സഹിക്കാനാവാത്ത ചൂട് ഒഴിഞ്ഞു പോവാതെ ബ്രിട്ടന്‍; ശ്വാസം മുട്ടി ജനങ്ങള്‍; റിക്കോര്‍ഡ് ഭേദിക്കുന്ന ചൂട് നാളെ എത്തും; താപനില 35 ഡിഗ്രിയിലേക്ക് കടക്കുന്നു; യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനങ്ങള്‍ മരിച്ചു വീഴുന്നു; തുണി ഉരിഞ്ഞ് ബീച്ചുകളിലേക്ക് ഓടി മനുഷ്യര്‍

Update: 2025-07-01 02:52 GMT

ലണ്ടന്‍: യൂറോപ്യന്‍ ഭൂഖണ്ഡത്തിലാകെ ഉഷ്ണ തരംഗം ആഞ്ഞടിച്ചപ്പോള്‍ പലയിടങ്ങളിലും ചൂട് റെക്കോര്‍ഡ് ഭേദിച്ച് ഉയര്‍ന്നു. സ്പെയിനില്‍ ഇന്നലെ രേഖപ്പെടുത്തിയത് ചരിത്രത്തിലെ തന്നെ, ജൂണ്‍ മാസത്തിലെ ഏറ്റവും കൂടിയ ചൂട്. എല്‍ ഗ്രനേഡോയില്‍ ഇന്നലെ രേഖപ്പെടുത്തിയത് 46 ഡിഗ്രി സെല്‍ഷ്യസ്. ഇതിനു മുന്‍പ് സ്പെയിനില്‍ ജൂണ്‍ മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ചൂട് 1965 ല്‍ സെവിലെയില്‍ രേഖപ്പെടുത്തിയ 45.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഉഷ്ണ തരംഗം ഇനിയും തുടരാനാണ് സാധ്യത എന്നാണ് സപെയിനിന്റെ കാലാവസ്ഥാ ഏജന്‍സി പറയുന്നത്. പോര്‍ച്ചുഗലിലും ഇന്നലെ ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി. മോറയില്‍ രേഖപ്പെടുത്തിയത് 46.6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.

അതേസമയം, ബ്രിട്ടനിലെ താപനില റെക്കോര്‍ഡ് താപനിലയ്ക്ക് അടുത്തെത്തിയതോടെ, ശരീരമൊന്ന് തണുപ്പിക്കാന്‍ ആയിരങ്ങള്‍ കടല്‍ത്തീരങ്ങളിലേക്ക് ഓടിയെത്തി. തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലായിരുന്നു ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെ ഇവിടെ താപനില 34 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. തിരക്കേറിയ ബീച്ചുകളുടെയും സ്വിമ്മിംഗ് പൂളുകളുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചില ബീച്ചുകള്‍ ആളുകളെ കൊണ്ട് പൂര്‍ണ്ണമായും നിറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. കനത്ത ചൂടിനെ വകവയ്ക്കാതെ ടെന്നീസ് ആരാധകര്‍ വിംബിള്‍ഡണ്‍ ആദ്യ ദിവസം ദര്‍ശിക്കാന്‍ എത്തിയിരുന്നു.

ലണ്ടന്‍, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ മെറ്റ് ഓഫീസ് ഒരു ആംബര്‍ ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് 6 മണിവരെ ഈ അലര്‍ട്ട് പ്രാബല്യത്തില്‍ ഉണ്ടാകും. അതിനിടയില്‍, ഇന്ന് ചൂട് വീണ്ടും വര്‍ദ്ധിക്കും എന്ന മുന്നറിയിപ്പാണ് വന്നിരിക്കുന്നത്. തെക്ക് കിഴക്കന്‍പ്രദേശങ്ങളില്‍ ചൂട് 35 ഡിഗ്രി സെല്‍ഷ്യസ് വരെ ആയി ഉയര്‍ന്നേക്കും എന്നാണ് മുന്നറിയിപ്പ്. അതായത്, ഇന്നും ബ്രിട്ടന്‍ ഉരുകിയൊലിക്കും എന്ന് ചുരുക്കം. ജീവനും സ്വത്തിനും ഭീഷണിയാകുമെന്ന സാഹചര്യം ഉണ്ടാകുമ്പോളോ മാത്രമെ ആംബര്‍ അലര്‍ട്ട് പ്രഖ്യാപിക്കാറുള്ളു എന്നാണ് മെറ്റ് ഓഫീസ് പറയുന്നത്. കഴിഞ്ഞ രണ്ടാഴ്ച കാലത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിക്കുന്നത്.

മരണ നിരക്ക്, പ്രത്യേകിച്ചും 65 വയസ്സിന് മേല്‍ പ്രായമുള്ളവരിലും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കിടയിലും മരണനിരക്ക് വര്‍ദ്ധിക്കും എന്നതിനാലാണ് ഇപ്പോള്‍ യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യു കെ എച്ച് എസ് എ) അഞ്ച് ദിവസത്തെ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ വിമ്പിള്‍ഡണ്‍ ആരംഭിച്ചപ്പോള്‍, ചരിത്രത്തിലെ തന്നെ വിംബിള്‍ഡണ്‍ ആരംഭദിനത്തിലെ റെക്കോര്‍ഡ് ചൂടുള്ള ദിവസമായി മാറി. ഇതിനു മുന്‍പത്തെ റെക്കോര്‍ഡ് 2001 ല്‍ രേഖപ്പെടുത്തിയ 29.3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഇന്ന് ലിസ്ബണ്‍, ബാഴ്‌സിലോണ, ഹവായ്, മെക്സിക്കോ സിറ്റി, ബാര്‍ബഡോസ് എന്നീ നഗരങ്ങളിലേതിനേക്കാള്‍ ചൂട് ലണ്ടനില്‍ അനുഭവപ്പെടും.

എന്നാല്‍ രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. അതുപോലെ വടക്കന്‍ മേഖലയില്‍ താപനിലയും താരതമ്യേന കുറവായിരിക്കും. സ്‌കോട്ട്‌ലാന്‍ഡില്‍ ശരാശരി താപനില 15 ഡിഗ്രിക്കും 19 ഡിഗ്രിക്കും ഇടയിലായി തുടരും. ഇംഗ്ലണ്ടില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് 2022 ജൂലായ് 19 ന് ആയിരുന്നു. അന്ന്, ലിങ്കണ്‍ഷയറിലെ കോനിംഗ്‌സ്ബറിയില്‍ രേഖപ്പെടുത്തിയത് 40.3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. അതിനിടയില്‍, ഹൈലാന്‍ഡ്‌സ്, മൊറേ, സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ കാട്ടു തീ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

Tags:    

Similar News