തങ്ങള്‍ വിവാഹമോചിതരാകാന്‍ പോകുന്നു എന്ന നാട്ടുകാര്‍ കരുതുമ്പോള്‍ ഭര്‍ത്താവിനോടൊപ്പം ഇത്തരത്തില്‍ ഒരു മുറിയില്‍ ഇരിക്കാന്‍ കഴിയുന്നത് സന്തോഷകരമായ കാര്യമാണെന്ന് മിഷേല്‍; ഒബാമ വിവാഹമോചിതനാകുമോ? ഉത്തരം നല്‍കി പോഡ് കാസ്റ്റ്

Update: 2025-07-17 04:52 GMT

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേലുമായുള്ള വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരക്കുന്നതിന് വിരാമമിട്ടു കൊണ്ട് ഇരുവരും ഒരുമിച്ച് മാധ്യമപ്രവര്‍ത്തകരെ കണ്ടു. മാസങ്ങളായി തുടരുന്ന ഊഹാപോഹങ്ങള്‍ക്ക് ശേഷമാണ് രണ്ട് പേരും തങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് തുറന്ന് സംസാരിച്ചത്. മിഷേല്‍ ഒബാമയും സഹോദരന്‍ ക്രേഗ് റോബിന്‍സണും അവതാരകരായി നടത്തുന്ന പോഡ്കാസ്റ്റിലാണ് ബരാക്ക് ഒബാമ പങ്കെടുത്തത്. തങ്ങള്‍ വേര്‍പിരിയാന്‍ പോകുന്നു എന്ന വാര്‍ത്തകളെ കുറിച്ച് ഇരുവരും പ്രത്യേക പരാമര്‍ശം നടത്തിയിരുന്നില്ല.

നിങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുന്നുണ്ടോ എന്ന റോബിന്‍സണിന്റെ ചോദ്യത്തിന് മിഷേല്‍ മറുപടി നല്‍കിയത് അത് കിംവദന്തികളുടെ വലിയൊരു ശേഖരമല്ലേ എന്നായിരുന്നു. മിഷേല്‍ തന്നെ തിരികെ കൊണ്ടു പോയി എന്നായിരുന്നു ഒബാമയുടെ മറുപടി. തങ്ങള്‍ വിവാഹമോചിതരാകാന്‍ പോകുന്നു എന്ന നാട്ടുകാര്‍ കരുതുമ്പോള്‍ ഭര്‍ത്താവിനോടൊപ്പം ഇത്തരത്തില്‍ ഒരു മുറിയില്‍ ഇരിക്കാന്‍ കഴിയുന്നത് സന്തോഷകരമായ കാര്യമാണെന്ന് മിഷേല്‍ സഹോദരനോട് ചൂണ്ടിക്കാട്ടി. കഴിഞ്ഞ മുപ്പത്തിമൂന്ന് വര്‍ഷമായി താന്‍ ഒബാമയുമായി തീവ്ര പ്രണയത്തിലാണെന്നും അവര്‍ വ്യക്തമാക്കി.

ഭര്‍ത്താവിനെ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ഞങ്ങളുടെ ദാമ്പത്യത്തില്‍ താന്‍ ചിന്തിച്ച ഒരു നിമിഷം പോലും ഉണ്ടായിട്ടില്ലെന്നും മിഷേല്‍ വികാരഭരിതയായി പറഞ്ഞു. ജീവിതത്തില്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായ നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിനൊപ്പം തന്നെ എത്രയോ ആഹ്ലാദകരമായ നിമിഷങ്ങളും ഉണ്ടായിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. വിവാഹം കഴിച്ച പുരുഷന്‍ കാരണം താന്‍ കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയായി എന്നും മിഷേല്‍ സമ്മതിച്ചു. സഹോദരിയുടെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ തന്റെ ചില ആരാധകര്‍ പലപ്പോഴും ചോദിച്ചിരുന്നതായി റോബിന്‍സണും വെളിപ്പെടുത്തി.

അതേ സമയം അഭിമുഖത്തില്‍ പങ്കെടുത്ത ബരാക് ഒബാമയാകട്ടെ തങ്ങളുടെ കുടുംബജീവിതത്തിനെ കുറിച്ചുള്ള പല ഊഹാപോഹങ്ങളും മിസ് ചെയ്തതായി സമ്മതിച്ചു. ആളുകള്‍ എന്താണ് പറയുന്നതെന്ന് തനിക്ക് കൃത്യമായി അറിയില്ലായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ആരെങ്കിലും തന്നോട് ഇക്കാര്യം ചോദിച്ചാല്‍ നിങ്ങള്‍ എന്താണ് ചോദിക്കുന്നത് എന്നായിരുന്നു തന്റെ മറുപടിയെന്നും ഒബാമ തുറന്ന് പറഞ്ഞു. ഒബാമ ദമ്പതികള്‍ വിവാഹിതരായിട്ട് മുപ്പത്തിമൂന്ന് വര്‍ഷമായി. 26 വയസ്സുള്ള മാലിയയും 24 വയസ്സുള്ള സാഷയുമാണ് മക്കള്‍. കഴിഞ്ഞ കുറേ മാസങ്ങളായി അവരുടെ വിവാഹ ജീവിതം തകരുകയാണ് എന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്.

ജിമ്മി കാര്‍ട്ടറിന്റെ സംസ്‌കാര ചടങ്ങിലും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലും മിഷേല്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ പരന്നത്. കഴിഞ്ഞ ഏപ്രിലില്‍ ഒബാമ തന്റെ ഭാര്യയുമായി വലിയ ഒരു പ്രതിസന്ധിയിലാണെന്ന് സമ്മതിച്ചതും ഇതിനെല്ലാം ആക്കം കൂട്ടി. കഴിഞ്ഞ മെയ് മാസത്തില്‍ തനിക്ക് ഭര്‍ത്താവുമായി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ എല്ലാവരും അതിനെ കുറിച്ചറിയും എന്ന് മിഷേല്‍ വ്യക്തമാക്കിയിരുന്നു.

Similar News