത 2019ലെ പുല്‍വാമ ഭീകരാക്രമണത്തിനു പിന്നില്‍ തങ്ങളാണെന്നു തുറന്നു സമ്മതിച്ച് പാക്കിസ്ഥാന്‍ സൈന്യം. വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണു പാക്ക് വ്യോമസേന വൈസ് മാര്‍ഷല്‍ ഔറംഗസേബ് അഹമ്മദ്, പുല്‍വാമ ഭീകരാക്രമണം പാക്ക് സൈന്യത്തിന്റെ 'തന്ത്രപരമായ മിടുക്ക് ' ആണെന്നു പറഞ്ഞത്.

'പാക്കിസ്ഥാനെ തൊട്ടാല്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. ഞങ്ങളുടെ തന്ത്രപരമായ മിടുക്ക് എന്താണെന്ന് അവരോട് (ഇന്ത്യയോട്) പറയാന്‍ ശ്രമിച്ചതാണു പുല്‍വാമ. ഇപ്പോള്‍ ഞങ്ങളുടെ ആക്രമണങ്ങളുടെ ശക്തിയും അവര്‍ അറിഞ്ഞിട്ടുണ്ടാകണം,'എന്നാണു ഇന്നലെ സമൂഹമാധ്യമത്തില്‍ പ്രചരിച്ച വിഡിയോയിലെ പരാമര്‍ശം. പാക്ക് വ്യോമസേനയുടെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറലാണ് ഔറംഗസേബ്. ഡിജി ഐഎസ്പിആര്‍ ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരിയും നാവികസേന വക്താവും ഔറംഗസേബിനൊപ്പം വാര്‍ത്താസമ്മേളനത്തിലുണ്ടായിരുന്നു.

'വ്യോമാതിര്‍ത്തി, കര, ജലാതിര്‍ത്തി എന്നിവയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാക്കിസ്ഥാന്‍ ചെയ്യില്ല. പാക്കിസ്ഥാന്‍ ജനത സായുധ സേനയിലുള്ള അഭിമാനവും ഊന്നലും എക്കാലവും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. പുല്‍വാമയില്‍ ഞങ്ങളുടെ തന്ത്രപരമായ കഴിവ് ഉപയോഗിച്ച് അത് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ഇപ്പോള്‍ ഞങ്ങളുടെ പ്രവര്‍ത്തന വൈദഗ്ധ്യവും തന്ത്രവും കാണിച്ചു' എന്നാണ് ഔറംഗസേബ് അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്.

2019 ലെ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ഇന്ത്യ പറഞ്ഞപ്പോഴെല്ലാം പങ്കില്ലെന്ന് നിഷേധിക്കുകയാണ് ഇക്കാലമത്രയും പാക്കിസ്ഥാന്‍ ചെയ്തിരുന്നത്. മാത്രവുമല്ല കശ്മീരിലെ ഭീകരാക്രമണങ്ങളില്‍ പാക്കിസ്ഥാന്റെ പങ്ക് തെളിയിക്കാന്‍ ഇന്ത്യയുടെ പക്കല്‍ തെളിവില്ലെന്ന് അന്നത്തെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും അവകാശപ്പെട്ടിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ പാക്ക് അധീന കശ്മീരിലെ ബലാക്കോട്ടിലെ ജയ്‌ഷെ മുഹമ്മദ് ക്യാംപില്‍ വ്യോമാക്രമണം നടത്തിയത്. ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ഭീകര പരിശീലന ക്യംപായിരുന്നു ഇത്.

ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന പാകിസ്ഥാന്റെ വര്‍ഷങ്ങളായുള്ള അവകാശവാദമാണ് ഈ വെളിപ്പെടുത്തലോടെ പൊളിഞ്ഞിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയില്‍ നിന്ന് തെളിവുകള്‍ വേണമെന്ന പാകിസ്ഥാന്റെ സമീപകാല ആവശ്യങ്ങളെയും വെളിപ്പെടുത്തല്‍ ദുര്‍ബലപ്പെടുത്തുന്നു.

പുല്‍വാമയില്‍ പാകിസ്ഥാന്‍ സായുധ സേന തങ്ങളുടെ 'തന്ത്രപരമായ കഴിവ്' പ്രകടിപ്പിച്ചതായും ഓപ്പറേഷന്‍ സിന്ദൂരിനെതിരെ പാക് സൈന്യം അവരുടെ പ്രവര്‍ത്തന പുരോഗതിയും തന്ത്രപരമായ ചാതുര്യവും പ്രകടിപ്പിച്ചതായും ഔറംഗസേബ് അഹമ്മദ് പറഞ്ഞു. 'പാകിസ്ഥാന്റെ വ്യോമാതിര്‍ത്തി, കര, ജലാശയങ്ങള്‍,ജനങ്ങള്‍ എന്നിവയ്ക്ക് ഭീഷണിയുണ്ടായാല്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.നമ്മുടെ രാഷ്ട്രത്തോട് നമ്മള്‍ കടപ്പെട്ടിരിക്കുന്നു. പാകിസ്ഥാന്‍ ജനതയ്ക്ക് അവരുടെ സായുധ സേനയിലുള്ള അഭിമാനവും വിശ്വാസവും ഞങ്ങള്‍ എപ്പോഴും എന്തുവിലകൊടുത്തും ഉയര്‍ത്തിപ്പിടിക്കും. പുല്‍വാമയിലെ ഞങ്ങളുടെ തന്ത്രപരമായ മികവിലൂടെ ഞങ്ങള്‍ അത് അറിയിക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍, ഞങ്ങളുടെ പ്രവര്‍ത്തന പുരോഗതിയും തന്ത്രപരമായ ചാതുര്യവും ഞങ്ങള്‍ തെളിയിച്ചിട്ടുണ്ട്' -എന്നായിരുന്നു ഔറംഗസേബ് അഹമ്മദിന്റെ വാക്കുകള്‍.

പാകിസ്ഥാന്‍ നിഷേധിച്ച പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടന ഏറ്റെടുത്തിരുന്നു. ചാവേര്‍ ആക്രമണകാരിയെ ജെയ്ഷെ മുഹമ്മദുമായി ബന്ധിപ്പിക്കുന്ന രേഖകള്‍ ഇന്ത്യ നല്‍കിയിട്ടും, പാകിസ്ഥാന്‍ നിരന്തരം കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെടുകയും ഇന്ത്യയുടെ ആരോപണങ്ങള്‍ നിരസിക്കുകയും ചെയ്തു. ഓപ്പറേഷന്‍ സിന്ദൂരിനിടെ ബവാഹല്‍പൂരിലെ ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം ഇന്ത്യ വ്യോമാക്രമണത്തില്‍ തകര്‍ത്തിരുന്നു.

പുല്‍വാമ ആക്രമണത്തിന് ശേഷം, ബാലകോട്ടിലുള്ള ജെയ്ഷെ മുഹമ്മദ് ഭീകര പരിശീലന ക്യാമ്പില്‍ വ്യോമാക്രമണം നടത്തി ഇന്ത്യ തിരിച്ചടിച്ചു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമാക്രമണത്തിലേക്ക് നയിച്ചു. ഈ ഏറ്റുമുട്ടലിനിടെയാണ്, വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പൈലറ്റ് ചെയ്ത ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 ബൈസണ്‍ പാക് അതിര്‍ത്തിക്കുള്ളില്‍ വെച്ച് വെടിവച്ചു വീഴ്ത്തിയത്. അഭിനന്ദന്‍ വര്‍ദ്ധമാന്‍ സുരക്ഷിതമായി താഴേക്ക് ചാടിയെങ്കിലും പാകിസ്ഥാന്‍ സൈന്യം പിടികൂടി. ഇന്ത്യ കടുത്ത സമ്മര്‍ദ്ദം ഉയര്‍ത്തിയതോടെ പാകിസ്ഥാന്‍ അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു.

Tags:    

Similar News