ആകാശത്ത് നിന്ന് കാതടിപ്പിക്കുന്ന ശബ്ദം കേട്ട് പലരും പേടിച്ച് പുറത്തിറങ്ങി; നോക്കിയപ്പോൾ തലയ്ക്ക് മുകളിലൂടെ അസാധാരണ രീതിയിൽ താഴ്ന്ന് പറക്കൽ; പത്തനംതിട്ടയെ മുൾമുനയിൽ നിർത്തി ഹെലികോപ്ടറുകൾ; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ ആശ്വാസം
പത്തനംതിട്ട: പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിനും സമീപപ്രദേശങ്ങൾക്കും മുകളിലായി വെള്ളിയാഴ്ച അപ്രതീക്ഷിതമായി ഹെലികോപ്റ്ററുകൾ തുടർച്ചയായി താഴ്ന്നു പറന്നത് ജനങ്ങൾക്കിടയിൽ പരപ്പരപ്പയുണ്ടാക്കി. യാതൊരുവിധ മുന്നറിയിപ്പും ഇല്ലാതെ ആകാശത്ത് ഹെലികോപ്റ്ററുകൾ വട്ടമിട്ടു പറക്കാൻ തുടങ്ങിയതോടെ എന്താണ് സംഭവിക്കുന്നതെന്നറിയാതെ നാട്ടുകാർ പരിഭ്രാന്തരായി. പ്രത്യേകിച്ച് പ്രായമായവർക്കിടയിൽ ഇത് വലിയ ആശങ്കയ്ക്ക് കാരണമായി.
പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉൾപ്പെടെയുള്ള പ്രമുഖർ മുൻപ് പലതവണ പ്രമാടത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയിട്ടുണ്ട്. എന്നാൽ ഇത്തവണ യാതൊരു ഔദ്യോഗിക അറിയിപ്പും ലഭിക്കാത്തതാണ് ജനങ്ങളെ കുഴപ്പിച്ചത്. ഏതാനും മാസങ്ങൾക്ക് മുൻപ് രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല സന്ദർശനത്തിനായി എത്തിയപ്പോൾ പ്രമാടത്ത് നിർമ്മിച്ച താൽക്കാലിക ഹെലിപാഡ് താഴ്ന്നുപോയതും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും നാട്ടുകാരുടെ മനസ്സിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അടിയന്തരമായി വല്ലവരും വന്നിറങ്ങുകയാണോ എന്ന സംശയത്തിലായിരുന്നു എല്ലാവരും.
ആശങ്ക വർദ്ധിച്ചതോടെ പലരും അധികൃതരെ ബന്ധപ്പെട്ടു. ഒടുവിൽ കളക്ടറേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ നൽകിയ വിശദീകരണത്തോടെയാണ് സംഭവത്തിലെ ദുരൂഹത നീങ്ങിയത്. ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ മാർച്ച് ഒന്നിന് പത്തനാപുരത്ത് ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. ഇതിന്റെ മുന്നോടിയായി നടത്തിയ സുരക്ഷാ പരിശോധനയും ട്രയൽ എയർ റണ്ണുമായിരുന്നു പ്രമാടത്ത് നടന്നത്.
പത്തനാപുരത്തേക്കുള്ള യാത്രയുടെ ഭാഗമായി ഹെലികോപ്റ്ററുകൾ ഇറങ്ങുന്നതിനും പറന്നുയരുന്നതിനുമുള്ള സാങ്കേതിക സൗകര്യങ്ങൾ പരിശോധിക്കുകയായിരുന്നു വ്യോമസേനയുടെയും സുരക്ഷാ വിഭാഗത്തിന്റെയും ലക്ഷ്യം.
വിവരമറിഞ്ഞതോടെ നാട്ടുകാരുടെ പേടി ആകാംക്ഷയ്ക്ക് വഴിമാറി. സ്റ്റേഡിയത്തിന് മുന്നിൽ തടിച്ചുകൂടിയ ജനങ്ങൾ അവസാനമായി എത്തിയ ഹെലികോപ്റ്ററിന് കൈവീശി ടാറ്റ നൽകിയാണ് യാത്രയാക്കിയത്. വിഐപി സന്ദർശനങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം ട്രയലുകൾ സ്വാഭാവികമാണെങ്കിലും നാട്ടുകാരെ മുൻകൂട്ടി അറിയിക്കാത്തതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്ന് പ്രദേശവാസികൾ പറഞ്ഞു.
കഴിഞ്ഞ തവണ രാഷ്ട്രപതി വന്നപ്പോൾ ഹെലിപാഡ് നിർമ്മാണത്തിന് ഏകദേശം 20 ലക്ഷം രൂപ ചെലവായതും അത് താഴ്ന്നുപോയതും വലിയ വാർത്തയായിരുന്നു. അതിനാൽ ഇത്തവണത്തെ ട്രയൽ റണ്ണിനെ അതീവ ഗൗരവത്തോടെയാണ് ഉദ്യോഗസ്ഥരും നാട്ടുകാരും വീക്ഷിച്ചത്.
