ജെന്‍ സികളുടെ പ്രക്ഷോഭത്തിനിടെ ജയില്‍ ചാടിയ തടവുകാര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമം; സശസ്ത്ര സീമ ബല്‍ പിടികൂടിയത് 65 പേരെ; പിടിയിലായവര്‍ അവകാശപ്പെട്ടത് തങ്ങള്‍ ഇന്ത്യക്കാരെന്ന്; ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഗുരുതര സാഹചര്യം
ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഗുരുതര സാഹചര്യം
ന്യൂഡല്‍ഹി: ജെന്‍ സികളുടെ പ്രക്ഷോഭത്തിനിടെ നേപ്പാളിലെ വിവിധ ജയിലുകളില്‍ നിന്ന് രക്ഷപ്പെട്ട തടവുകാര്‍ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമം. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് 65 പേരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടുന്നത്. ഇവരെല്ലാം നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പിടികൂടുന്ന പലരും അവകാശപ്പെടുന്നത് തങ്ങള്‍ ഇന്ത്യാക്കാരെന്നാണ്. നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചവരില്‍ ബംഗ്ലാദേശികളും ഉണ്ടെന്നാണ് വിവരം. അതിര്‍ത്തിയില്‍ ഇപ്പോള്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
ബംഗ്ലാദേശില്‍ കലാപം നടന്നപ്പോഴും സമാനമായ സാഹചര്യം ഉണ്ടായിരുന്നു. അന്ന് കലാപത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ നിന്ന് നൂറ് കണക്കിനാളുകളാണ് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ബംഗ്ലാദേശില്‍ കലുഷിതമായ രാഷ്ട്രീയ സാഹചര്യം അവസാനിച്ചതോടെ ഇതിന് ഒരയവ് വന്നിട്ടുണ്ട്. ഇതിനിടെയാണ് നേപ്പാളില്‍ കലാപം ഉണ്ടായതും ഇവിടെ നിന്ന് ജയില്‍ ചാടിയവര്‍ അടക്കം രാജ്യം വിടാന്‍ ശ്രമിച്ചതും. ഉത്തര്‍പ്രദേശ്, ബിഹാര്‍, വെസ്റ്റ് ബംഗാള്‍ സംസ്ഥാനങ്ങളിലെ അന്താരാഷ്ട്ര അതിര്‍ത്തികളിലൂടെയാണ് നേപ്പാളില്‍ നിന്നുള്ളവര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്. ഇവിടങ്ങളില്‍ നിന്ന് പിടിയിലാകുന്നവരെ അതത് പൊലീസ് സേനകള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്.
ഉത്തര്‍ പ്രദേശിലെ സിദ്ധാര്‍ത്ഥ്നഗറിനടുത്തുള്ള ഇന്തോ - നേപ്പാള്‍ അതിര്‍ത്തിയില്‍ വെച്ചാണ് കൂടുതല്‍ പേരെ ഇന്ത്യയുടെ സശസ്ത്ര സീമ ബല്‍ പിടികൂടിയത്. ഇവരുടെ കൈവശം ആവശ്യമായ രേഖകള്‍ ഇല്ലായിരുന്നുവെന്ന് എസ്എസ്ബി ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിര്‍ത്തി പ്രദേശത്ത് എത്തിയ ഇവരെ എസ്എസ്ബി ഉദ്യോഗസ്ഥര്‍ തടയുകയും രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ആവശ്യമായ രേഖകള്‍ കൈവശമില്ലെന്ന് വ്യക്തമായതോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് വിവരങ്ങള്‍ വ്യക്തമായതെന്ന് ഒരു എസ്എസ്ബി ഉദ്യോഗസ്ഥന്‍ പറഞ്ഞു. നേപ്പാളില്‍ പ്രക്ഷോഭം ആരംഭിച്ചതുമുതല്‍ എസ്എസ്ബി അതീവ ജാഗ്രതയിലാണ്. പട്രോളിങ് വര്‍ധിപ്പിക്കുകയും സേനാ വിന്യാസം ശക്തിപ്പെടുത്തുകയും അതിര്‍ത്തി അടയ്ക്കുകയും ചെയ്തു.
തടവുകാരില്‍ പലരും ഇന്ത്യയിലേക്ക് പലായനം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് എസ്എസ്ബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. റക്‌സോള്‍, സുപോള്‍, മഹാരാജ്ഗഞ്ച്, സീതാമര്‍ഹി ജില്ലകളില്‍ എസ്എസ്ബി ഫ്‌ലാഗ് മാര്‍ച്ച് നടത്തുന്നുണ്ട്. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരും നേപ്പാളുമായുള്ള അതിര്‍ത്തി നിരീക്ഷിച്ചുവരികയാണ്. കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതോ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതോ ആയ സോഷ്യല്‍ മീഡിയ പോസ്റ്റുകളും എസ്എസ്ബിയുടെ സൈബര്‍ വിഭാഗം നിരീക്ഷിക്കുന്നുണ്ട്. നേപ്പാള്‍ സൈന്യം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം സ്ഥിതിഗതികള്‍ സുസ്ഥിരമായിരുന്നു. പക്ഷേ ഇന്ത്യന്‍ ഭാഗത്ത് സൈന്യം ജാഗ്രത പാലിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നേപ്പാളിലെ പ്രതിഷേധത്തിന് പിന്നാലെ കാഠ്മണ്ഡു, പൊഖാറ, ലളിത്പൂര്‍ എന്നിവിടങ്ങളിലെ ജയിലുകളില്‍ നിന്ന് നൂറുകണക്കിന് തടവുകാര്‍ രക്ഷപ്പെട്ടതായി പ്രാദേശിക മാധ്യമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഹോതാരി ജില്ലയില്‍ പ്രതിഷേധക്കാര്‍ ജലേശ്വര്‍ ജയിലിന് തീയിട്ടു. 576 തടവുകാരില്‍ ഒരാളൊഴികെ മറ്റെല്ലാവരും ജയില്‍ സ്വത്തുക്കള്‍ കൈക്കലാക്കി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.
പ്രക്ഷോഭക്കാരെ ഭയന്ന് പോലീസ് പിന്‍വാങ്ങിയതോടെ പൊഖാറ ജയിലില്‍ നിന്ന് 900 തടവുകാര്‍ രക്ഷപ്പെട്ടു. കാഠ്മണ്ഡുവിലെ നഖു ജയിലില്‍ നിന്ന് മുന്‍ ആഭ്യന്തരമന്ത്രി രവി ലാച്ചിമാനെയെ രക്ഷിക്കാന്‍ അദ്ദേഹത്തിന്റെ അനുയായികള്‍ ജയില്‍ കവാടങ്ങള്‍ തകര്‍ത്തു.
ബാക്കിയുള്ള തടവുകാരും ഈ അവസരം മുതലെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു.