ഇടത് അനുകൂല കുഴലൂത്തുകാരെ മാത്രം കണ്ടു ശീലിച്ചവര്‍ക്ക് ഷാജന്‍ ഒരു ശല്യക്കാരന്‍ ആകുന്നത് സ്വാഭാവികം; അക്കാരണത്താല്‍ അദ്ദേഹത്തെ ഉന്മൂലനം ചെയ്യാനുള്ള സിപിഎം നീക്കം ഭരണഘടനയ്ക്ക് തന്നെ ഭീഷണി; ഷാജന്‍ സ്‌കറിയയെ കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ ഉടന്‍ പിടികൂടണം; പ്രതികരിച്ച് സന്ദീപ് വാചസ്പതിയും

Update: 2025-08-31 02:56 GMT

കൊച്ചി: രാഷ്ട്രീയം തെമ്മാടികളുടെ അവസാന അഭയകേന്ദ്രമാണെന്ന പ്രയോഗം സിപിഎമ്മിനെ മുന്നില്‍ കണ്ടുള്ളതാണെന്ന് തെളിയിക്കുന്ന സംഭവമാണ് ഇന്നലെ തൊടുപുഴയില്‍ ഉണ്ടായതെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഷാജന്‍ സ്‌കറിയയെ ഉന്മൂലനം ചെയ്യാനുള്ള സിപിഎം നീക്കം ഭരണഘടനയ്ക്ക് തന്നെ ഭീഷണിയാണെന്നും ഷാജന്‍ സ്‌കറിയയെ കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ ഉടന്‍ പിടികൂടണമെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.

സന്ദീപ് വാചസ്പതിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

രാഷ്ട്രീയം തെമ്മാടികളുടെ അവസാന അഭയകേന്ദ്രമാണെന്ന പ്രയോഗം സിപിഎമ്മിനെ മുന്നില്‍ കണ്ടുള്ളതാണെന്ന് തെളിയിക്കുന്ന സംഭവമാണ് ഇന്നലെ തൊടുപുഴയില്‍ ഉണ്ടായത്. മാധ്യമ പ്രവര്‍ത്തകരെ ശാരീരികമായി നേരിടുക എന്നത് ജനാധിപത്യത്തില്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധ്യമല്ല. ഷാജന്‍ സ്‌കറിയ എല്ലാവര്‍ക്കും ദഹിക്കുന്ന തരം മാധ്യമപ്രവര്‍ത്തനം നടത്തുന്ന ആളല്ല. പക്ഷേ മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌കരിക്കുന്ന വാര്‍ത്തകള്‍ ജനങ്ങളെ അറിയിക്കാന്‍ അദ്ദേഹം നടത്തുന്ന ശ്രമം കണ്ടില്ലെന്ന് നടിക്കാന്‍ പറ്റില്ല. അങ്ങനെ വരുമ്പോള്‍ അവ പലപ്പോഴും സിപിഎമ്മിന് എതിരാകുന്നത് സ്വാഭാവികമാണ്. ഇടത് അനുകൂല കുഴലൂത്തുകാരെ മാത്രം കണ്ടു ശീലിച്ചവര്‍ക്ക് ഷാജന്‍ ഒരു ശല്യക്കാരന്‍ ആകുന്നത് സ്വാഭാവികമാണ്. പക്ഷേ അക്കാരണത്താല്‍ അദ്ദേഹത്തെ ഉന്മൂലനം ചെയ്യാനുള്ള സിപിഎം നീക്കം ഭരണഘടനയ്ക്ക് തന്നെ ഭീഷണിയാണ്. ഷാജന്‍ സ്‌കറിയയെ കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ ഉടന്‍ പിടികൂടണം.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരുക്കേറ്റ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇടുക്കി നഗരത്തിലെ മങ്ങാട്ടുകവലയില്‍, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം.ശിവപ്രസാദ് ഉദ്ഘാടനം ചെയ്ത ടി.എ.നസീര്‍ അനുസ്മരണ സമ്മേളനത്തിന്റെ വേദിക്കു സമീപത്തു ഇന്നലെ വൈകിട്ടായിരുന്നു മര്‍ദനം.

മുതലക്കോടത്ത് വിവാഹത്തില്‍ പങ്കെടുത്തു മടങ്ങിയ ഷാജന്റെ കാറില്‍ മറ്റൊരു കാര്‍ ഇടിച്ചു. തുടര്‍ന്ന് കാര്‍ നിര്‍ത്തിയ ഷാജനെ കാറിനുള്ളില്‍ വച്ചുതന്നെ നാലംഗ സംഘം മൂക്കിലും ശരീരത്തിലും തുടരെ ഇടിക്കുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. മൂക്കില്‍നിന്ന് രക്തം ഒഴുകുന്ന നിലയിലായിരുന്നു ഷാജന്‍. തൊടുപുഴ എസ്എച്ച്ഒ എസ്.മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ജില്ലാ ആശുപത്രിയിലേക്കും വിദഗ്ധ ചികിത്സയ്ക്കായി സ്മിത മെമ്മോറിയല്‍ ആശുപത്രിയിലേക്കും മാറ്റി.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ 4 പേരെ പ്രതിയാക്കി അന്വേഷണം ആരംഭിച്ചതായി തൊടുപുഴ എസ്എച്ച്ഒ പറഞ്ഞു. ഷാജന്‍ എത്തിയതറിഞ്ഞ് ആസൂത്രിതമായി വാഹനം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം.

Tags:    

Similar News