കര്‍ശനമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും ആരാധനാക്രമ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിര്‍ബന്ധിതനാകുമെന്നും ഇതിനായി ശക്തമായ സമ്മര്‍ദ്ദം ഉണ്ടാകും എന്നും വിലയിരുത്തല്‍; പുതിയ മാര്‍പ്പാപ്പയുടെ നിലപാട് നിര്‍ണ്ണായകം

Update: 2025-07-04 09:14 GMT

വത്തിക്കാന്‍: ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ സ്ഥാനാരോഹണത്തിന്റെ ആദ്യ നാളുകളില്‍ തന്നെ കത്തോലിക്കാ സഭയ്ക്കുള്ളില്‍ പരമ്പരാഗത ലാറ്റിന്‍ കുര്‍ബാനയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും ജീവമാകുകയാണ്. അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പുരാതന ആരാധനക്രമത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ അതിന് വിരുദ്ധമായ രീതിയിലുള്ള വത്തിക്കാന്‍ രേഖകള്‍ ചോര്‍ന്ന സംഭവങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

2020ലെ വത്തിക്കാന്‍ സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം കത്തോലിക്കാ ബിഷപ്പുമാരും ലാറ്റിന്‍ കുര്‍ബാനയില്‍ പൊതുവേ തൃപ്തി രേഖപ്പെടുത്തിയിരുന്നു എന്നാണ് ഈ രേഖകള്‍ സൂചിപ്പിക്കുന്നത്. കര്‍ശനമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് അവര്‍ എല്ലാവരും അഭിപ്രായപ്പെട്ടത്. ലാറ്റിന്‍ കുര്‍ബാനയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന മാധ്യമ പ്രവര്‍ത്തകനായ ഡയാന്‍ മൊണ്ടാഗ്‌നയാണ് വത്തിക്കാന്‍ ഡോക്ടറിന്‍ ഓഫീസില്‍ നിന്നുള്ള ഇത് സംബന്ധിച് വസ്തുതകള്‍ പുറത്തു വിട്ടത്.

രേഖകളുടെ ആധികാരികതയെക്കുറിച്ച് അഭിപ്രായം പറയാനോ സ്ഥിരീകരിക്കാനോ ഉള്ള അഭ്യര്‍ത്ഥനകളോട് വത്തിക്കാന്‍ വക്താക്കള്‍ ഇനിയും പ്രതികരിച്ചിട്ടില്ല. ചോര്‍ന്ന വിവരങ്ങള്‍ ആധികാരികമാണെന്ന് കണ്ടെത്തിയാല്‍ ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കാലത്ത് അമേരിക്കയില്‍ ആരാധനാക്രമം സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിര്‍ബന്ധിതനാകുമെന്നും ഇതിനായി ശക്തമായ സമ്മര്‍ദ്ദം ഉണ്ടാകും എന്നുമാണ് കരുതപ്പെടുന്നത്.

സഭയ്ക്കുള്ളില്‍ ഐക്യവും അനുരഞ്ജനവും പ്രോത്സാഹിപ്പിക്കുക എന്നതാണ് തന്റെ പ്രാഥമിക ലക്ഷ്യമെന്ന് ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പ നിരന്തരമായി വ്യക്തമാക്കിയിരുന്നു. കൂടാതെ യാഥാസ്ഥിതികരും പാരമ്പര്യവാദികളും ലാറ്റിന്‍ കുര്‍ബാന വിവാദത്തെ അടിയന്തരമായി പരിഹരിക്കേണ്ട ഒരു വിഷയമായിട്ടാണ് കാണുന്നത്. 2021 ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ അംഗീകരിച്ച ആരാധനാക്രമ പാരമ്പര്യത്തെ മാറ്റുകയും കത്തോലിക്കര്‍ക്ക് പഴയ ലാറ്റിന്‍ കുര്‍ബാനയിലേക്ക് പ്രവേശനം പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.

പുരോഹിതന്‍ പീഠങ്ങള്‍ക്ക് അഭിമുഖമായി പ്രാദേശിക ഭാഷയില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ നേരത്തേ അനുവദിച്ചിരുന്നു. ബെനഡിക്ട് മാര്‍പ്പാപ്പയുടെ തീരുമാനം സഭയില്‍ ഭിന്നത ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പഴയ ആരാധനാ ക്രമം തുടരേണ്ടതില്ല എന്ന് തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്ന രേഖകള്‍ പ്രകാരം ബനഡിക്ട് മാര്‍പ്പാപ്പയുടെ പരിഷ്‌ക്കരണത്തെ കുറിച്ച് അനുകൂലമായ നിലപാടാണ് ഉണ്ടായിരുന്നത് എന്നാണ് മനസിലാക്കേണ്ടത്.

ചില ബിഷപ്പുമാര്‍ മാത്രമാണ് ഇതിനെ അനുകൂലിക്കാതിരുന്നത് എന്നും രേഖകളിലുണ്ട്. ന്യൂനപക്ഷം ബിഷപ്പുമാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പരമ്പരാഗത കുര്‍ബാനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് ചിലര്‍ വാദിക്കുന്നത്.

Tags:    

Similar News