എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി എം.ശിവപ്രസാദ് ഉദ്ഘാടനം ചെയ്ത ടിഎ നസീര്‍ അനുസ്മരണ സമ്മേളനത്തിന്റെ വേദിക്കു സമീപം ആക്രമണം; മുതലക്കോടത്ത് വിവാഹത്തില്‍ പങ്കെടുത്തു മടങ്ങിയ ഷാജന്റെ കാറില്‍ ഥാര്‍ ഇടിച്ചതിന് പിന്നില്‍ വമ്പന്‍ ആസൂത്രണം; ആക്രമിക്കാന്‍ നേരിട്ടെത്തിയത് നാലു ഡി വൈ എഫ് ഐക്കാര്‍; ആ പകയ്ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന

Update: 2025-08-31 02:32 GMT

തൊടുപുഴ: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരായ ആക്രമണത്തിലെ ഡിവൈഎഫ്‌ഐ ഗൂഡാലോചന പുറത്ത്. പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരുക്കേറ്റ ഷാജന്‍ സ്‌കറിയയെ ആശുപത്രിയില്‍ ചികില്‍സയിലാണ്. നഗരത്തിലെ മങ്ങാട്ടുകവലയില്‍, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം.ശിവപ്രസാദ് ഉദ്ഘാടനം ചെയ്ത ടി.എ.നസീര്‍ അനുസ്മരണ സമ്മേളനത്തിന്റെ വേദിക്കു സമീപത്തായിരുന്നു ആക്രമണം.

മുതലക്കോടത്ത് വിവാഹത്തില്‍ പങ്കെടുത്തു മടങ്ങിയ ഷാജന്റെ കാറില്‍ മറ്റൊരു ഥാര്‍ ഇടിച്ചു. തുടര്‍ന്ന് കാര്‍ നിര്‍ത്തിയ ഷാജനെ കാറിനുള്ളില്‍ വച്ചുതന്നെ നാലംഗ സംഘം മൂക്കിലും ശരീരത്തിലും തുടരെ ഇടിക്കുകയായിരുന്നു. മൂക്കില്‍നിന്ന് രക്തം ഒഴുകുന്ന നിലയിലായിരുന്നു ഷാജന്‍. തൊടുപുഴ എസ്എച്ച്ഒ എസ്.മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ജില്ലാ ആശുപത്രിയിലേക്കും വിദഗ്ധ ചികിത്സയ്ക്കായി സ്മിത മെമ്മോറിയല്‍ ആശുപത്രിയിലേക്കും മാറ്റി.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ 4 പേരെ പ്രതിയാക്കി അന്വേഷണം ആരംഭിച്ചതായി തൊടുപുഴ എസ്എച്ച്ഒ പറഞ്ഞു. ഷാജന്‍ എത്തിയതറിഞ്ഞ് ആസൂത്രിതമായി വാഹനം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. ഇതിന് പിന്നില്‍ വ്യക്തമായ ആസൂത്രണം നടന്നു. ക്വാറി നടത്തുന്ന വട്ടര്‍ അതോറിട്ടി കരാറുകാരനെയാണ് ഇതിന് വേണ്ടി നിയോഗിച്ചത്. ഡിവൈഎഫ് ഐയുടെ ഉന്നത തല ഗൂഡാലോചന ഇതിന് പിന്നിലുണ്ടായിരുന്നു. പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല.

മറുനാടന്‍ മലയാളി ചീഫ് എഡിറ്ററും ഉടമയുമായ ഷാജന്‍ സ്‌കറിയയെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താന്‍ നടന്ന ശ്രമത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ ലൈന്‍ മീഡിയ (ഇന്ത്യ) രംഗത്ത് വന്നിട്ടുണ്ട്. ഈ സംഭവം അത്യന്തം ഞെട്ടല്‍ ഉളവാക്കുന്നതാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഇത്തരം ശരീരിക അക്രമം ജനാധിപത്യ രാജ്യത്ത് വെച്ചുപൊറുപ്പിക്കാനാകില്ലന്നും സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി. കോണ്‍ഫഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ ഷാജന്‍ സ്‌കറിയ നിലവില്‍ സംഘടനയുടെ എക്‌സിക്യുട്ടീവ് അംഗം കൂടിയാണ്.

ഷാജന്‍ സ്‌കറിയക്ക് നേരെ നടന്ന അക്രമത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് കോം ഇന്ത്യ പ്രസിഡന്റ് സാജ് കുര്യനും ജനല്‍ സെക്രട്ടറി കെ.കെ ശ്രീജിതും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മാധ്യമ സ്വാതന്ത്രത്തിന് നേരെയുള്ള കടന്നാക്രമണമായെ സംഭവത്തെ കാണാന്‍ കഴിയുകയുള്ളൂവെന്നും ഇരുവരും ചൂണ്ടിക്കാട്ടി.

മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് ഇടുക്കിയില്‍ വെച്ചാണ് ഒരു സംഘത്തിന്റെ മര്‍ദനമേറ്റത്. മങ്ങാട്ട് കവലയില്‍ വെച്ച് വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ സംഘം ആസൂത്രിതമായി മര്‍ദിക്കുകയായിരുന്നു. ഇടുക്കിയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങും വഴിയായിരുന്നു ആക്രമണം.

Tags:    

Similar News