താന്‍ എങ്ങനെയാണ് രക്ഷപ്പെട്ടത് എന്ന കാര്യം വിശ്വാസ് കുമാറിന് തന്നെ കൃത്യമായി ഇപ്പോഴും ഓര്‍ക്കാന്‍ കഴിയുന്നില്ല; ഇത് വലിയൊരു അത്ഭുതം തന്നെയെന്ന് ചര്‍ച്ച ചെയ്ത് ആഗോള മാധ്യമങ്ങള്‍; അഹമ്മദാബാദില്‍ രക്ഷപ്പെട്ട ഏക യാത്രക്കാരന്‍ രണ്ടു ദിവസത്തിനകം ആശുപത്രി വിടും

Update: 2025-06-15 04:05 GMT

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ഏക യാത്രക്കാരനായ വിശ്വാസ് കുമാര്‍ രമേശിന്റെ കഥയാണ് ഇപ്പോഴും ലോകം മുഴുവന്‍ ചര്‍ച്ചയാകുന്നത്. പാശ്ചാത്യ മാധ്യമങ്ങളും വിശ്വാസ് കുമാറിന്റെ അത്ഭുതകരമായ രക്ഷപ്പെടലിനെ കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് ഇപ്പോള്‍ കൊടുക്കുന്നത്. താന്‍ എങ്ങനെയാണ് രക്ഷപ്പെട്ടത് എന്ന കാര്യം വിശ്വാസ് കുമാറിന് തന്നെ കൃത്യമായി ഇപ്പോഴും ഓര്‍ക്കാന്‍ കഴിയുന്നില്ല. ഇത് വലിയൊരു അത്ഭുതം തന്നെയാണ് എന്നാണ് വിശ്വാസ് കുമാര്‍ പറയുന്നത്. വിശ്വാസ് കുമാര്‍ രണ്ടു ദിവസത്തിനകം ആശുപത്രി വിടും.

വിമാനത്തിലെ പതിന്നൊന്ന് എ നമ്പര്‍ സീറ്റിലാണ് അദ്ദേഹം ഇരുന്നിരുന്നത്. ഒപ്പം യാത്ര ചെയ്തിരുന്ന സഹോദരന്‍ അജയ്കുമാര്‍ അപകടത്തില്‍ മരിച്ചിരുന്നു. അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിശ്വാസ് കുമാറിന് ഉടന്‍ തന്നെ ആശുപത്രി വിടാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ വിശ്വാസ് കുമാറുമായി ദീര്‍ഘനേരം സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളേക്കാള്‍ ഇപ്പോള്‍ സുഖം തോന്നുന്നു എന്നാണ് വിശ്വാസ് കുമാര്‍ പറയുന്നത്. വിമാനം താഴേ്ക്ക് വീണപ്പോള്‍ കണ്ട കാര്യങ്ങളെ കുറിച്ചൊന്നും തന്നെ ഇപ്പോള്‍ വിശദീകരിക്കാന്‍ കഴിയുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്.

വിമാനം തകര്‍ന്നു വീണപ്പോള്‍ തകര്‍ന്ന ഒരു വാതിലിലൂടെ പുറത്തെത്തി എന്നാണ് കുമാര്‍ പറയുന്നത്.തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതായും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ തന്നെ ഒരു ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചു എന്നുമാണ് വിശ്വാസ് കുമാര്‍ പറയുന്നത്. എമര്‍ജന്‍സി വാതിലും തന്റെ സീറ്റും തകര്‍ന്നതായിട്ടാണ് അദ്ദേഹം ഓര്‍ക്കുന്നത്. വിമാനത്തില്‍ നിന്ന് നിലത്തേക്ക് ചാടി രക്ഷപ്പെട്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ ചാടിയതല്ല ഉളളില്‍ നിന്ന് പുറത്തേക്ക് നടന്നതായിട്ടാണ് ഓര്‍ക്കുന്നതെന്നാണ് വിശ്വാസ് കുമാര്‍ ഓര്‍ത്തെടുക്കുന്നത്.

എന്തായാലും ഇതൊരു വലിയ അത്ഭുതം തന്നെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. വിശ്വാസ്‌കുമാറിനെ ചികിത്സിക്കുന്ന ഡോക്ടര്‍ പറയുന്നത് അദ്ദേഹത്തിന് നേരിയ തോതിലുള്ള പരിക്കുകള്‍ മാത്രമേ ഉള്ളൂ എന്നാണ്. ഇടതു കൈത്തണ്ടയില്‍ ചില പോറലുകളും ഇടതു കണ്പോളയിലും കണ്ണുകളിലും വീക്കവും മാത്രമാണ് ഉള്ളത്. രണ്ട് ദിവസത്തിനുള്ളില്‍ ഇദ്ദേഹത്തെ ഡിസ്ചാര്‍ജ്ജ് ചെയ്യുമെന്നും ഡോക്ടര്‍ അറിയിച്ചു. വിശ്വാസ് കുമാറിന്റ കുടുംബാംഗങ്ങള്‍ എല്ലാവരും അടുത്ത ദിവസങ്ങളില്‍ അഹമ്മദാബാദില്‍ എത്തും.

വിശ്വാസ് കുമാര്‍ രക്ഷപ്പെട്ടതില്‍ എല്ലാവര്‍ക്കും സന്തോഷമാണെങ്കിലും സഹോദരന്‍ അജയ് കുമാറിന്റെ വിയോഗം അവര്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല. വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടയില്‍ വിശ്വാസ് കുമാര്‍ വീട്ടുകാരെ മൊബൈലില്‍ വീഡിയോ കോള്‍ ചെയ്ത വാര്‍ത്തയും വലിയ തോതില്‍ വൈറലായിരുന്നു. വിശ്വാസ് കുമാര്‍ വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമാണ്.

Tags:    

Similar News