ജി.എസ്.ടി നികുതി ഇളവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍; പരിഷ്‌കാരം നിലവില്‍വരുന്നതോടെ 175 ഉത്പന്നങ്ങളുടെ വിലകുറയും; 48,000 കോടിയുടെ നികുതി നഷ്ടം വില്‍പ്പന വര്‍ധനയിലൂടെ മറികടക്കാമെന്ന് കണക്കുകൂട്ടലില്‍ കേന്ദ്രസര്‍ക്കാര്‍; വിലക്കുറവ് സാധാരണക്കാരിലേക്ക് എത്തിക്കാന്‍ സര്‍ക്കാറിന്റെ നിരീക്ഷണവും; പ്രചരണത്തിന് ബിജെപിയും
ജി.എസ്.ടി നികുതി ഇളവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: ചരക്ക്-സേവന നികുതിയിലെ (ജിഎസ്ടി) ഏറ്റവുംവലിയ പരിഷ്‌കരണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 12, 28 നികുത സ്ലാബുകള്‍ ഒഴിവാക്കി അഞ്ച്, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങുന്നതോടെ 90 ശതമാനം വസ്തുക്കളുടെയും വിലകുറയും. കൂടാതെ ആഡംബര ഉത്പന്നങ്ങള്‍ക്കും പുകയില, സിഗരറ്റ് പോലെ ആരോഗ്യത്തിനു ഹാനിയുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ക്കും ലോട്ടറിക്കും 40 ശതമാനം എന്ന ഉയര്‍ന്നനിരക്കും നടപ്പാക്കുകയാണ്. വിലക്കുറവിന്റെ ഗുണം സര്‍ക്കാറിലേക്ക് എത്തിക്കാന്‍ ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട് കേന്ദ്രസര്‍ക്കാര്‍.
ഇടത്തരം വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനമാക്കിയതോടെയുള്ള വിലക്കുറവ് ഉപഭോക്താക്കളിലേക്ക് പൂര്‍ണമായി കൈമാറാന്‍ വാഹനനിര്‍മാതാക്കള്‍ തയ്യാറായിട്ടുണ്ട്. വാഹന വിപണിയില്‍ അടക്കം ഈ വിലക്കുറവ് പ്രതിഫലിക്കും. തിങ്കളാഴ്ചമുതല്‍ വിലയിലുള്ള കുറവ് ഓരോ ഉത്പന്നത്തിലും പ്രദര്‍ശിപ്പിക്കും. ലൈഫ്-ആരോഗ്യ-ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍, 33 ജീവന്‍ സുരക്ഷാമരുന്നുകള്‍ എന്നിവയുടെയും ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കുന്ന റെയില്‍നീര്‍ കുപ്പിവെള്ളത്തിന്റെ വിലയില്‍ ഒരുരൂപയുടെ കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
പരിഷ്‌കാരം നിലവില്‍വരുന്നതോടെ 175 ഉത്പന്നങ്ങളുടെ വിലകുറയും. 48,000 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇത് വില്‍പ്പന വര്‍ധിക്കുന്നതോടെ മറികടക്കാമെന്നാണ ്‌സൂചന. വിലക്കുറവിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ വിപണിയില്‍ നീരീക്ഷണം തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
പാലുല്‍പ്പന്നങ്ങള്‍ക്കും ജിഎസ്ടി ഇളവ് ലഭിച്ചതോടെ മില്‍മയുടെ പാലുല്‍പ്പന്നങ്ങള്‍ക്ക് ഇന്ന് മുതല്‍ വില കുറയും. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയാണ് കുറയുന്നത്. മില്‍മ നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും. 240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് 225 രൂപയ്ക്ക് ലഭിക്കും.
500 ഗ്രാം പനീറിന്റെ വില 245 രൂപയില്‍ നിന്ന് 234 രൂപയായി കുറയും. ഒരു ലിറ്റര്‍ മില്‍മ വാനില ഐസ്‌ക്രീമിന്റെ വില 220 രൂപയില്‍ നിന്ന് 196 രൂപയായും കുറഞ്ഞിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ലോട്ടറിയുടെ ജിഎസ് ടി കൂട്ടിയെങ്കിലും ടിക്കറ്റിന്റെ വില കൂടില്ല. നിലവിലെ ടിക്കറ്റ് നിരക്ക് തുടരുമെന്ന് ധനവകുപ്പ് വ്യക്തമാക്കി. സമ്മാനത്തുകയുടെ എണ്ണത്തിലും ഏജന്റുമാരുടെ കമ്മീഷനിലും മാറ്റം വരുത്താനാണ് തീരുമാനം. കമ്മീഷനിലായിരിക്കും വലിയ കുറവുണ്ടാകുക. ലോട്ടറി ജി എസ് ടി 28 ശതമാനത്തില്‍ നിന്ന് 40 ശതമാനമായാണ് കൂടിയത്.
വിലക്കുറവ് സംബന്ധിച്ച് കര്‍ശന നിരീക്ഷണം ഉണ്ടാകുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. കമ്പനികള്‍ വിലക്കുറവിന്റെ ഗുണം ജനങ്ങളിലേക്ക് എത്തിക്കുമെന്ന് ഉറപ്പാക്കും. ജിഎസ്ടി പരിഷ്‌കരണം രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ മാറ്റിമറിക്കുമെന്നും സര്‍വതോമുഖ പുരോഗതിയിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞിരുനന്നു. ഇത് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കുതിപ്പേകും. സ്വദേശി ഉത്പന്നങ്ങള്‍ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പരിഷ്‌കരിച്ച ജിഎസ്ടി നിരക്കുകള്‍ തിങ്കളാഴ്ച നിലവില്‍വരാനിരിക്കേ ഞായറാഴ്ച വൈകുന്നേരം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു.
നവരാത്രിയുടെ ആദ്യദിനത്തില്‍ ആത്മനിര്‍ഭര്‍ ഭാരത് എന്ന കാഴ്ചപ്പാടില്‍ രാജ്യം വലിയ കാല്‍വെപ്പ് നടത്തുകയാണ്. ജിഎസ്ടി ബചത് ഉത്സവ് (ജിഎസ്ടി സമ്പാദ്യ ഉത്സവം) നവരാത്രിയുടെ ആദ്യദിനം ആരംഭിക്കും. ജിഎസ്ടി പരിഷ്‌കരണവും ആദായനികുതിയിലെ ഇളവും ചേരുമ്പോള്‍ ഭൂരിപക്ഷം ജനങ്ങള്‍ക്കും അത് ഇരട്ടനേട്ടമാണ് -പ്രധാനമന്ത്രി പറഞ്ഞു.
19 മിനിറ്റുനീണ്ട പ്രസംഗത്തില്‍ ജിഎസ്ടി പരിഷ്‌കരണത്തിന്റെ നേട്ടങ്ങള്‍ക്കൊപ്പം സ്വദേശിക്ക് ഊന്നല്‍നല്‍കിയാണ് മോദി സംസാരിച്ചത്. അതേസമയം, കഴിഞ്ഞക്കാലത്തെ അധിക ജി എസ് ടിയുടെ ലാഭം സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രം നല്‍കുമോയെന്ന് അഖിലേഷ് യാദവ് വിമര്‍ശിച്ചു.