'മന്ത്രിയായിരുന്ന കാലത്ത് ലൈംഗിക അതിക്രമത്തിനുള്ള ശ്രമമുണ്ടായി; മോശപ്പെട്ട രീതിയിലുള്ള സന്ദേശങ്ങള്‍ അയച്ചിരുന്നു'; സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണം; ഡിജിപിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്

കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണം; ഡിജിപിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്

Update: 2025-08-31 07:42 GMT

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുന്‍ മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ പരാതി. കോണ്‍ഗ്രസ് നേതാവ് എം മുനീറാണ് ഡിജിപിക്ക് പരാതി നല്‍കിയത്. മുന്‍ മന്ത്രി മോശമായി സംസാരിക്കുകയും സമീപ്പിക്കുകയും ചെയ്തുവെന്നായിരുന്നു സ്വപ്നസുരേഷിന്റെ വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.

മന്ത്രിയായിരുന്ന കാലത്ത് കടകംപള്ളി സുരേന്ദ്രന്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്നാണ് പരാതി. പോത്തന്‍കോട് സ്വദേശിയായ പൊതുപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായ മുനീറാണ് ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയത്. കടകംപള്ളി സുരേന്ദ്രന്‍ മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്തുവെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കടകംപള്ളിക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതികള്‍ വെളിപ്പെടുത്തല്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തിരുന്നു. പ്രത്യേക അന്വേഷണ സംഘം ഇതില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് കടകംപള്ളിക്കെതിരെ സമാന പരാതിയെത്തുന്നത്. കടകംപള്ളിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകളെ കണ്ടെത്തി അവരുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കണമെന്ന് പരാതിയില്‍ പറയുന്നു. നിലവില്‍ രാഹുലിനെതിരെ ആരോപണം നടത്തിയ യുവതികളാരും പരാതി നല്‍കിയിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോലീസ് സ്വമേധയാ കേസെടുത്തതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തേ, ഇടത് നേതാക്കള്‍ക്കെതിരെ ഉണ്ടായിട്ടുള്ള ആരോപണങ്ങളെ ഇപ്പോള്‍ കുത്തിപ്പൊക്കുന്നത്.

ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ശബ്ദസന്ദേശങ്ങളും മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. പരാതിയുമായി ആരും മുന്നോട്ടുവന്നിട്ടില്ലെങ്കിലും പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ്, സമാനമായ ആരോപണങ്ങള്‍ നേരത്തെ ഇടത് നേതാക്കള്‍ക്കെതിരെ ഉണ്ടായിട്ടുണ്ടെന്നും അപ്പോള്‍ പോലീസ് കേസെടുത്തില്ല എന്നും ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ടുവന്നിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട സ്വപ്ന സുരേഷ്, 2022-ല്‍ ചാനലുകളിലൂടെ കടകംപള്ളി സുരേന്ദ്രനെതിരെ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. അദ്ദേഹത്തില്‍നിന്ന് ലൈംഗിക അതിക്രമത്തിനുള്ള ശ്രമമുണ്ടായെന്നും മോശപ്പെട്ട രീതിയിലുള്ള സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നുമാണ് അന്ന് സ്വപ്ന വെളിപ്പെടുത്തിയത്. അതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ മുന്‍ മന്ത്രിക്കെതിരെ കേസെടുക്കണം എന്നാണ് മുനീര്‍ ഡിജിപിക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ സമയത്തും കടകംപള്ളിയുടേത് എന്ന തരത്തില്‍ അശ്ലീലച്ചുവയോടെ സ്ത്രീകളോട് സംസാരിക്കുന്ന ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. മന്ത്രിയായിരുന്ന സമയത്ത് ഓഫീസിലെത്തുന്ന സ്ത്രീകളുടെ ഫോണ്‍നമ്പറുകള്‍ കൈക്കലാക്കി, പിന്നീട് മോശംരീതിയില്‍ അവരെ സമീപിച്ചിരുന്നു എന്നതടക്കമുള്ള ആരോപണങ്ങളാണ് മുനീര്‍ കത്തില്‍ ഉന്നയിക്കുന്നത്.

രണ്ട് ആരോപണങ്ങളും കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് നടന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ കന്റോണ്‍മെന്റ് പോലീസ് ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കണം എന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരമൊരു നീക്കം നടത്തുന്നത് എന്നാണ് ഇടത് വൃത്തങ്ങള്‍ ആരോപിക്കുന്നത്.

Similar News