മങ്ങാട്ടു കവല മില്ലിന് സമീപം ഥാര്‍ ജീപ്പ് ഇടിച്ചു; ഡോറ് തുറന്ന് ഇറങ്ങി വന്ന് നിന്നെ കൊന്നിട്ടേ പോകുകയുള്ളൂ എന്ന് പറഞ്ഞ ഒന്നാം പ്രതി; കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച രണ്ടാം പ്രതി; ഷാജന്‍ സ്‌കറിയയെ കൊല്ലാന്‍ എത്തിയ ഡി വൈ എഫ് ഐ കിങ്കരന്മാര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റങ്ങള്‍; എഫ് ഐ ആറിലുള്ളത് ആക്രമണത്തിന്റെ നേര്‍ ചിത്രം

Update: 2025-08-31 03:27 GMT

ഇടുക്കി: ഷാജന്‍ സ്‌കറിയയെ മങ്ങാട്ടു കവലയില്‍ വച്ച് ആക്രമിച്ചത് അഞ്ചു പേര്‍ ചേര്‍ന്നെന്ന് പോലീസ് എഫ് ഐ ആര്‍. ആരുടേയും പേര് എഫ് ഐ ആറില്‍ ഇല്ല. എന്നാല്‍ ക്വാറി മുതലാളിയായ സിപിഎം അടുപ്പക്കാരനാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. ഷാജന്‍ സ്‌കറിയയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്ന് എഫ് ഐ ആര്‍ പറയുന്നു. ശനിയാഴ്ച രാത്രി ആറു നാല്‍പ്പതിനായിരുന്നു ആക്രമണം. ഭാരതീയ ന്യായ സംഹിതയിലെ 182(2), 190, 191(1), 191(2), 191(3), 115(2), 351(2), 126(2), 110 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അന്വേഷണത്തിന്റെ ഭാഗമായി കൃത്യമായ എഫ് ഐ ആര്‍ ആണ് പോലീസ് ഇട്ടിട്ടുള്ളത്. വധശ്രമകുറ്റവും ചുമത്തി.

ഒന്നു മുതല്‍ അഞ്ചു വരെ പ്രതികള്‍ക്ക് മാധ്യമ പ്രവര്‍ത്തകനായ ആവലാതിക്കാരനെ കൊല്ലണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി പ്രതികള്‍ ന്യായ വിരുദ്ധമായി സംഘം ചേര്‍ന്ന്ത ങ്ങള്‍ ഓരോരുത്തരും ടി സംഘത്തിലെ അംഗങ്ങള്‍ ആണെന്ന അറിവോടെ അക്രമം നടത്തിയെന്നാണ് എഫ് ഐ ആര്‍ പറയുന്നത്. മങ്ങാട്ടു കവല മില്ലിന് മുന്‍വശം ഭാഗത്തു വച്ച് ഥാര്‍ ജീപ്പ് ഇടിച്ചു. അതിന് ശേഷം ജിപ്പില്‍ നിന്നും ഡോറ് തുറന്ന് ഇറങ്ങി വന്ന് നിന്നെ കൊന്നിട്ടേ ഞങ്ങള്‍ പോകുകയുള്ളൂ എന്ന് പറഞ്ഞ് ആവലാതിക്കാരനെ കാറില്‍ നിന്നും വലിച്ചു ചാടിക്കാന്‍ ശ്രമിച്ചു. അതിനെ എതിര്‍ത്ത ആവലാതിക്കാരനെ ഒന്നാം പ്രതി കൈ ചുരുട്ടി വലതു മുഖഭാഗത്തും മുക്കിലും തലയിലും വലത് നെഞ്ചിലും തുടരെ ഇടിച്ചു. ആവലാതിക്കാരന്റെ മൂക്കിലും വായിലും മുറിവുണ്ടായി.

രണ്ടു മതുല്‍ അഞ്ചു വരെയുള്ള പ്രതികള്‍ ഷാജന്‍ സ്‌കറിയയെ ബലമായി കാറില്‍ പിടിച്ചിരുത്തി. രണ്ടാം പ്രതിയും നിന്നെ കൊന്നിട്ടേ പോകൂവെന്ന് പറഞ്ഞ് കഴുത്തില്‍ അമര്‍ത്തി പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു. മരണവെപ്രാളത്തില്‍ കൈ തട്ടി മാറ്റിയതു കൊണ്ടാണ് ആവലാതിക്കാരന്‍ മരണം സംഭവിക്കാത്തതെന്നും എഫ് ഐ ആര്‍ പറയുന്നു. അതായത് വധശ്രമത്തിനാണ് കേസെടുത്തത്. പ്രതികളെ പറ്റിയും പോലീസിന് വ്യക്തമായ സൂചനകളുണ്ട്. എന്നാല്‍ ആരേയും അറസ്റ്റു ചെയ്തിട്ടില്ല. ഇടുക്കിയിലെ മുന്‍ മന്ത്രി കൂടിയായ നേതാവിന്റെ സംരക്ഷണയിലാണ് പ്രതികള്‍ എന്നാണ് സൂചന. പ്രതികളുടെ വീട്ടിലെല്ലാം പോലീസ് രാത്രിയില്‍ റെയ്ഡ് നടത്തിയിരുന്നു. വൈകാതെ പ്രതികളെ സിപിഎം തന്നെ പോലീസിനെ ഏല്‍പ്പിക്കുമെന്നും സൂചനയുണ്ട്. സ്ഥിതി ഗതികള്‍ എകെജി സെന്റര്‍ നേരിട്ട് വിലയിരുത്തുന്നുണ്ട്. നേതൃത്വത്തിന്റെ അറിവും സമ്മതവും ഈ ആക്രമണത്തിന് കിട്ടിയെന്നാണ് സൂചന.


ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനത്തിലാണ് ഷാജന്‍ സ്‌കറിയയ്ക്ക് പരിക്കേറ്റതെന്ന് പോലീസും സമ്മതിക്കുന്നുണ്ട്. മങ്ങാട്ടുകവലയില്‍, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം.ശിവപ്രസാദ് ഉദ്ഘാടനം ചെയ്ത ടി.എ.നസീര്‍ അനുസ്മരണ സമ്മേളനത്തിന്റെ വേദിക്കു സമീപത്തായിരുന്നു മര്‍ദനം. മുതലക്കോടത്ത് വിവാഹത്തില്‍ പങ്കെടുത്തു മടങ്ങിയ ഷാജന്റെ കാറില്‍ ഥാര്‍ ഇടിച്ചു. തുടര്‍ന്ന് കാര്‍ നിര്‍ത്തിയ ഷാജനെ കാറിനുള്ളില്‍ വച്ചുതന്നെ സംഘം മൂക്കിലും ശരീരത്തിലും തുടരെ ഇടിക്കുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. മൂക്കില്‍നിന്ന് രക്തം ഒഴുകുന്ന നിലയിലായിരുന്നു ഷാജന്‍. തൊടുപുഴ എസ്എച്ച്ഒ എസ്.മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ജില്ലാ ആശുപത്രിയിലേക്കും വിദഗ്ധ ചികിത്സയ്ക്കായി സ്മിത മെമ്മോറിയല്‍ ആശുപത്രിയിലേക്കും മാറ്റി.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പ്രതിയാക്കി അന്വേഷണം ആരംഭിച്ചതായി തൊടുപുഴ എസ്എച്ച്ഒ പറഞ്ഞു. ഷാജന്‍ എത്തിയതറിഞ്ഞ് ആസൂത്രിതമായി വാഹനം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം.



Tags:    

Similar News