'വിപിനുമായി ആദ്യമായി പ്രശ്നമുണ്ടാവുന്നത് 'മാര്‍ക്കോ'യുടെ ചിത്രീകരണസമയത്ത്; എന്നെക്കുറിച്ച് ക്രൂരമായ കിംവദന്തികള്‍ പ്രചരിപ്പിച്ചു; ഒരു നടിയെ ബന്ധപ്പെടുകയും എന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു; എന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ചിലര്‍ വിപിനെ സഹായിക്കുന്നു'; ശാരീരികമായി ആക്രമിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍

വിപിനെ ശാരീരികമായി ആക്രമിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍

Update: 2025-05-27 12:39 GMT

കൊച്ചി: ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതിന് മര്‍ദ്ദിച്ചെന്ന പിആര്‍ഒ വിപിന്‍ കുമാറിന്റെ ആരോപണത്തില്‍ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. വിപിനുമായി ആദ്യമായി പ്രശ്നമുണ്ടാവുന്നത് 'മാര്‍ക്കോ'യുടെ ചിത്രീകരണ സമയത്താണെന്നും തന്നെക്കുറിച്ച് ക്രൂരമായ കിംവദന്തികള്‍ പ്രചരിപ്പിച്ചുവെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. ഒരു നടിയെ ബന്ധപ്പെടുകയും തന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ചിലര്‍ വിപിനെ സഹായിക്കുന്നുവെന്നും വിപിനെ ശാരീരികമായി ആക്രമിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

തന്റെ ഫ്‌ലാറ്റില്‍ വന്ന് പാര്‍ക്കിംഗ് ഏരിയയിലേക്ക് വിളിച്ച് വരുത്തി മര്‍ദിച്ചു. തന്റെ കണ്ണട ചവിട്ടിപ്പൊട്ടിച്ചു. മാര്‍കോയ്ക്ക് ശേഷം പുതിയ പടങ്ങള്‍ കിട്ടാത്തതിന്റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീര്‍ക്കുകയാണെന്നുമാണ് വിപിന്‍ ആരോപിച്ചത്. പരാതിയില്‍ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. നടന്‍ തന്നെ മര്‍ദിച്ചെന്ന് വിപിന്‍ കുമാര്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി. ഈ ആരോപണങ്ങളിലാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഉണ്ണി മുകുന്ദന്റെ വിശദീകരണം.

ഉണ്ണി മുകുന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പരിഭാഷ:

2018-ല്‍ എന്റെ സ്വന്തം നിര്‍മാണക്കമ്പനിക്കുകീഴില്‍ ഞാന്‍ ആദ്യ ചിത്രം നിര്‍മിക്കാന്‍ ഒരുങ്ങുമ്പോഴാണ് വിപിന്‍ കുമാര്‍ എന്നെ ബന്ധപ്പെട്ടത്. ഇന്‍ഡസ്ട്രിയിലെ പ്രശസ്തരായ നിരവധി സെലിബ്രിറ്റികളുടെ പിആര്‍ഒ ആണെന്ന് അയാള്‍ സ്വയം പരിചയപ്പെടുത്തി. അയാളെ ഒരിക്കലും എന്റെ പേഴ്സണല്‍ മാനേജരായി നിയമിച്ചിരുന്നില്ല.

വിപിനുമായി എനിക്ക് ആദ്യമായി പ്രശ്നമുണ്ടാവുന്നത് അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ 'മാര്‍ക്കോ'യുടെ ചിത്രീകരണസമയത്താണ്. സെബാന്റെ നേതൃത്വത്തിലുള്ള ഒബ്സ്‌ക്യൂറ എന്റര്‍ടെയ്മെന്റിലെ ജീവനക്കാരനുമായി അയാള്‍ക്ക് വലിയ പ്രശ്നമുണ്ടായപ്പോഴാണത്. പ്രശ്നം പരസ്യമായപ്പോള്‍ അത് ചിത്രത്തെ അങ്ങേയറ്റം ബാധിച്ചു. ചിത്രത്തിന്റെ മുഴുവന്‍ ക്രെഡിറ്റും എനിക്ക് നല്‍കാത്തതിന് വിപിന്‍ എന്നോട് ആക്രോശിച്ചു. അത് എന്റെ ധാര്‍മികതയ്ക്ക് എതിരായിരുന്നു.

കൂടാതെ, എന്റെ ജോലിയെ മോശമായി ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ഈ വ്യക്തി കാരണം സംഭവിക്കുന്നുണ്ടെന്ന് എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഗോസിപ്പും വിടുവായത്തവും പറയുന്നതിന്റെ പേരില്‍ വിപിനെതിരെ എനിക്ക് പുതിയതും പ്രശസ്തരുമായ സിനിമാസംവിധായകരില്‍നിന്ന് ഒരുപോലെ പരാതി ലഭിക്കാന്‍ തുടങ്ങി. സുഹൃത്ത് എന്ന നിലയിലും വ്യക്തി എന്ന നിലയിലും ക്ഷമിക്കാന്‍ കഴിയാത്ത ഒരു പ്രവൃത്തി ഈ വ്യക്തി ചെയ്തു.

നേരില്‍ കണ്ടപ്പോള്‍ എന്റെ ആശങ്കകളെല്ലാം അയാള്‍ അവഗണിച്ചു. ഇന്‍ഡസ്ട്രിയിലെ എന്റെ ചില സുഹൃത്തുക്കളുടെ പിന്തുണ തനിക്കുണ്ടെന്ന് അയാള്‍ അവകാശപ്പെടുന്നു. പിന്നീട് എന്റേയും സുഹൃത്ത് വിഷ്ണു ഉണ്ണിത്താന്റേയും മുമ്പില്‍ തന്റെ തെറ്റുകള്‍ക്കെല്ലാം ഇയാള്‍ ക്ഷാമപണം നടത്തി.

എന്റെ എല്ലാ ഡിജിറ്റല്‍ ഡാറ്റയിലേക്കും അയാള്‍ക്ക് ആക്സസ് ഉണ്ടായിരുന്നതിനാല്‍ അയാളോട് രേഖാമൂലമുള്ള ക്ഷമാപണം ഞാന്‍ ആവശ്യപ്പെട്ടു. അയാള്‍ അതുചെയ്തില്ല. പകരം ന്യൂസ് പോര്‍ട്ടലുകളിലും സോഷ്യല്‍ മീഡിയയിലും എനിക്കെതിരെ പ്രചരിക്കുന്ന തികച്ചും തെറ്റായ, വ്യാജവും ഭയാനകവുമായ ആരോപണങ്ങള്‍ ഞാന്‍ കണ്ടു.

അദ്ദേഹം അവകാശപ്പെടുന്നതുപോലെ ഒരു സമയത്തും ശാരീരിക ആക്രമണവും ഉണ്ടായിട്ടില്ല, ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും വ്യാജവും അസത്യവുമാണ്. സംഭവം നടന്ന സ്ഥലം സിസിടിവി നിരീക്ഷണത്തിന് കീഴിലാണ്. ഏതെങ്കിലും നിഗമനത്തിലെത്തുന്നതിനുമുമ്പ് ദയവായി അത് പരിശോധിക്കുക.

ഞാന്‍ അഞ്ചുവര്‍ഷമായി വര്‍ഷമായി വളരെ തിരക്കിലാണെന്ന് ഈ വ്യക്തി ആളുകളോട് പറയുന്നുണ്ടെന്നും എനിക്ക് മനസ്സിലായി, ഇത് എനിക്ക് ലഭിക്കുന്ന വര്‍ക്കുകള്‍ കുറച്ചു. എന്നെക്കുറിച്ച് ക്രൂരമായ കിംവദന്തികള്‍ അദ്ദേഹം പ്രചരിപ്പിച്ചു. ഒരു നടിയെ ബന്ധപ്പെടുകയും എന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു, ഇത് ഞാനും അദ്ദേഹവും തമ്മില്‍ വലിയ വഴക്കിന് കാരണമായി. സമൂഹത്തില്‍ എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ തന്റെ ബന്ധങ്ങള്‍ ഉപയോഗിക്കുമെന്ന് അയാള്‍ എന്നെ വാക്കാല്‍ ഭീഷണിപ്പെടുത്തി. എന്റെ സഹപ്രവര്‍ത്തകരുമായി എനിക്ക് എപ്പോഴും ഒരു പ്രൊഫഷണല്‍ ബന്ധം ഉണ്ടായിരുന്നു, പക്ഷേ ഈ വ്യക്തി അങ്ങേയറ്റം വിഷലിപ്തമാണ്.

ഈ വ്യക്തി പറയുന്ന ഓരോ വാക്കും തികഞ്ഞ നുണയാണ്. എല്ലാ ആരോപണങ്ങളും ഞാന്‍ നിഷേധിക്കുന്നു. അനാവശ്യ നേട്ടങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും വേണ്ടി അയാള്‍ എന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുകയാണ്.

എന്റെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ സന്തുഷ്ടരല്ലാത്ത ചിലര്‍ എന്റെ കരിയര്‍ നശിപ്പിക്കാന്‍ ഇയാളെ സഹായിക്കുന്നുണ്ടെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയുമാണ് ഞാന്‍ ഈ കരിയര്‍ കെട്ടിപ്പടുത്തത്. എല്ലാത്തരം ഇരകളാക്കലിനും പീഡനത്തിനും വിധേയമായാലും ഞാന്‍ സത്യത്തില്‍ വിശ്വസിക്കുന്നു.

Similar News