'ദൈവസ്‌നേഹത്തിന്റെ വഴിയില്‍ നിങ്ങള്‍ക്കൊപ്പം നടക്കാന്‍ ആഗ്രഹിക്കുന്നു; സ്‌നേഹവും ഐക്യവും പ്രധാനം'; പത്രോസിന്റെ പിന്‍ഗാമിയായി സഭയുടെ അമരത്ത് ലെയോ പതിനാലാമന്‍ മാര്‍പാപ്പ; സ്ഥാനാരോഹണ ചടങ്ങുകള്‍ പുരോഗമിക്കുന്നു
പത്രോസിന്റെ പിന്‍ഗാമിയായി സഭയുടെ അമരത്ത് ലെയോ പതിനാലാമന്‍ മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: റോമന്‍ കത്തോലിക്കാ സഭയുടെ 267-ാമത് തലവനും അമേരിക്കയില്‍ നിന്നുള്ള ആദ്യ പോപ്പുമായ ലിയോ പതിനാലാമന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ വത്തിക്കാനില്‍ പുരോഗമിക്കുന്നു. വത്തിക്കാന്‍ സിറ്റിയിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30ന് കുര്‍ബാന തുടങ്ങി. ചടങ്ങുകളുടെ ഭാഗമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ തുറന്ന വാഹനത്തില്‍ വത്തിക്കാന്‍ ചത്വരത്തിലേക്ക് എത്തി വിശ്വാസികളെ ആശീര്‍വദിച്ചു. മാര്‍പാപ്പയായി ലെയോ പതിനാലാമന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങ് വത്തിക്കാനില്‍ പുരോഗമിക്കുകയാണ്.
ദൈവസ്‌നേഹത്തിന്റെ വഴിയില്‍ നിങ്ങള്‍ക്കൊപ്പം നടക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സ്‌നേഹവും ഐക്യവും പ്രധാനമാണെന്നും ലെയോ പതിനാലാമന്‍ മാര്‍പാപ്പ പറഞ്ഞു. തന്റെ മിടുക്ക് കൊണ്ടല്ല മാര്‍പാപ്പ ആയതെന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ പറഞ്ഞു.
ക്രിസ്തു ഒന്നായിരിക്കുന്നതു പോലെ സഭയും ഒന്നാണെന്നു മാര്‍പാപ്പ പറഞ്ഞു. വിവിധ മതസ്ഥരുമായുള്ള ഐക്യം പ്രധാനമാണ്. ഐക്യത്തോടെയും സാഹോദര്യത്തോടെയും മുന്നോട്ടുപോകണം. ഐക്യമുള്ള സഭയാണ് തന്റെ ആദ്യത്തെ ആഗ്രഹമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
'ഇതു സ്‌നേഹത്തിന്റെ സമയമാണ്. ലോക സമാധാനത്തിനായി ഒരുമിക്കണം. സമാധാനമുള്ള ഒരു പുതിയ ലോകത്തിലേക്കു നടക്കണം. സ്‌നേഹിക്കാന്‍ മനുഷ്യനു സാധിക്കണം. ദൈവ സ്‌നേഹം ഉള്ളില്‍ നിറയുമ്പോള്‍ മാത്രമേ അപരസ്‌നേഹം സാധ്യമാവുകയുള്ളൂ. സ്‌നേഹത്തിന്റെ പാലങ്ങള്‍ തീര്‍ക്കണം. അങ്ങനെ പരസ്പരം സ്‌നേഹിക്കുന്ന ഒരു ലോകത്തെ നമുക്ക് സൃഷ്ടിക്കണം', ലിയോ പതിനാലാമന്‍ മാര്‍പാപ്പ പറഞ്ഞു.
വിശുദ്ധ പത്രോസിന്റെ കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ചതിനുശേഷമാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലേക്കുള്ള പ്രദക്ഷിണം ആരംഭിച്ചത്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പ്രധാന വേദിയിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ കുര്‍ബാന ആരംഭിച്ചു. കുര്‍ബാനമധ്യേ വലിയ ഇടയന്റെ വസ്ത്രവും സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായി മാര്‍പാപ്പ സഭയുടെ സാരഥ്യം ഏറ്റെടുക്കും. കത്തോലിക്ക സഭയുടെ 267ാം മാര്‍പാപ്പയായാണ് ലെയോ പതിനാലാമന്‍ ചുമതലയേല്‍ക്കുന്നത്.
സ്ഥാനാരോഹണ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ലോകനേതാക്കള്‍ വത്തിക്കാനിലെത്തിയിട്ടുണ്ട്. രാജ്യസഭാ ഉപാധ്യക്ഷന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘവും വത്തിക്കാനിലെത്തിയിട്ടുണ്ട്. അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പങ്കെടുക്കുന്നുണ്ട്. ആയിരണക്കിനുപേരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെത്തിയിരിക്കുന്നത്.
സ്ഥാനാരോഹണ ചടങ്ങുകളില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ് നയിക്കും. നാഗാലാന്‍ഡ് ഉപമുഖ്യമന്ത്രി യാന്‍തുംഗോ പാട്ടണും സംഘത്തിലുണ്ട്. വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരാണു യുഎസ് പ്രതിനിധികള്‍. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അന്റോണി ആല്‍ബനീസ്, ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്‌റിഷ് മേര്‍ട്‌സ്, കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി തുടങ്ങി ഒട്ടേറെ രാഷ്ട്രങ്ങളുടെ ഭരണാധികാരികളും ചടങ്ങില്‍ പങ്കെടുക്കും. സെന്റ് പീറ്റേഴ്‌സ് ചത്വരത്തോടു ചേര്‍ന്നുള്ള വത്തിക്കാന്‍ കൊട്ടാരത്തിലാകും ലിയോ പതിനാലാമന്‍ മാര്‍പാപ്പ താമസിക്കുക. മുന്‍ഗാമി ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് മാര്‍ത്താസ് ഹോമിലെ സാധാരണ മുറിയിലാണ് താമസിച്ചിരുന്നത്.
അതിനിടെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്കു ശേഷം വത്തിക്കാന്‍ റഷ്യ-യുക്രെയ്ന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിച്ചേക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാന്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അറിയിച്ചതോടെയാണ് വത്തിക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്കു വേദിയാകുമെന്ന് മാര്‍ക്കോ റൂബിയോ അറിയിച്ചത്. ശത്രുക്കളെ പരസ്പരം ഒന്നിപ്പിക്കാനും, മുഖാമുഖം കാണാനും, പരസ്പരം സംസാരിക്കാനും പരിശുദ്ധ സിംഹാസനം എപ്പോഴും തയ്യാറാണെന്നും ആളുകള്‍ക്ക് വീണ്ടും പ്രത്യാശ കണ്ടെത്താനും അവര്‍ അര്‍ഹിക്കുന്ന സമാധാനം വീണ്ടെടുക്കാനും അതിലൂടെ കഴിയുമെന്നും തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ പറഞ്ഞിരുന്നു.