ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകളുടെ ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത്; ബിജെപി മുന്‍ തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ ഉദ്ഘാടനം ചെയ്യും; സംഗമം വിജയമാകുമെന്ന് പിഎന്‍ നാരായണ വര്‍മ്മ; അയ്യപ്പ സംഗമത്തിലെ പങ്കാളിത്തക്കുറവിനിടെ സഖാക്കളും ഉറ്റുനോക്കുന്നത് പന്തളത്തേക്ക്

ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകളുടെ ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത്

Update: 2025-09-22 02:24 GMT

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകള്‍ നടത്തുന്ന ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത് നടക്കും. ശബരിമല വിശ്വാസം വികസനം എന്ന വിഷയത്തില്‍ രാവിലെ സെമിനാറും ഉച്ചയ്ക്കു ശേഷം ഭക്തജന സംഗമവും നടക്കും. ഭക്തജന സംഗമം മുന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ പരിപാടി ഉദ്ഘാടനം ചെയ്യും.

ശബരിമല കര്‍മ്മസമിതിയാണ് പരിപാടിക്ക് പ്രധാനമായും നേതൃത്വം വഹിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പമ്പയില്‍ നടത്തിയ ആഗോള അയ്യപ്പ സംഗമം പൊളിഞ്ഞുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. ഇതിന് തെളിവായി ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. എന്നാല്‍, പരിപാടി വന്‍ വിജയമാണെന്നും പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ പങ്കെടുത്തുവെന്നും ദേവസ്വം മന്ത്രി വിശദീകരിച്ചിരുന്നു.

ഈ പശ്ചാത്തലത്തില്‍ ശബരിമല സംരക്ഷണ സംഗമത്തില്‍ എത്രകണ്ട് പങ്കാളത്തം ഉണ്ടാകുമെന്ന് ഉറ്റുനോക്കുകയാണ് സഖാക്കളും. രാവിലെ മൂന്ന് സെഷനുകളിലായി സെമിനാറുകളും ഉച്ചയ്ക്ക് ശേഷം പൊതുസമ്മേളനവും നടക്കും.പന്തളം നാനാക് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 10ന് വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ സെമിനാറുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ശബരിമല കര്‍മസമിതി ചെയര്‍പേഴ്‌സണ്‍ കെ.പി.ശശികല അദ്ധ്യക്ഷത വഹിക്കും. ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍.കുമാര്‍ ദര്‍ശന രേഖ അവതരിപ്പിക്കും. തുടര്‍ന്ന് മൂന്ന് വിഷയങ്ങളെ അധികരിച്ച് സെമിനാര്‍ നടക്കും.

അതേസമയം ശബരിമല സംരക്ഷണ സംഗമം വിജയമാകുമെന്ന് ശബരിമല സംരക്ഷണ സംഗമം പ്രസിഡന്റും പന്തളം കൊട്ടാരം നിര്‍വാഹക സംഘം മുന്‍ സെക്രട്ടറിയുമായ പിഎന്‍ നാരായണ വര്‍മ്മ പറഞ്ഞു. പമ്പയിലെ സംഗമം വ്യത്യസ്തമായിരുന്നു. ഭഗവാന്‍ എവിടെ ഉണ്ടോ അവിടെ ഭക്തര്‍ വരും. പമ്പയില്‍ അതല്ലായിരുന്നു സ്ഥിതി. പന്തളം കൊട്ടാരം എന്നും വിശ്വാസികള്‍ക്ക് ഒപ്പമാണ്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുക , സത്യവാങ്മൂലം തിരുത്തുക എന്നീ ആവശ്യങ്ങള്‍ നടപ്പാക്കണമെന്നും പിഎന്‍ നാരായണ വര്‍മ്മ പറഞ്ഞു.

അതേസമയം ശബരിമല വികസന പദ്ധതികളുമായി ബന്ധപ്പെട്ട് കൃത്യമായ തീരുമാനങ്ങളില്‍ എത്തിയില്ലെങ്കിലും, ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ വിജയമാക്കിയെന്നാണ് സര്‍ക്കാറിന്റെ അവകാശവാദം. എസ്എന്‍ഡിപി യോഗത്തെയും എന്‍എസ്എസിനെയും ഒരേവേദിയില്‍ അണിനിരത്താനായത് നേട്ടമായി. ചര്‍ച്ചകളില്‍ പങ്കാളിത്തം തീരെക്കുറഞ്ഞത് സംഘാടകര്‍ക്ക് ക്ഷീണവുമായി.

തിരുവിതാംകൂര്‍എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാറില്‍ വന്നിറങ്ങിയത് ഒരു സ്റ്റേയ്റ്റ്‌മെന്റായായി കാണാം. വേദിയില്‍ എന്‍എസ്എസ് വൈസ് പ്രസിഡന്റ് എം. സംഗീത് കുമാറിന്റെ സാന്നിധ്യം ആ സ്റ്റേറ്റ്‌മെന്റിന് അടിവരയിട്ടുവെന്നും സിപിഎം കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നു.

ചില അനാവശ്യ നിര്‍മിതികള്‍ പൊളിക്കണമെന്നതില്‍ കൂടുതല്‍ ഭേദഗതികള്‍ നേരത്തേ തയ്യാറാക്കിയ ശബരിമല മാസ്റ്റര്‍ പ്ലാനില്‍ വരുത്താനുണ്ടായില്ല. ആള്‍ക്കൂട്ട നിയന്ത്രണത്തിന് നിര്‍മിത ബുദ്ധി ഉപയോഗിക്കണമെന്നതായിരുന്നു തിരുമാനങ്ങളില്‍ മറ്റൊന്ന്. എല്ലാം മുന്നോട്ടുകൊണ്ടുപോകാന്‍ 18 അംഗ സമിതി രൂപീകരിച്ച് സംഗമം പിരിഞ്ഞു. ചില പദ്ധതികള്‍ ഏറ്റെടുക്കാന്‍ ചിലര്‍ മുന്നോട്ടു വന്നിട്ടുണ്ടെന്നും അവരുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും മന്ത്രി.

Tags:    

Similar News