'ആണും പെണ്ണും അതിര്‍ത്തികളില്ലാതെ കൂടിക്കലരുക എന്നത് ഇസ്ലാമിക സംസ്‌കാരമല്ല; വെവ്വേറെ ഇടം പതിവ്; മൂല്യബോധമുള്ള ആര്‍ക്കും തന്നെ അതിനോട് യോജിക്കാനും കഴിയില്ല; വിവാദം ഉണ്ടാക്കുന്നവര്‍ക്ക് വര്‍ഗീയ താല്‍പര്യം'; പ്രൊഫ്കോണ്‍ വിവാദത്തില്‍ വിശദീകരണവുമായി വിസ്ഡം
പ്രൊഫ്കോണ്‍ വിവാദത്തില്‍ വിശദീകരണവുമായി വിസ്ഡം
കൊച്ചി: പ്രൊഫ്കോണ്‍ വിവാദത്തില്‍ വിശദീകരണവുമായി വിസ്ഡം സ്റ്റുഡന്റ്‌സ്. പരിപാടയില്‍ ആണും പെണ്ണും മറകെട്ടി ഇരിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതില്‍ കടുത്ത വിമര്‍ശനം ഉയരുകയും ചെയത്ു. കുസാറ്റിലാണ് പരിപാടി നടന്നതെന്ന വിധത്തിലും പ്രചരണങ്ങള്‍ ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി വിസ്ഡം സ്റ്റുഡന്‍സ് രംഗത്തുവന്നത്.
ആണും പെണ്ണും കൂടിക്കലരല്‍ ഇസ്ലാമിക സംസ്‌കാരമല്ല. മുസ്ലിം വിദ്യാര്‍ത്ഥി സംഘടന എന്ന നിലയ്ക്ക് ഇസ്ലാമിക ആദര്‍ശം മുറുകെപ്പിടിക്കുന്നു. ഇസ്ലാമിക പരിപാടികളില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ ഇടം പതിവ്. ആവശ്യാനുസരണം മറ സ്വീകരിക്കാറുണ്ട്. വിവാദം ഉണ്ടാക്കുന്നവര്‍ക്ക് വര്‍ഗീയ താല്‍പര്യമെന്നുമാണ് വിശദീകരണം.
പരിപാടി നടത്തിയത് കുസാറ്റ് കാമ്പസിന് പുറത്തുള്ള ഹാളിലാണെന്നും സംഘാടകര്‍ വിശദീകരിച്ചു. നാനാ ജാതി മതസ്ഥര്‍ സൗഹാര്‍ദ്ദത്തോടെ ഇടകലര്‍ന്ന് ജീവിക്കുന്ന കേരളത്തില്‍ മുസ്ലിം മതസ്ഥരുടെ പതിവു ശൈലികള്‍ പോലും തിരിച്ചറിയാന്‍ കഴിയാത്തവര്‍ ആണെങ്കില്‍ അവരോട് സഹതാപം മാത്രമാണെന്നും വര്‍ഗീയ താല്പര്യങ്ങള്‍ വെച്ചു വിവാദങ്ങള്‍ സൃഷ്ടിക്കുന്നവരോട് അവജ്ഞയാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ സംഘടന വിശദീകരിച്ചു.
ഇതൊന്നും യാദൃച്ഛകമല്ലെന്ന് ഉറപ്പാണ്. ഇസ്ലാമോഫോബിയയുടെ മറവില്‍ മുസ്ലിംകളെ അരികുവല്‍ക്കരിക്കാന്‍, നിരന്തരം അവരെ പ്രശ്‌നക്കാരാക്കി ചിത്രീകരിക്കുക എന്ന അജണ്ട ഇതിനു പിന്നിലുണ്ട്. ഇത് തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ കേരളീയ പൊതുമണ്ഡലവും വിശിഷ്യാ സമുദായിക - രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി ഒക്ടോബര്‍ 10,11,12 തീയതികളില്‍ മംഗലാപുരത്ത് വച്ച് നടത്തുന്ന 29-ാമത് 'പ്രോഫ്‌കോണ്‍' പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി വിവിധ ക്യാമ്പസുകള്‍ക്ക് സമീപം വ്യത്യസ്ത പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണ്. വര്‍ഷംതോറും പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് മത- ധാര്‍മിക- അക്കാദമിക- സാമൂഹിക രംഗങ്ങളില്‍ ദിശാ ബോധം നല്‍കി മൂന്ന് പതിറ്റാണ്ടായി കേരളക്കരക്ക് സുപരിചിതമാണ് പ്രോഫ്‌കോണ്‍.
ഇതിനകം നിരവധി ക്യാമ്പസുകള്‍ക്ക് സമീപം 29-ാമത് പ്രോഫ്‌കോണിന്റെ ഭാഗമായി പ്രചാരണ പരിപാടികള്‍ സമാപിച്ചു കഴിഞ്ഞു. അതില്‍ CUSAT ക്യാമ്പസിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച്, സമീപത്തുള്ള നഗരസഭാ കമ്മ്യൂണിറ്റി ഹാളില്‍ സെപ്തംബര്‍ 15 ന് നടന്ന പ്രീ-പ്രോഫ്‌കോണ്‍ ക്യാമ്പസ് ഡിബേറ്റിനെ വിവാദമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് കണ്ടു.
CUSAT ക്യാമ്പസിനകത്ത് പ്രോഗ്രാം നടത്തി എന്ന ശുദ്ധ നുണയാണ് ഒന്ന്. അത് വാസ്തവ വിരുദ്ധമാണെന്ന് പറയേണ്ടതില്ലല്ലോ. ഇഡടഅഠ അധികൃതര്‍ തന്നെ ഔദ്യോഗികമായി അത് വ്യക്തമാക്കുകയും ചെയ്തു. ക്യാമ്പസിന്റെ പേര് ദുരുപയോഗം ചെയ്തു എന്ന നിലക്കും ചിലര്‍ പ്രചരിപ്പിക്കുന്നത് കണ്ടു. ഓരോ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കും ക്യാമ്പസുകളില്‍ യൂണിറ്റ് ഉണ്ടാവുകയും, ആ ക്യാമ്പസിനോട് ചേര്‍ത്തു പറയുകയും ചെയ്യുക എന്നത് പതിവല്ലേ. മുസ്ലിം വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് മാത്രം അത് പാടില്ലെന്നോ...?!
മുസ്ലിം വിദ്യാര്‍ത്ഥി സംഘടന എന്ന നിലക്ക് ഇസ്ലാമിക ആദര്‍ശം മുറുകെ പിടിച്ചല്ലേ വിസ്ഡം സ്റ്റുഡന്റ്‌സ് ഓരോ പ്രോഗ്രാമും സംഘടിപ്പിക്കുക. ആണും പെണ്ണും അതിര്‍ത്തികളില്ലാതെ കൂടിക്കലരുക എന്നത് ഇസ്ലാമിക സംസ്‌കാരമല്ല. മൂല്യബോധമുള്ള ആര്‍ക്കും തന്നെ അതിനോട് യോജിക്കാനും കഴിയില്ല. ഇസ്ലാമിക സംഘടനകള്‍ നടത്തുന്ന ഏതൊരു പ്രോഗ്രാമിലും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ ഇടമൊരുക്കുക പതിവാണ്. ആവശ്യാനുസരണം മറയും സ്വീകരിക്കാറുണ്ട്. ഇതൊക്കെ ആദ്യമായി കാണുന്ന മട്ടില്‍ വിവാദങ്ങള്‍ തീര്‍ക്കുന്നവരോട് എന്ത് പറയാന്‍.
നാനാ ജാതി മതസ്ഥര്‍ സൗഹാര്‍ദ്ദത്തോടെ ഇടകലര്‍ന്ന് ജീവിക്കുന്ന ഈ കേരളത്തില്‍ മുസ്ലിം മതസ്ഥരുടെ പതിവു ശൈലികള്‍ പോലും തിരിച്ചറിയാന്‍ കഴിയാത്തവര്‍ ആണെങ്കില്‍ അവരോട് സഹതാപം മാത്രം. വര്‍ഗീയ താല്പര്യങ്ങള്‍ വെച്ചു വിവാദങ്ങള്‍ സൃഷ്ടിക്കുന്നവരോട് അവജ്ഞയും.
ഇതൊന്നും യാദൃശ്ചികമല്ലെന്ന് ഉറപ്പാണ്. ഇസ്ലാമോഫോബിയയുടെ മറവില്‍ മുസ്ലിംകളെ അരികുവല്‍ക്കരിക്കാന്‍, നിരന്തരം അവരെ പ്രശ്‌നക്കാരാക്കി ചിത്രീകരിക്കുക എന്ന അജണ്ട ഇതിനു പിന്നിലുണ്ട്. ഇത് തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ കേരളീയ പൊതുമണ്ഡലവും വിശിഷ്യാ സമുദായിക - രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.