റോഥര്‍ഹാമില്‍ അവഹേളനത്തിനും അതിക്രമത്തിനും ഇരയായത് നൂറുകണക്കിന് നഴ്സുമാര്‍; ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ വരെ നേരിടേണ്ടതായി വന്നെന്ന് റിപ്പോര്‍ട്ടുകള്‍; ബേണ്മത്തിലും കുടിയേറ്റ വിരുദ്ധ പ്രകടനം; എതിര്‍ത്തുകൊണ്ട് കുടിയേറ്റ അനുകൂലികളും പ്രകടനം നടത്തി
റോഥര്‍ഹാമില്‍ അവഹേളനത്തിനും അതിക്രമത്തിനും ഇരയായത് നൂറുകണക്കിന് നഴ്സുമാര്‍
ലണ്ടന്‍: കഴിഞ്ഞ 19 മാസക്കാലത്തിനിടയില്‍ റോഥര്‍ഹാമിലെ എന്‍ എച്ച് എസ് ജീവനക്കാര്‍ അവഹേളനത്തിനും ആക്രമണത്തിനും ഇരയായ നൂറുകണക്കിന് സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ ചിലതില്‍, ആയുധങ്ങള്‍ കൊണ്ടുള്ള ആക്രമണങ്ങള്‍ക്കും നഴ്സുമാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ ഇരയാകേണ്ടതായി വന്നു. ഏകദേശം 270 കേസുകളില്‍ ജീവനക്കാര്‍ക്കെതിരെ ശാരിരിക ആക്രമണം നടന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
166 കേസുകള്‍, അശ്ലീല ചുവയുള്ള വാക്കുകള്‍ ഉപയോഗിച്ച് അവഹേളിച്ചതിനാണ്. ജീവനക്കാര്‍ക്കെതിരെ 15 വംശീയ വിവേചനം കാണിച്ച സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. 2023 ഡിസംബറിനും ഈ വര്‍ഷം ജൂലായ്ക്കും ഇടയിലുള്ള കാലയളവില്‍ റോഥര്‍ഹാം എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ നടന്നതാണ് ഈ സംഭവങ്ങള്‍ അത്രയും.
ശാരീരികമായ ലൈംഗിക പീഢനം നടന്ന ആറ് കേസുകളും, ലൈംഗിക ചുവയുള്ള വാക്കുകള്‍ ഉപയോഗിച്ച് അവഹേളിച്ച ഒന്‍പത് കേസുകളും ഇക്കൂട്ടത്തിലുണ്ട്. മൊത്തം കേസുകളില്‍ അഞ്ചെണ്ണം ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയ കേസുകളാണ്. ഈ സാഹചര്യം അതീവ ഗൗരവത്തില്‍ എടുക്കുകയാണെന്നാണ് ട്രസ്റ്റ് അധികൃതര്‍ പറയുന്നത്. ഇത് തടയുന്നതിനായി ശരീരത്തില്‍ ധരിക്കുന്ന ക്യാമറകള്‍ നല്‍കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ എടുത്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു. എന്‍ എച്ച് എസ് ജീവനക്കാര്‍ക്ക് നേരെയുള്ള ആക്രമണം ദേശീയതലത്തില്‍ തന്നെയുള്ള ഒരു പ്രശ്നമാണെന്നും ട്രസ്റ്റ് മാനേജിംഗ് ഡയറക്റ്റര്‍ ബോബ് കിര്‍ട്ടണ്‍ പറഞ്ഞു.
മാത്രമല്ല, ജീവനക്കാര്‍ നേരിടുന്ന ഏറ്റവും വലിയ ഒരു വെല്ലുവിളി കൂടിയാണിത്. തൊഴിലിടങ്ങളില്‍ ഒരിക്കലും അരക്ഷിതബോധം ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോസ്പിറ്റല്‍ വാര്‍ഡുകള്‍, എമര്‍ജന്‍സി കെയര്‍ സെന്ററുകള്‍, കമ്മ്യൂണിറ്റി സര്‍വീസുകള്‍ എന്നിവിടങ്ങളിലെല്ലാം തന്നെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നാണ് ലോക്കല്‍ ഡെമോക്രസി റിപ്പോര്‍ട്ടിംഗ് സര്‍വീസ് പറയുന്നത്. ജനറല്‍ മെദിസിന്‍ വിഭാഗത്തിലാണ് ഏറ്റവുമധികം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തൊട്ടു പിറകെ എമര്‍ജന്‍സി വിഭാഗമാണ്.
ബേണ്മത്തിലും കുടിയേറ്റ വിരുദ്ധ റാലി
മുന്‍കൂട്ടി ആസൂത്രണം ചെയ്ത കുടിയേറ്റ വിരുദ്ധ റാലിയില്‍ പങ്കെടുക്കാന്‍ ഏകദേശം 300 പേരോളമാണ് ബേണ്മത്തില്‍ തടിച്ചു കൂടിയത്. ബേണ്മത്ത് പാട്രിയോട്‌സ് എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ ബോട്ടുകള്‍ തടയുക എന്ന മുദ്രാവാക്യമായിരുന്നു പ്രധാനമായും മുഴങ്ങിയത്. മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ മെയ്‌റിക്ക് റോഡ് ഉള്‍പ്പടെയുള്ള വഴികളിലൂടെയായിരുന്നു പ്രകടനം കടന്നുപോയത്. ഇവരെ എതിര്‍ക്കാന്‍ സ്റ്റാന്‍ഡ് അപ് ടു റേസിസം പ്രവര്‍ത്തകരും എത്തിയിരുന്നു.
അഭയാര്‍ത്ഥികള്‍ക്ക് സ്വാഗതം എന്ന മുദ്രാവാക്യവുമായാണ് കുടിയേറ്റാനുകൂലികള്‍ കുടിയേറ്റ വിരുദ്ധ റാലിയോട് പ്രതികരിച്ചത്. ജനങ്ങളുടെ, പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുന്നു എന്ന് പറഞ്ഞ ഡോര്‍സെറ്റ് പോലീസ് പക്ഷെ സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കാനുള്ള നടപടികള്‍ എടുക്കുമെന്നും പറഞ്ഞിരുന്നു. പ്രതിഷേധത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ 300 ഓളം പേര്‍ പങ്കെടുത്തിരുന്നു എന്നാണ് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരു ഭാഗത്തും ഏതാണ്ട് തുല്യ എണ്ണം ആളുകളായിരുന്നു ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റാലിയില്‍ പങ്കെടുത്തവരില്‍ ചിലര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയപ്പോള്‍ മറ്റു ചിലര്‍ ബ്രിട്ടീഷ് പതാക ഉയര്‍ത്തി വീശിയാണ് റാലിയില്‍ പങ്കെടുത്തത്.ഇവിടെ നടക്കുന്ന ഒരു കൂട്ടം പ്രതിഷേധങ്ങളില്‍ ഏറ്റവും അവസാനത്തേതായിരുന്നു ഞായറാഴ്ച നടന്ന പ്രകടനം. പോലീസ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍ അത് കുറ്റകൃത്യമായി കണക്കാക്കുമെന്ന് പോലീസ് നേരത്തെ പ്രതിഷേധക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.