'അങ്ങനെ ഒരു പെണ്‍കുട്ടി ഉണ്ട്; അവര്‍ വളരെ അധികം മാനസികാഘാതത്തില്‍ ആണ്; അശാസ്ത്രീയമായ ഗര്‍ഭഛിദ്രവും തുടര്‍ ആരോഗ്യപ്രശ്‌നങ്ങളും; ഒരു പരാതിയുമായി മുന്നോട്ട് പോകാന്‍ ഉള്ള മാനസികമായ കരുത്ത് അവള്‍ക്കോ ആ കുടുംബത്തിനോ ഇല്ലെന്നാണ് അവള്‍ പറയുന്നത്'; രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്കായി മാധ്യമ പ്രവര്‍ത്തകയുടെ ഫേസ്ബുക്ക് കുറിപ്പ്
രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്കായി മാധ്യമ പ്രവര്‍ത്തകയുടെ ഫേസ്ബുക്ക് കുറിപ്പ്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരായ ലൈഗിംക പീഡന ആരോപണങ്ങളില്‍ അന്വേഷണം തുടരുന്നതിനിടെ നിര്‍ണായക വെളിപ്പെടുത്തലുമായി മാധ്യമ പ്രവര്‍ത്തക ലക്ഷ്മി പദ്മയുടെ ഫേസ്ബുക്ക് കുറിപ്പ്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പുറത്ത് വന്ന ഓഡിയോ എല്ലാം വ്യാജം എന്നും അങ്ങനെ ഒരു പെണ്‍കുട്ടി ഇല്ല എന്നും അങ്ങനെ ഒരു ഗര്‍ഭച്ഛിദ്രമോ ഗര്‍ഭമോ പോലും ഇല്ല എന്നും പറയുന്നവരോട് ആണ്, അങ്ങനെ ഒരു പെണ്‍കുട്ടി ഉണ്ട് അവര്‍ വളരെ അധികം മാനസികാഘാതത്തില്‍ ആണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. അശാസ്ത്രീയമായ ഗര്‍ഭഛിദ്രവും തുടര്‍ ആരോഗ്യപ്രശ്‌നങ്ങളും യുവതി നേരിടുന്നു. ഒരു പരാതിയുമായി മുന്നോട്ട് പോകാന്‍ ഉള്ള മാനസികമായ കരുത്ത് അവള്‍ക്കോ ആ കുടുംബത്തിനോ ഇല്ലെന്നാണ് അവള്‍ പറയുന്നതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഞാന്‍ അവളെ കണ്ടു
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പുറത്ത് വന്ന ഓഡിയോ എല്ലാം വ്യാജം എന്നും അങ്ങനെ ഒരു പെണ്‍കുട്ടി ഇല്ല എന്നും അങ്ങനെ ഒരു ഗര്‍ഭച്ഛിദ്രമോ ഗര്‍ഭമോ പോലും ഇല്ല എന്നും പറയുന്നവരോട് ആണ് .അങ്ങനെ ഒരു പെണ്‍കുട്ടി ഉണ്ട് അവര്‍ വളരെ അധികം മാനസികാഘാതത്തില്‍ ആണ്.ആ ബന്ധത്തില്‍ നിന്നും അവരുടെ ബുദ്ധി അവരെ പിന്തിരിപ്പിക്കുന്നു എങ്കില്‍ കൂടിയും മനസ് ഇപ്പോഴും അയാളില്‍ കുടുങ്ങി കിടക്കുന്ന നിസ്സഹായ മാനസികാവസ്ഥയില്‍ ആണ് അവര്‍.
അശാസ്ത്രീയമായ ഗര്‍ഭഛിദ്രം തുടര്‍ ആരോഗ്യപ്രശ്‌നങ്ങള്‍.ചുറ്റും നടക്കുന്ന slut shaming.ഇതിനൊക്കെ ഇടയില്‍ ആകെ പകച്ച് നില്‍ക്കുന്ന ഒരാളെ ആണ് ഞാന്‍ കണ്ടത്.മര്യാദക്ക് ഉറങ്ങിയിട്ടും ഭക്ഷണം കഴിച്ചിട്ടും ഒക്കെ പല നാളായ ഒരാള്‍
അപ്പോഴും ഇങ്ങനെ ഒരു കാര്യം പുറത്ത് വന്നത് വഴി സമൂഹത്തില്‍ കുറച്ചു സ്ത്രീകള്‍ എങ്കിലും ചതിക്കുഴികളില്‍ നിന്നും രക്ഷപ്പെടാന്‍ ഇടയാക്കുന്നു എങ്കില്‍ അതില്‍ ആശ്വാസം കണ്ടെത്തുകയാണ് അവര്‍
പരാതി കൊടുക്കണം എന്ന് പല ആവര്‍ത്തി ഒരു സഹോദരി എന്ന നിലയില്‍ അവരോട് പറഞ്ഞു.പക്ഷേ അങ്ങനെ ഒരു പരാതിയുമായി മുന്നോട്ട് പോകാന്‍ ഉള്ള മാനസികമായ കരുത്ത് അവള്‍ക്കോ ആ കുടുംബത്തിനോ ഇല്ല എന്നാണ് അവള്‍ പറഞ്ഞുകൊണ്ടേ ഇരിക്കുന്നത്.അവരുടെ ഐഡന്റിറ്റി വെളിയില്‍ വരുന്നതിനെ കുറിച്ചും വല്ലാതെ ആശങ്കയും ഉണ്ട്.
പുറത്ത് നമ്മള്‍ അറിഞ്ഞതിലും ഗുരുതരമാണ് യാഥാര്‍ത്ഥ്യങ്ങള്‍
ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇരയാക്കപ്പെട്ട ആളുകളെ പോലും അയാള്‍ ഇപ്പോഴും മാനേജ് ചെയ്ത് കൊണ്ടിരിക്കുന്നു .അതിലേക്ക് ഒക്കെ അന്വേഷണം എത്തണം.
എന്ത് ഈ വിഷയത്തില്‍ എഴുതിയാലും വന്നുനിങ്ങള്‍ക്ക് അയാളില്‍ നിന്നും ദുരനുഭവം ഉണ്ടായോ എന്ന് ചൊറിയുന്ന ടീംസിനോട് എല്ലാര്‍വരോടും കൂടി പറയുന്നു.എന്നോട് അയാള്‍ വളരെ മാന്യമായാണ് ഇടപെട്ടിട്ടുള്ളത്.അതുകൊണ്ട് ആ ചോദ്യം ഇടയ്ക്കിടെ വേണ്ട
അവളെ കേട്ട് കഴിഞ്ഞപ്പോ പെണ്‍കുട്ടികള്‍ക്ക് പരാതിയുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സാമൂഹ്യ സാഹചര്യമാണല്ലോ നമ്മുടെ നാട്ടില്‍ എന്ന് തോന്നിപ്പോയി.സോഷ്യല്‍ മീഡിയ വഴി വേട്ടക്കാരനെ വെളുപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടെ എത്ര സ്ത്രീകള്‍ ചവിട്ടി മെതിക്കപ്പെടുന്നു.രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള പലവിധ ചെളി വാരി എറിയലുകള്‍ വേറെ .സ്ത്രീകള്‍ക്കു തല ഉയര്‍ത്തിപിടിച്ച് ജീവിക്കാനുള്ള ഒരിടമായി നമ്മുടെ നാടിനെ മാറ്റണം എങ്കില്‍ കൂട്ടായ ശ്രമങ്ങള്‍ ആവശ്യം ഉണ്ട്.
ഇതിനിടയില്‍ ചില ടീംസിന്റെ പുതിയ കഥയും കേട്ടു.ഏതോ മാധ്യയ്മപ്രവര്‍ത്തക പരാതിയില്‍ നിന്ന് ആ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെ പിന്തിരിപ്പിച്ചെന്ന്.അങ്ങനെ ഒരു വിഷയം ഉണ്ടെങ്കില്‍ തെളിവ് സഹിതം പുറത്ത് വിടണം അത്തരം മാധ്യമപ്രവര്‍ത്തനം ഈ സമൂഹത്തിന് ആവശ്യമില്ല.
അന്വേഷണം തുടരുന്നു
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പീഡന ആരോപണം അന്വേഷിക്കാന്‍ പുതിയ അന്വേഷണ സംഘത്തിന് രൂപം നല്‍കിയിരുന്നു. ആരോപണമുന്നയിച്ച ആറ് പേരില്‍ നിന്നും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുക്കാനാണ് നീക്കം. യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് കൂടിയായ രാഹുലിനെതിരെ മാധ്യമങ്ങള്‍ വഴിയും സാമൂഹിക മാധ്യമങ്ങളിലൂടെയും ആരോപണമുന്നയിക്കുകയല്ലാതെ ഇവര്‍ ആരും പരാതികള്‍ നല്‍കിയിരുന്നില്ല. എന്നാല്‍, വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖമന്ത്രിക്ക് ഉള്‍പ്പെടെ ലഭിച്ച പരാതികളുടെ തുടര്‍ച്ചയായാണ് അന്വേഷണം മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.
പരാതിക്കാരുടെ മൊഴിപ്രകാരം ആരോപണമുന്നയിച്ചവരെ നേരിട്ടുകണ്ട് മൊഴിയെടുക്കാനും തെളിവുകള്‍ ശേഖരിക്കാനുമാണ് പൊലീസ് നീക്കം. ഇതിനായി സൈബര്‍ പൊലീസ് സംഘത്തെയും. വനിതാ പൊലീസിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെലഗ്രാം ചാറ്റുകള്‍, ശബ്ദ രേഖകള്‍ എന്നിവ തെളിവായി സമാഹരിക്കും.
ലൈംഗിക പീഡന പരാതികള്‍ ഉയര്‍ന്നതോടെ രാഹുല്‍ മാങ്കൂട്ടം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. പിന്നാലെ, കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. പാലക്കാട് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സാഹചര്യം ഒഴിവാക്കുന്നതിനായി എം.എല്‍.എ സ്ഥാനത്തുനിന്നുള്ള രാജിയെന്ന ആവശ്യത്തില്‍ നിന്നും പാര്‍ട്ടി പിന്‍വാങ്ങുകയായിരുന്നു.
അതേ സമയം രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് അറിയിച്ചിട്ടുണ്ട്. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് പറയാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. സെപ്തംബര്‍ പതിനഞ്ചിന് ചേരുന്ന നിയസഭാ സമ്മേളനത്തില്‍ നിന്ന് രാഹുല്‍ അവധിയെടുക്കാന്‍ സാധ്യതയെന്നായിരുന്നു പാര്‍ട്ടി വൃത്തങ്ങളുടെ പ്രതികരണം. എന്നാല്‍ രാഹുല്‍ നിയമസഭാ സമ്മേളനത്തിലേയ്ക്ക് വരുമെന്നാണ് യുഡിഎഫ് കണ്‍വീനര്‍ വ്യക്താക്കുന്നത്.
ഇതിനെക്കാള്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ ഭരണ പക്ഷത്ത് ഇരിക്കുമ്പോള്‍ രാഹുല്‍ വരാതിരിക്കുന്നത് എന്തിനെന്നാണ് ചോദ്യം. സമാന അഭിപ്രായം കെപിസിസി പ്രസിഡന്റും പ്രകടിപ്പിക്കുന്നു. ഒരു എംഎല്‍എയോട് നിയമസഭയില്‍ വരരുതെന്ന് ഒരു പാര്‍ട്ടിക്ക് എങ്ങനെ പറയാന്‍ കഴിയുമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ ചോദ്യം. മണ്ഡലത്തിന്റെ പ്രശ്‌നങ്ങള്‍ സഭയില്‍ ഉന്നയിക്കേണ്ടി വരും. സസ്‌പെന്‍ഡ് ചെയ്തതിനാല്‍ പാര്‍ട്ടിയുടെ സമയം രാഹുലിന് കൊടുക്കില്ല.
രാഹുലിന്റെ ഇരിപ്പിടം മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തു നല്‍കണമോയെന്ന് ആലോചിച്ച് തീരുമാനിക്കും. അതിന് സമയമുണ്ടെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. നിയമസഭാ കക്ഷിയില്‍ നിന്ന് രാഹുലിനെ ഒഴിവാക്കിയെന്ന് അറിയിച്ച് സ്പീക്കര്‍ക്ക് ഇതുവരെ കത്തു നല്‍കിയിട്ടില്ല. ക്രൈംബ്രാഞ്ച് കേസെടുത്തതിന് പിന്നാലെ ഒരു വിഭാഗം നേതാക്കള്‍ക്ക് രാഹുലിനോട് സഹതാപമുണ്ട് . എന്നാല്‍ രാഹുല്‍ പാലക്കാടേയ്ക്ക് വന്നാല്‍ ശക്തമായ സമരമെന്നാണ് ബിജെപി മുന്നറിയിപ്പ് .