'കുത്തിമലര്‍ത്തും; ഷാര്‍ജ വിട്ടുപോകാന്‍ അനുവദിക്കില്ല; ജീവിക്കാന്‍ വിടില്ല; ജയിലില്‍ പോകാന്‍ തയ്യാര്‍'; അതുല്യയെ ഭര്‍ത്താവ് സതീഷ് ഉപദ്രവിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്; യുവതിയുടെ മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രീകരിച്ച ദ്യശ്യങ്ങള്‍ കുടുംബം കോടതിയില്‍ ഹാജരാക്കി കുടുംബം

Update: 2025-08-31 06:15 GMT

കൊല്ലം: ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ ജീവനൊടുക്കിയ കൊല്ലം സ്വദേശിനി അതുല്യയെ ഭര്‍ത്താവ് സതീഷ് ശങ്കര്‍ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്യുന്ന കൂടുതല്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. യുവതിയെ കൊലപ്പെടുത്തി ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് സതീഷ് പറയുന്ന ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പത്ത് വര്‍ഷം പീഡനം സഹിച്ചെന്ന് യുവതി ഒരു വീഡിയോയില്‍ പറയുന്നുണ്ട്. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പെടുത്ത വീഡിയോ ആകാം ഇവയെന്നാണ് പ്രാഥമിക നിഗമനം. അതുല്യയെ കൊലപ്പെടുത്തുമെന്ന് പ്രതി സതീഷ് പറയുന്ന ദൃശ്യങ്ങളടക്കം അതുല്യയുടെ കുടുംബം കുടുംബ കോടതിയില്‍ ഹാജരാക്കി. അതുല്യയുടെ മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രീകരിച്ച ദ്യശ്യങ്ങളാണെന്ന് കുടുബം പറയുന്നു.

കുത്തിമലര്‍ത്തുമെന്നും ഷാര്‍ജ വിട്ടുപോകാന്‍ അതുല്യയെ അനുവദിക്കില്ലെന്നും ജീവിക്കാന്‍ വിടില്ലെന്നും സതീഷ് വീഡിയോയില്‍ പറയുന്നുണ്ട്. ഈ വീഡിയോകള്‍ ബന്ധുക്കള്‍ കുടുംബകോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. നേരത്തേയും അതുല്യ മാനസികമായും ശാരീരികമായും കടുത്ത പീഡനത്തിനിരയാകുന്ന വീഡിയോകള്‍ പുറത്തുവന്നിരുന്നു. ജൂലായ് 19നാണ് യുവതി ജീവനൊടുക്കിയത്.

അതുല്യയുടെ കുടുംബം നല്‍കിയ പരാതിയില്‍ സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി ചവറ തെക്കുംഭാഗം പൊലീസ് കേസ് എടുത്തിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടയില്‍ തന്നെ സതീഷ് ഷാര്‍ജയില്‍ നിന്ന് നാട്ടിലെത്തിയിരുന്നു. വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലായ സതീഷിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. ഇയാളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യവുമായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരിക്കുകയാണ്.

സെപ്തംബര്‍ രണ്ടിന് കോടതി ഹര്‍ജി പരിഗണിക്കും.ഷാര്‍ജയില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ യുവതിയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെത്തിയത്. യുവതിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ച് റീ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷമാണ് സംസ്‌കാരം നടത്തിയത്. സതീഷ് മദ്യപാനിയാണെന്നും നിരന്തരമായി ഉപദ്രവിച്ചിട്ടുണ്ടെന്നും അതുല്യ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച സന്ദേശം പുറത്തുവന്നിരുന്നു. അതുല്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.

ജൂലൈ 19ന് ഭര്‍ത്താവ് സതീഷിനൊപ്പം ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന കൊല്ലം തേവലക്കര സ്വദേശി അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതുല്യയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് സതീഷിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സതീഷിന്റെ മാനസിക ശാരീക പീഡനമാണ് അതുല്യയുടെ ജീവനെടുത്തതെന്നാണ് കുടുംബത്തിന്റെ പരാതി. ഇയാള്‍ അതുല്യയെ പീഡനത്തിന് ഇരയാക്കുന്ന ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു.

അതുല്യയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നതായും പുറത്തുവന്ന വീഡിയോയില്‍ അതുല്യ ഉച്ചത്തില്‍ നിലവിളിക്കുന്നതും ഭര്‍ത്താവ് സൈക്കോയെപ്പോലെ പെരുമാറുന്നതും കാണാം. ഈ സാഹചര്യത്തില്‍ അതുല്യയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് ബന്ധുക്കളുടെ മൊഴി. ഭര്‍ത്താവ് സതീഷിനെതിരെ കൊലക്കുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുണ്ട്.

സതീഷ് അതുല്യയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളും പീഡനം തുറന്നു പറയുന്ന അതുല്യയുടെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു. 11 വര്‍ഷമായി അതുല്യയുടെ വിവാഹം കഴിഞ്ഞിട്ട്. പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് മരണം. സംഭവത്തിന് പിന്നാലെ ഷാര്‍ജയിലെ സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായ ഭര്‍ത്താവ് ശാസ്താംകോട്ട സ്വദേശി സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

Similar News