പൊതുവിദ്യാലയങ്ങളില്‍ ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ കുറഞ്ഞു; ആധാര്‍ പരിഗണിക്കുന്നതില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വീഴ്ച്ചയും; ആറാം പ്രവൃത്തിദിനത്തിലെ കണക്കനുസരിച്ചു മാത്രം തസ്തിക നിര്‍ണയിച്ചതിനാല്‍ 4090 അധ്യാപിക തസ്തികകള്‍ ഇല്ലാതായി

പൊതുവിദ്യാലയങ്ങളില്‍ ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ കുറഞ്ഞു

Update: 2025-09-22 02:08 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 1,23, 686 വിദ്യാര്‍ഥികളുടെ കുറവാണ് ഉണ്ടായത്. ഇത് മൂലം 4090 അധ്യാപക തസ്തികകള്‍ നഷ്ടമായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുള്‍കല്‍. പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞതിനുപുറമേ ആധാര്‍ പരിഗണിക്കുന്നതില്‍ പൊതുവിദ്യാഭ്യാസവകുപ്പ് വീഴ്ചയും വരുത്തിയാണ് ഇവിടെ തസ്തിക നഷ്ടത്തിന് വഴിവെച്ചത്.

ആറാം പ്രവൃത്തിദിനത്തിലെ കണക്കനുസരിച്ചുമാത്രം തസ്തിക നിര്‍ണയിച്ചതിനാല്‍, 4090 തസ്തികകളാണ് ഇല്ലാതായത്. ജൂണ്‍ 30 വരെയുള്ള ആധാര്‍ പരിഗണിക്കുമെന്ന് അധ്യാപകസംഘടനകള്‍ക്ക് മന്ത്രി വാക്കുനല്‍കിയെങ്കിലും വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കാത്തതാണ് പ്രശ്‌നം. ഈ അധ്യയനവര്‍ഷം പൊതുവിദ്യാലയങ്ങളില്‍ 1.25 ലക്ഷം കുട്ടികളുടെ കുറവുണ്ടെന്നാണ് വെളിപ്പെടുത്തല്‍.

സര്‍ക്കാര്‍സ്‌കൂളില്‍ 66,315 കുട്ടികളും എയ്ഡഡില്‍ 59,371 കുട്ടികളും കുറഞ്ഞു. ജനനനിരക്കിലെ കുറവ് ബാധിച്ചെന്നാണ് ഔദ്യോഗിക വിശദീകരണം. ഈ അധ്യയനവര്‍ഷം 2.34 ലക്ഷം പേരാണ് പൊതുവിദ്യാലയങ്ങളില്‍ ഒന്നാംക്ലാസില്‍ ചേര്‍ന്നത്. ആറാം പ്രവൃത്തിദിനത്തില്‍ ആധാറില്ലാത്ത 20,000 കുട്ടികള്‍ ഒന്നാംക്ലാസിലുണ്ടായിരുന്നു. പൊതുവിദ്യാലയങ്ങളില്‍ 57,130 കുട്ടികള്‍ക്ക് ആധാറില്ലെന്നാണ് നിയമസഭയിലെ ചോദ്യത്തിന് മന്ത്രി വി. ശിവന്‍കുട്ടിയുടെ മറുപടി.

ആറാം പ്രവൃത്തിദിനത്തിനുപകരം, മറ്റൊരുദിവസം കണക്കാക്കി അധ്യാപകതസ്തിക നിര്‍ണയിക്കണമെങ്കില്‍ ഇളവനുവദിച്ച് പ്രത്യേകം ഉത്തരവിറക്കണം. ഇതിനായി ഉദ്യോഗസ്ഥതലത്തില്‍ ശുപാര്‍ശ വന്നെങ്കിലും ഡയറക്ടറേറ്റ് ഗൗനിച്ചില്ല.

ഈ അധ്യായന വര്‍ഷം ആധാര്‍ ഇല്ലാതെ പഠിക്കുന്നത് 57,130 കുട്ടികളാണ്. ആധാറില്ലാത്ത വിദ്യാര്‍ഥികളുടെ എണ്ണം അധ്യാപക തസ്തിക നിര്‍ണയത്തിനു പരിഗണിക്കാത്തതിനാല്‍ 2015 മാര്‍ച്ചിനു ശേഷം ജോലിയില്‍ കയറിയ നാനൂറോളം അധ്യാപകര്‍ പെരുവഴിയിലാണ്. കെ.ഇ.ആര്‍ ഭേദഗതി പ്രകാരം ഓരോ അധ്യായന വര്‍ഷവും ആറാം പ്രവൃത്തി ദിനത്തില്‍ പ്രവേശനം നേടുന്ന ആധാര്‍ ഉള്ള കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചാണ് തസ്തിക നിര്‍ണയം നടത്തുന്നത്.

സൗജന്യ പാഠപുസ്തകങ്ങള്‍, യൂനിഫോം എന്നിവ നല്‍കാനും സ്‌കൂള്‍ ഉച്ചഭക്ഷണ പട്ടികയില്‍ ഉള്‍പ്പെടാനും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ സ്‌കൂള്‍ ഉച്ച ഭക്ഷണം നല്‍കുന്നതില്‍ ആധാര്‍ ബാധകമാക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ ആധാറില്ലാത്ത കുട്ടികളുള്ളത് മലപ്പുറം ജില്ലയിലാണ്- 15, 472. തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 5,509, മലപ്പുറം 4323, തിരൂരങ്ങാടി 4053 വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ ഇല്ല. സര്‍ക്കാര്‍ സ്‌കൂളുകളിലെ തസ്തിക നഷ്ടമാകുന്ന അധ്യാപകരെ സംരക്ഷണം നല്‍കി മറ്റു സ്‌കൂളുകളിലേക്ക് സ്ഥലംമാറ്റും. ഒന്നിലധികം എയ്ഡഡ് സ്‌കൂളുകളുള്ള മാനേജ്മെന്റുകള്‍ക്ക് അധ്യാപകരെ ഒഴിവുള്ള മറ്റു സ്‌കൂളുകളിലേക്ക് പുനര്‍ വിന്യസിക്കാനാകും. എന്നാല്‍ ഇതു രണ്ടുമല്ലാത്ത സ്‌കൂളുകളിലെ അധ്യാപകര്‍ക്കാണ് ജോലി നഷ്ടപ്പെടുന്നത്.

ഒന്നു മുതല്‍ നാലുവരെ ക്ലാസുള്ള സ്‌കൂളുകളില്‍ 31 കുട്ടികളുണ്ടെങ്കില്‍ ഡിവിഷന്‍ അനുവദിക്കും. ആധാറില്ലാത്ത ഒരു കുട്ടിയുടെ കുറവുണ്ടെങ്കിലും തസ്തിക നഷ്ടപ്പെടും.

ആധാറില്ലാത്ത കുട്ടികള്‍ ജില്ല തിരിച്ച് ഇങ്ങനെയാണ്:

തിരുവനന്തപുരം-5724, കൊല്ലം-3242, പത്തനംതിട്ട-1027, ആലപ്പുഴ-2534, കോട്ടയം-1690, ഇടുക്കി-1637, എറണാകുളം- 3633, തൃശൂര്‍-3278, പാലക്കാട്-4857, മലപ്പുറം-1542, കോഴിക്കോട്-4499, വയനാട്-1432, കണ്ണൂര്‍-4262, കാസര്‍കോട്-3843.

Tags:    

Similar News