ബിന്ദുവിനെതിരെ കേസെടുത്തതിനാല്‍ മാല കിട്ടിയ കാര്യം പുറത്ത് പറയരുതെന്ന് എസ്‌ഐ നിര്‍ദ്ദേശിച്ചു; ഒരു ഗ്രേഡ് എസ്‌ഐ എഴുതി തന്നെ മൊഴിയില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് നിധി ഡാനിയല്‍; തെളിവുകള്‍ സിസിടിവിയിലും ഉണ്ട്! പേരൂര്‍ക്കടയിലേത് പോലീസ് ഗൂഡാലോചന; ബിന്ദുവിനെ ക്രൂശിച്ചത് ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ദളിത് സ്ത്രീയായ ബിന്ദുവിനെ വ്യാജമോഷണക്കേസില്‍ കുടുക്കാനുള്ള ഗൂഡാലോചനയുടെ വിശദാംശങ്ങള്‍ പുറത്ത്. ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്.
തിരുവനന്തപുരം പനവൂര്‍ സ്വദേശിനി ബിന്ദു(36)വിനെ മോഷണക്കുറ്റം ആരോപിച്ച് പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ 20 മണിക്കൂറോളം മാനസികമായി പീഡിപ്പിച്ച സംഭവത്തിലാണ് ക്രൈംബ്രാഞ്ച് പോലീസിനെതിരേ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
പേരൂര്‍ക്കട സ്റ്റേഷനില്‍ നടന്ന പൊലീസ് തിരക്കഥയാണ് ബിന്ദുവിനെതിരായ കേസ്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തു വന്നിട്ടുണ്ട്. സ്വര്‍ണ മാല സോഫയുടെ അടിയില്‍ നിന്നും കിട്ടിയെന്ന കാര്യം പരാതിക്കാരായ ഓമന ഡാനിയലും മകള്‍ നിധി ഡാനിയലും എസ്‌ഐ പ്രസാദിനെ അറിയിച്ചിരുന്നു. ബിന്ദുവിനെതിരെ കേസെടുത്തതിനാല്‍ മാല കിട്ടിയ കാര്യം പുറത്ത് പറയരുതെന്ന് എസ്‌ഐ നിര്‍ദ്ദേശിക്കുകയായിരുന്നു. ചവര്‍ കൂനയില്‍ നിന്നും കിട്ടിയെന്ന് പറയാന്‍ എസ്‌ഐ പറഞ്ഞുവെന്നാണ് കണ്ടെത്തല്‍. പിന്നീടാണ് ഓമന ഡാനിയന്‍ മൊഴി നല്‍കിയത്. കേസില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തു.
ഒരു ഗ്രേഡ് എസ്‌ഐ എഴുതി തന്നെ മൊഴിയില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് നിധി ഡാനിയല്‍ പറയുന്നു. ഗ്രേഡ് എസ്‌ഐ എഡ്വിനാണ് മൊഴി എഴുതി തയ്യാറാക്കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇതിലും ശബ്ദമുണ്ടെന്നാണ് സൂചന. ദളിത് യുവതിയ മോഷണക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച പേരൂര്‍ക്കട എസ് എച്ച് ഒ ശിവകുമാര്‍, ഓമന ഡാനിയല്‍ എന്നിവര്‍ക്കെതിരെ നടപടിവേണമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
അമ്പലമുക്ക് സ്വദേശിനിയായ ഓമന ഡാനിയേലിന്റെ വീട്ടിലാണ് ബിന്ദു ജോലിക്കുനിന്നിരുന്നത്. ഇവിടെനിന്ന് മോഷണംപോയ മാല പിന്നീട് വീടിന് പിന്നിലെ മാലിന്യക്കൂനയില്‍നിന്ന് കണ്ടെത്തിയെന്നായിരുന്നു പോലീസ് നേരത്തേ പറഞ്ഞിരുന്നത്. മോഷ്ടിച്ച മാല ബിന്ദു മാലിന്യക്കൂനയില്‍ ഉപേക്ഷിച്ചതാകാമെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍, പോലീസ് പറഞ്ഞതെല്ലാം നുണക്കഥയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്.
വീട്ടുടമയായ ഓമന ഡാനിയേലിന് മറവിപ്രശ്നമുണ്ട്. കാണാതായ മാല ഇവര്‍ വീട്ടിനുള്ളില്‍ തന്നെ വെച്ചിരുന്നു. വീട്ടിനുള്ളില്‍നിന്നാണ് മാല പിന്നീട് കണ്ടെത്തിയത്. ബിന്ദുവിനെ കസ്റ്റഡിയിലെടുത്തത് ന്യായീകരിക്കാനാണ് പോലീസ് നുണക്കഥ മെനഞ്ഞതെന്നും ക്രൈംബ്രാഞ്ച് പറയുന്നു. അമ്പലമുക്ക് സ്വദേശിനിയായ ഓമന ഡാനിയേലിന്റെ വീട്ടില്‍നിന്ന് സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ബിന്ദുവിനെ പേരൂര്‍ക്കട പോലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചത്. വെള്ളംപോലും നല്‍കാതെ ഒരുരാത്രി മുഴുവന്‍ പോലീസ് സ്റ്റേഷനിലിരുത്തി ബിന്ദുവിനെ പോലീസ് മാനസികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി.
മാല മോഷ്ടിച്ചിട്ടില്ലെന്ന് ബിന്ദു ആവര്‍ത്തിച്ചിട്ട് പറഞ്ഞിട്ടും പോലീസ് ഇതൊന്നും ചെവികൊണ്ടില്ല. തുടര്‍ന്ന് വീട്ടില്‍നിന്ന് മാല കിട്ടിയതോടെയാണ് മണിക്കൂറുകള്‍ക്ക് ശേഷം പോലീസ് ബിന്ദുവിനെ വിട്ടയച്ചത്. ബിന്ദു നല്‍കിയ പരാതിയെ തുടര്‍ന്ന് എസ്‌ഐയെയും എഎസ്‌ഐയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറെ കോഴിക്കോടേക്ക് സ്ഥലം മാറ്റി.
പൊലീസ് പീഡനത്തില്‍ ഉള്‍പ്പെടെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട ബിന്ദു നല്‍കിയ പരാതി, ജില്ലയ്ക്ക് പുറത്തുള്ള ഡിവൈഎസ്പി അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഡിവൈഎസ്പി വിദ്യാധാരന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസിനെതിരെ ഗുരുതര കണ്ടെത്തലുകള്‍ നടത്തിയത്.