ഡബ്ലിന്‍ വിമാനത്താവളത്തിലെ യാത്രാ തടസ്സം; സൈബര്‍ ആക്രമണത്തില്‍ നിന്നും ഇനിയും മുക്തമാകാതെ ചെക്ക് ഇന്‍ ആന്‍ഡ് ബഗേജ് സിസ്റ്റം; ഹീത്രുവിലെയും മറ്റ് പ്രധാന യൂറോപ്യന്‍ വിമാനത്താവളങ്ങളിലെയും സൈബര്‍ ആക്രമണത്തിന് പുറകില്‍ റഷ്യന്‍ ഹാക്കര്‍മാര്‍ എന്ന് സംശയം
ഡബ്ലിന്‍ വിമാനത്താവളത്തിലെ യാത്രാ തടസ്സം
ഡബ്ലിന്‍: തുടര്‍ച്ചയായി രണ്ടാം ദിവസവും ഡബ്ലിന്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2 ല്‍ പ്രശ്നങ്ങള്‍ തുടരുകയാണ്. ചെക്ക് ഇന്‍ ആന്‍ഡ് ബഗേജ് സിസ്റ്റത്തിന് നേരെയുണ്ടായ സൈബര്‍ ആക്രമണം മൂലം ഇവിടെ നിന്നുള്ള വിമാന സര്‍വീസുകള്‍ ആകെ താറുമാറായിരിക്കുകയാണ്. യൂറോപ്പില്‍ പലയിടങ്ങളിലും അഭിമുഖീകരിക്കുന്ന ഈ പ്രശ്നത്തില്‍ നിന്നും രക്ഷപ്പെടാന്‍ എയര്‍ലൈനുകള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്ന് വിമാനത്താവളാധികൃതര്‍ അറിയിച്ചു. ആക്രമണത്തിനിരയായ സിസ്റ്റങ്ങള്‍ പരിശോധിക്കുവാന്‍ ഇന്നലെ അമേരിക്കയില്‍ നിന്നും ഐ ടി വിദഗ്ധര്‍ എത്തിയിട്ടുണ്ട്. എന്നാല്‍, പ്രശ്നങ്ങള്‍ പൂര്‍ന്‍ണമായും പരിഹരിക്കാന്‍ ഇനിയും കുറച്ച് ദിവസങ്ങള്‍ എടുക്കും എന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.
ഡബ്ലിനിലേക്ക് വരേണ്ട ഒന്‍പത് വിമാനങ്ങളും ഇവിടെ നിന്നും യാത്ര തിരിക്കേണ്ട നാല് വിമാനങ്ങളും റദ്ദ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇന്നലെ ഉച്ചവരെയുള്ള കണക്കാണിത്. ഇന്നലെ കൂടുതല്‍ വിമാനങ്ങള്‍ റദ്ദ് ചെയ്യപ്പെടുകയോ റദ്ദാക്കപ്പെടുകയോ ചെയ്തേക്കാം എന്ന മുന്നറിയിപ്പും വന്നിരുന്നു. യാത്ര തിരിക്കുന്നതിന് മുന്‍പായി വിമാനക്കമ്പനികളുടെ വെബ്‌സൈറ്റുകളില്‍ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് യാത്രക്കാര്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. യൂറോപ്പില്‍ വ്യാപകമായി തന്നെ സൈബര്‍ ആക്രമണത്തിന്റെ ഫലമായി വിവിധ വിമാനത്താവളങ്ങളിലെ ചെക്ക് ഇന്‍ ആന്‍ഡ് ബോര്‍ഡിംഗ് സിസ്റ്റങ്ങള്‍ തകരാറിലായിരിക്കുകയാണ്.
ചില വിമാനക്കമ്പനികള്‍, ബാഗ് ടാഗുകളും ബോര്‍ഡിംഗ് പാസ്സുകളും മാനുവല്‍ ആയി നിര്‍മ്മിക്കുന്നുണ്ട്. ഇത് ഏറെ സമയമെടുക്കുന്ന ഒരു ജോലിയാണ്. ഏതാനും വിമാനത്താവളങ്ങളില്‍ തങ്ങളുടെ സിസ്റ്റത്തിന് നേരെയുണ്ടായ സൈബര്‍ ആക്രമണത്തെ കുറിച്ച് അറിഞ്ഞിട്ടുണ്ടെന്ന് സിസ്റ്റം പരിപാലിക്കുന്ന കോളിന്‍സ് എയ്‌റോസ്പേസിന്റെ മാതൃസ്ഥാപനമായ ആര്‍ ടി എക്സ് അറിയിച്ചു. എത്രയും പെട്ടെന്ന് അത് പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. പല വിമാനക്കമ്പനികള്‍ക്കും ചെക്ക് ഇന്‍ ഡെസ്‌കിലും, ബോര്‍ഡിംഗ് ഗെയ്റ്റിലും ഉപയോഗിക്കാന്‍ അനുമതിയുള്ള മ്യൂസ് എന്ന സോഫ്റ്റ്വെയര്‍ ആണ് ആക്രമണത്തിന് വിധേയമായിരിക്കുന്നത്.
എന്താണ് പിഴവ് പരിയിരിക്കുന്നതെന്നോ, അത് പരിഹരിക്കാന്‍ എത്ര സമയമെടുക്കുമെന്നോ കമ്പനി ഇനിയും വെളിപ്പെടുത്തിയിട്ടില്ല. അതിനിടയിലാണ് ഈ ആക്രമണത്തിനു പുറകില്‍ റഷ്യയായിരിക്കും എന്ന അഭ്യൂഹം പരക്കുന്നത്. വേനല്‍ക്കാലത്തിലെ അവസാന വാരാന്ത്യത്തില്‍ ആയിരക്കണക്കിന് യാത്രക്കാരാണ് ഈ പ്രശ്നം മൂലം വലഞ്ഞത്. നേരത്തെ സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ക്രൗഡ്‌സ്‌ട്രൈക്കിന്റെ തെറ്റായ ഒരു അപ്‌ഡെറ്റ് മൂലം അമേരിക്കയിലെ വിമാന സര്‍വീസുകള്‍ മൊത്തത്തില്‍ താറുമാറായതിന് ശേഷം ഒരു വര്‍ഷം കഴിയുമ്പോഴാണ് യൂറോപ്പില്‍ അത്തരത്തിലൊരു അവസ്ഥ സംജാതമാകുന്നത്.
ഇതിന്റെ പൂര്‍ണ്ണമായ ആഘാതം മനസ്സിലാക്കുന്നതിനായി നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ കോളിന്‍സ് എയ്‌റോസ്പേസുമായും ഗതാഗത വകുപ്പുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. അതിനോടൊപ്പം, സിസ്റ്റം പൂര്‍ണ്ണമായും പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. രാഷ്ട്രീയ നേതാക്കളും, വ്യോമയാന വിദഗ്ധരും ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തിനിടയില്‍ ബ്രിട്ടീഷ് പ്രതിരോധകാര്യ മന്ത്രാലയത്തെ ലക്ഷ്യമാക്കി 90,000 സൈബര്‍ ആക്രമണങ്ങള്‍ നടന്നതായി അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ പലതും റഷ്യയില്‍ നിന്നായിരുന്നു.
ഈ ആക്രമണം നടക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് മൂന്ന് റഷ്യന്‍ മികോയാന്‍ മിഗ് 31 ഫൈറ്റര്‍ ജറ്റുകള്‍ എസ്റ്റോണിയയുടെ വ്യോമാതിര്‍ത്തി ലംഘിച്ച് പറന്നതും റഷ്യയെ സംശയിക്കുന്നതിനുള്ള കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, പോളണ്ടിന്റെ അതിര്‍ത്തിക്കുള്ളില്‍ വെച്ച് റഷ്യന്‍ ഡ്രോണുകളെ വെടിവെച്ചിട്ടിരുന്നു. അതിനോടൊപ്പം റൊമാനിയന്‍ അതിര്‍ത്തിക്കുള്ളിലും റഷ്യന്‍ ഡ്രോണുകള്‍ പറന്നിരുന്നു. ഇതോടെ , യുക്രെയിന്‍ യുദ്ധം യൂറോപ്പിലേക്കും പടര്‍ന്നേക്കാം എന്ന ഭീതി നിലനില്‍ക്കുമ്പോഴാണ് ഇത്തരത്തിലൊരു സൈബര്‍ ആക്രമണം. റഷ്യയുറ്റെ ഒരു യുദ്ധ തന്ത്രമായാണ് സൈബര്‍ ആക്രമണങ്ങള്‍ വിലയിരുത്തപ്പെടുന്നത്.