അണയ്ക്കും തോറും ആളിപ്പടര്‍ന്ന് തീ; കോഴിക്കോട് സ്ഥിതി അതീവ ഗുരുതരം; സമീപ ജില്ലകളില്‍ നിന്നുള്ള അഗ്‌നിശമന സേനാ യൂണിറ്റുകളും കരിപ്പുര്‍ വിമാനത്താവളത്തിലെ ക്രാഷ് ടെന്‍ഡറും ശ്രമിച്ചിട്ടും തീ പടരുന്നു; നഗരമാകെ കറുത്ത പുക; കെട്ടിടം പൂര്‍ണമായും കത്തിനശിച്ച നിലയില്‍; സമീപ പ്രദേശങ്ങളില്‍ കനത്ത ജാഗ്രത

തീ നിയന്ത്രണ വിധേയമാക്കാനാണ് ശ്രമമെന്ന് കളക്ടര്‍

Update: 2025-05-18 14:15 GMT

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്സ്റ്റാന്‍ഡിനു സമീപത്തെ വസ്ത്രവ്യാപാര ശാലയില്‍ ഉണ്ടായ വന്‍ തീപിടിത്തം മണിക്കൂറുകള്‍ പിന്നിട്ടിട്ടും നിയന്ത്രിക്കാനാകുന്നില്ല. സമീപത്തെ കടകളിലേക്കും തീ പടര്‍ന്നതോടെ കടുത്ത ആശങ്കയിലാണ് പ്രദേശവാസികള്‍. കോഴിക്കോട് നഗരമാകെ കറുത്ത പുക പടര്‍ന്നിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സാധ്യമായതെല്ലാം ചെയ്യുന്നതായി എസ്പി ടി.നാരായണന്‍ പറഞ്ഞു. രാസവസ്തുക്കള്‍ ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമവും തുടരുകയാണ്. കെട്ടിടം പൂര്‍ണമായും കത്തിനശിക്കുന്ന നിലയിലാണ്. തുണിത്തരങ്ങളാണ് കത്തുന്നതെന്ന് കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സിലെ ജീവനക്കാര്‍ പറഞ്ഞു. തുണിത്തരങ്ങള്‍ ഇട്ടുവച്ചത് പ്ലാസ്റ്റിക് കവറുകളിലാണ്.

കെട്ടിടത്തിന്റെ കൂടുതല്‍ നിലകളിലേക്ക് തീ പടരുന്നത് പരിഭ്രാന്തി പരത്തിയിട്ടുണ്ട്. വസ്ത്ര ഗോഡൌണുകളിലേക്ക് തീ പടര്‍ന്നതോടെ കത്തിപ്പടരുകയായിരുന്നു. കാലിക്കറ്റ് ടെക്‌റ്റൈല്‍സ് പൂര്‍ണമായും കത്തി നശിച്ചു. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഷോപ്പിങ് കോംപ്ലക്‌സും ഏതാണ്ട് പൂര്‍ണമായി കത്തി. കെട്ടിടത്തില്‍ നിന്ന് ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചു. ആദ്യം തീപിടിച്ച മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് കൂടുതല്‍ കടകളിലേക്ക് തീ പടര്‍ന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ വിശദീകരിക്കുന്നത്.

ജില്ലയിലെയും സമീപ ജില്ലകളില്‍ നിന്നുള്ള അഗ്‌നിശമന സേനാ യൂണിറ്റുകളും കരിപ്പുര്‍ വിമാനത്താവളത്തിലെ ക്രാഷ് ടെന്‍ഡറും ശ്രമിച്ചിട്ടും തീ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. തീ സമീപത്തെ കെട്ടിടങ്ങളിലേയ്ക്കും പടരുന്ന സ്ഥിതിയാണ് ഇപ്പോള്‍. വൈകീട്ട് അഞ്ച് മണിയാേടുകൂടിയാണ് കോഴിക്കോട് മാവൂര്‍ റോഡിലുള്ള മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലെ കെട്ടിടത്തില്‍ തീ പിടിച്ചത്. ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് ടെക്സ്‌റ്റൈല്‍സ് എന്ന തുണിക്കടയ്ക്കാണ് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപിടിച്ചത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ക്രാഷ് ടെന്‍ഡര്‍ എത്തിച്ച് തീ അണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരുന്നതിനാല്‍ നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. കെട്ടിടം മുഴുവന്‍ തീ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. മറ്റ് കടകളിലും തീ പടര്‍ന്നതോടെ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. തുടക്കത്തില്‍ നാല് ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീയണയ്ക്കാനായി ശ്രമിച്ചത് തീയണയ്ക്കാനായി ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ കൂടുതല്‍ ഭാഗത്തേക്ക് തീ പടരുന്നത് ഫയര്‍ ഫോഴ്സിന് വെല്ലുവിളിയായി. കെട്ടിടത്തിന്റെ മറ്റ് നിലകളില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു.

അവധിക്കാലമായതിനാല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി ധാരാളം തുണിത്തരങ്ങള്‍ കരുതിയിരുന്നു. ഞായറാഴ്ച ആയതിനാല്‍ പരിസരത്ത് തിരക്ക് കുറവായിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ആളപായമില്ലെന്നാണ് വിവരം. അഗ്‌നിരക്ഷാസേനയുടെ 20 യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വെള്ളം തീര്‍ന്ന അഗ്‌നിരക്ഷാ യൂണിറ്റുകള്‍ തിരികെപോയി വെള്ളവുമായി സംഭവസ്ഥലത്തേക്ക് എത്തുന്നുണ്ട്.

രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കലക്ടര്‍ സ്ഥലത്തെത്തി. സമീപ ജില്ലകളില്‍ നിന്നും അഗ്‌നിരക്ഷാ യൂണിറ്റുകള്‍ എത്തുന്നുണ്ട്. താഴെയുള്ള മെഡിക്കല്‍ സ്റ്റോറില്‍ നിന്നാണ് തീപിടിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. കടയില്‍ തീ പടര്‍ന്നപ്പോള്‍ത്തന്നെ ആളുകള്‍ ഓടിമാറിയെന്ന് നാട്ടുകാര്‍ പറഞ്ഞു.

മൂന്നു നിലക്കെട്ടിടത്തിനാണ് തീ പിടിച്ചത്. ബസ് സ്റ്റാന്‍ഡിലെ ബസുകള്‍ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയിട്ടുണ്ട്. പ്രദേശത്താകെ പുക പടര്‍ന്നിട്ടുണ്ട്. ഈ ഭാഗത്തേക്കുള്ള ഗതാഗതത്തിന് പൊലീസ് നിയന്ത്രണമേര്‍പ്പെടുത്തി. ബസ്സ്റ്റാന്‍ഡ് പരിസരത്തെ റോഡ് അടച്ചതോടെ നഗരത്തിലെ മറ്റു ഭാഗങ്ങളില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. സമീപത്തെ മുഴുവന്‍ കടകളിലുമുള്ളവരെ പൊലീസ് ഒഴിപ്പിച്ചു. പ്രദേശത്തെ എല്ലാ കടകളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന് മേയര്‍ ബീനാ ഫിലിപ്പ് അറിയിച്ചു.

ബസ് സ്റ്റാന്റിന്റെ ഉള്‍വശത്തേക്കും തീ പടരുന്നുണ്ട്. സ്റ്റാന്റിലെ ബസുകള്‍ മുഴുവന്‍ മാറ്റി. ഞായറാഴ്ച വൈകുന്നേരമായതിനാല്‍ നഗരത്തില്‍ വലിയ ജനത്തിരക്കുണ്ട്. സ്ഥലത്ത് നിന്നും ആളുകളെ മാറ്റി. ഗതാഗതം നിയന്ത്രിച്ചു. ആളപായമില്ലെന്നാണ് വിവരം. മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാന്‍ ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും ശ്രമം തുടങ്ങി. കടയിലും ബില്‍ഡിംഗിലും ഉണ്ടായിരുന്ന ആളുകള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. സ്ഥലത്ത് നിന്ന് കൂടുതല്‍ പേരെ ഒഴിപ്പിക്കുകയാണ്.

സ്റ്റാന്‍ഡില്‍ നിന്ന് ബസുകള്‍ എല്ലാം മാറ്റി. ആദ്യ സമയത്ത് തന്നെ ആളുകളെ ഒഴിപ്പിച്ചതിനാല്‍ ആളപായമില്ല. ജില്ലയിലെ മുഴുവന്‍ ഫയര്‍ യൂണിറ്റുകളും സ്ഥലത്തെത്താന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമീപ ജില്ലകളില്‍ നിന്നും ഫയര്‍ ഫോഴ്‌സിനെ എത്തിച്ചു. കരിപ്പൂര് വിമാനത്താവളത്തില്‍ നിന്നുള്ള ഫയര്‍ യൂണിറ്റുകള്‍ കോഴിക്കോട്ടേക്ക് എത്തിച്ചു.

അതിവേഗം തീ പടര്‍ന്നു

കെട്ടിടത്തിലെ കാലിക്കറ്റ് ടെക്സ്‌റ്റൈല്‍സ് എന്ന തുണിക്കടയിലാണ് ആദ്യം അഗ്‌നിബാധയുണ്ടായത്. വലിയ വ്യാപാര സ്ഥാപനമായതിനാല്‍ത്തന്നെ നിറയെ തുണിത്തരങ്ങളുണ്ടായിരുന്നുവെന്നാണ് സൂചന. ഇത് തീ അധികരിക്കുന്നതിനിടയാക്കിയെന്നാണ് വിലയിരുത്തല്‍. തീ കെടുത്താനായി അഗ്‌നിരക്ഷാസേനയുടെ രണ്ട് ഫയര്‍ എന്‍ജിനുകളാണ് ആദ്യമെത്തിയത്. പിന്നീട് ഒരെണ്ണം കൂടി എത്തിച്ചേര്‍ന്നു. എന്നാല്‍ വാഹനങ്ങളില്‍ ശേഖരിച്ചിരുന്ന വെള്ളം കുറവായതിനാല്‍ ഫയര്‍ എന്‍ജിനുകള്‍ വെള്ളം നിറയ്ക്കുന്നതിനായി മടങ്ങിപ്പോയി. ഇതോടെ തീ വന്‍തോതില്‍ പടര്‍ന്നു. നിലവില്‍ എട്ട് ഫയര്‍ എന്‍ജിന്‍ യൂണിറ്റുകള്‍ സ്ഥലത്തുണ്ടെന്നാണ് വിവരം.

തിരിച്ചെത്തിയ വാഹനങ്ങളില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വന്‍തോതില്‍ കറുത്ത പുകയുയരുന്നതിനാല്‍ അകത്ത് കയറി തീ അണയ്ക്കാനുള്ള ശ്രമം പ്രാവര്‍ത്തികമല്ല. കെട്ടിടത്തിന്റെ മധ്യഭാഗത്തുള്ള കെട്ടിടമായതിനാല്‍ കാലിക്കറ്റ് ടെക്സ്‌റ്റൈല്‍സില്‍ നിന്ന് സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിലേക്ക് തീ പടര്‍ന്നു. നിലവില്‍ കെട്ടിടത്തിന്റെ മറുഭാഗത്തേക്ക് തീ എത്തിച്ചേര്‍ന്നിരിക്കുകയാണ്. കെട്ടിടത്തിലെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യാപാരസ്ഥാപനത്തിലേക്കും തീപടര്‍ന്നത് വലിയ വിനയായി. കെട്ടിടത്തിന്റെ മൂന്ന് നിലകളിലേക്കും തീ പടര്‍ന്നിരിക്കുകയാണ്. കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന പരസ്യബോര്‍ഡുകളും തീ ഗുരുതരമാക്കുന്നതിന് മുഖ്യപങ്കുവഹിച്ചു. തീ ഇപ്പോഴും നിയന്ത്രണവിധേയമല്ല.

കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ക്രാഷ് ടെന്‍ഡര്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ദൗത്യത്തില്‍ പങ്കുചേര്‍ന്നു. നഗരത്തിലുള്ള ബീച്ച്, മീഞ്ചന്ത എന്നിവിടങ്ങള്‍ക്ക് പുറമെ മുക്കം, നരിക്കുനി, കൊയിലാണ്ടി, വടകര എന്നീ സ്ഥലങ്ങളില്‍ നിന്നും കൂടുതല്‍ യൂണിറ്റുകള്‍ എത്തിക്കാനുള്ള നടപടി ആരംഭിച്ചു. അടുത്തടുത്തായി ചെറിയ വ്യാപാരസ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഈ കടകളെല്ലാം തന്നെ എയര്‍കണ്ടീഷനുകള്‍ ഘടിപ്പിച്ചിട്ടുള്ളവയായതിനാല്‍ എല്ലാം അടച്ച നിലയിലാണുള്ളത്. ഇത് തീയണക്കാനുള്ള ശ്രമങ്ങള്‍ക്ക് ഭീഷണിയായി.

ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഗതാഗതം നിയന്ത്രിക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. സ്റ്റാന്‍ഡിന് പരിസരത്ത് വാഹനങ്ങള്‍ എത്താതിരിക്കാനാണ് നിയന്ത്രണം. തീ നിയന്ത്രണവിധേയമാക്കാന്‍ ഏകോപനമായ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു. നഗരത്തിലാകെ കറുത്ത പുക നിറഞ്ഞിരിക്കുകയാണ്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കാലിക്കറ്റ് ടെക്സ്‌റ്റൈല്‍സ് പൂര്‍ണമായും കത്തിനശിച്ചു. അവധി ദിവസമായതിനാലും സ്‌കൂള്‍ സീസണായതിനാലും ആളുകള്‍ അധികമായി നഗരത്തിലുണ്ടായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

Tags:    

Similar News