പാലക്കാട് നിപ സ്ഥിരീകരിച്ച 38കാരിയുടെ നില അതീവ ഗുരുതരം; മകനും ബന്ധുവായ കുട്ടിയും പനിബാധിച്ച് ആശുപത്രിയില്‍; വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനായില്ല; സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍

Update: 2025-07-06 06:07 GMT

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. മെഡിക്കല്‍ കോളേജിലെ നിപ വാര്‍ഡിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയെ ഇന്നലെ രാത്രിയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ജൂലൈ ഒന്നിനാണ് ഇവര്‍ രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയത്.

യുവതിയുടെ 12 വയസുള്ള മകനെയും പനിയെത്തുടര്‍ന്ന് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുവായ പത്ത് വയസുള്ള കുട്ടിയെ പനിയെ തുടര്‍ന്ന് നേരത്തെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നു വ്യക്തമായിട്ടില്ല.

110 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്ന് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലുള്ളത്. ഇതില്‍ 65 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.യുവതിക്ക് രോഗബാധയേറ്റതിന് പിന്നാലെ നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായുള്ള ആരോഗ്യവകുപ്പിന്റെ സര്‍വേ തുടരുകയാണ്. ഇതിന്റെ ഭാഗമായി മഞ്ചേരി മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘം യുവതിയുടെ വീടും പരിസരവും പരിശോധിച്ചു. തച്ചനാട്ടുകരയിലെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച നാലുവാര്‍ഡുകളിലാണ് ആരോഗ്യ വകുപ്പ് സര്‍വേ നടത്തുന്നത്.

രണ്ടു മാസത്തിനിടെ നിപ രോഗ ലക്ഷണങ്ങള്‍ ആര്‍ക്കെങ്കിലും ഉണ്ടായിരുന്നോ എന്നതുള്‍പ്പെടെയാണ് പരിശോധിക്കുന്നത്. 75 അംഗ സംഘം ഇന്നലെ തുടങ്ങിയ സര്‍വേ ഇന്നു പൂര്‍ത്തിയാക്കുമെന്നാണ് വിവരം.സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. അഞ്ച് പേര്‍ ഐ.സി.യുവില്‍ ചികിത്സയിലുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ നെഗറ്റീവായിട്ടുണ്ട്. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 87 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്. നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ പനി സര്‍വൈലന്‍സ് നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Tags:    

Similar News