ഒളിവിലായിരുന്നപ്പോള്‍ കഴിഞ്ഞത് ദക്ഷിണേന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍; ടിക്കറ്റെടുക്കാതെ ട്രെയിനില്‍ സഞ്ചരിച്ചു; ചിലരുടെ ഫോണ്‍ വാങ്ങി ബന്ധുക്കളെ വിളിച്ചു; ഐഎഎസ് കോച്ചിങിനിടെ മറ്റൊരു യുവതിയെ വിവാഹ വാഗ്ദാനം നല്‍കി സുകാന്ത് ലൈംഗികമായി ചൂഷണം ചെയ്‌തെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍

സുകാന്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ച അമ്മാവന്‍ മോഹനന്‍ രണ്ടാം പ്രതി

Update: 2025-05-27 14:36 GMT

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ സുകാന്ത് സുരേഷിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥയായ യുവതിയെ സുകാന്ത് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്തതായും, നിരവധി തവണ പണം കൈപ്പറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആത്മഹത്യയ്ക്ക് കാരണം, സുകാന്ത് വിവാഹത്തില്‍ നിന്ന് പിന്മാറിയതാണെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ചത് അമ്മാവന്‍ മോഹനനാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ദക്ഷിണേന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിലാണ് ഒളിവിലായിരുന്നപ്പോള്‍ കഴിഞ്ഞിരുന്നതെന്ന് പ്രതി സുകാന്ത് പൊലീസിന് മൊഴി നല്‍കി. ധര്‍മ്മസ്ഥല്‍, മാംഗ്ലൂര്‍, കൊല്ലൂര്‍, ഉഡുപ്പി, പോണ്ടിച്ചേരി എന്നിവടങ്ങളില്‍ കറങ്ങിനടന്നുവെന്നും ക്ഷേത്രങ്ങളില്‍ നിന്നും ഭക്ഷണം കഴിച്ചുവെന്നും സുകാന്തിന്റെ മൊഴിയിലുണ്ട്. ടിക്കറ്റെടുക്കാതെ ട്രെയിനില്‍ സഞ്ചരിച്ചു. ചിലരുടെ ഫോണ്‍ വാങ്ങി ബന്ധുക്കളെ വിളിച്ചുവെന്നും സുകാന്ത് മൊഴി നല്‍കി.

കേസിലെ പ്രതിയായ സുകാന്തിനെ റിമാന്‍ഡ് ചെയ്തു. സമൂഹമനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സുകാന്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കും.

വിവാഹവാഗ്ദാനം ചെയ്ത് ലൈഗിംകമായും സാമ്പത്തികമായും ചൂഷണം ചെയ്ത ശേഷം സുഹൃത്തും സഹപ്രവര്‍ത്തകയുമായ യുവതിയെ വഞ്ചിച്ച സുകാന്ത് ആത്മഹത്യക്ക് പ്രേരിപ്പിക്കുകയായിരുന്നു. യുവതിയുമായുള്ള ചാറ്റുകള്‍ ഇതിന് തെളിവാണെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റൊരു വിവാഹം കഴിക്കണമെന്നും ചാവില്ലേന്നുമായിരുന്നു ചാറ്റിലെ സുകാന്തിന്റെ ചോദ്യം. ചതിക്കപ്പെട്ടതില്‍ മനംനൊന്ത് യുവതി മരിക്കാമെന്ന് മറുപടി നല്‍കി.

വിമാനത്താവളത്തില്‍ നിന്ന് ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ യുവതി ട്രെയിനു മുന്നില്‍ ചാടി ജീവനൊടുക്കി. യുവതിയെ ഗര്‍ഭചിദ്രത്തിന് വിധേയയാക്കിയതിന്റെ തെളിവും പൊലീസിന് ലഭിച്ചു. ശമ്പളം ഉള്‍പ്പെടെ അക്കൗണ്ടിലുണ്ടായിരുന്ന പണം യുവതിയില്‍ നിന്ന് സുകാന്ത് കൈക്കലാക്കി. ഇതിന്റെ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മറ്റ് സ്ത്രീകളുമായും സുകാന്തിന് ബന്ധമുണ്ടായിരുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് ആഴ്ചകളോളം ഒളിവിലായിരുന്ന സുകാന്ത് പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. യുവതിയെ പീഡിപ്പിച്ച സ്ഥലത്തുള്‍പ്പെടെ തെളിവെടുക്കാന്‍ കസ്റ്റഡയില്‍ വേണണെന്നാണ് പൊലീസ് ആവശ്യം. സുകാന്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന് അമ്മാവന്‍ മോഹനനെ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്. പ്രതിയായതോടെ ഇയാളെ ഐബിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

ഡിജിറ്റല്‍ തെളിവുകളും

ടെലിഗ്രാം ചാറ്റുകള്‍ ഉള്‍പ്പെടെ നിരവധി ഡിജിറ്റല്‍ തെളിവുകള്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.''നീ പോയി ചാവടി, എപ്പോള്‍ ചാവും?'' എന്നീ സന്ദേശങ്ങളും ചാറ്റിലുണ്ട്. ഐബി ഉദ്യോഗസ്ഥയുടെ ആറുമാസത്തെ ശമ്പളം സുകാന്തിന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതിനുള്ള ബാങ്ക് രേഖകളും ലഭ്യമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.സുകാന്ത്, ഐഎഎസ് കോച്ചിങ് നടക്കുന്നതിനിടെയിലും മറ്റൊരു യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്തതായും, ജയ്പൂരില്‍ വെച്ചാണ് ഇവ സംഭവിച്ചതെന്നും രേഖകളിലുണ്ട്.

പ്രതി മറ്റു യുവതികളെയും തിരുവനന്തപുരത്തും, ചെന്നൈയിലും അപ്പാര്‍ട്ട്‌മെന്റുകളില്‍ എത്തിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്.ഐബി ഉദ്യോഗസ്ഥ ഗര്‍ഭിണിയായത് സുകാന്ത് മൂലമാണെന്ന് ഡോക്ടറുടെ മൊഴിയും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ ഇന്നലെയാണ് മുന്‍ ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷ് കൊച്ചിയില്‍ കീഴടങ്ങിയത്. ജാമ്യം അനുവദിച്ചാല്‍ കേസിനെ ഗുരുതമായി ബാധിക്കുമെന്ന വിലയിരുത്തലിലായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. ഇന്ന് രാവിലെയാണ് തിരുവനന്തപുരം പേട്ട പൊലീസിന് പ്രതിയെ കൈമാറിയത്.

തുടര്‍ന്ന് വഞ്ചിയൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കേസില്‍ വിശദമായി ചോദ്യം ചെയ്യിലിനൊരുങ്ങുകയാണ് പൊലീസ്. നാളെ കസ്റ്റഡി അപേക്ഷ നല്‍കും. പ്രതിയെ പിടികൂടുന്നതില്‍ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം.

രണ്ട് മാസത്തോളം ഒളിവിലായിരുന്ന സുകാന്തിനെ പിടികൂടാത്തതിനെതിരെ ഇന്നലെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.കഴിഞ്ഞ മാര്‍ച്ചിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഓഫീസറായ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ മരണത്തില്‍ സുകാന്തിന് പങ്കുണ്ടെന്ന വിവരവും പുറത്തുവന്നു.

Similar News