രാജ്യത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും സൂചിപ്പിക്കുന്ന ഏകദേശം 25,000 മുതല്‍ 30,000 വരെ പുരാവസ്തുക്കള്‍; ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡല്‍ഹിയില്‍; സെന്‍ട്രല്‍ സെക്രട്ടറിയേറ്റില്‍ വാസ്തുശില്‍പ്പ അത്ഭുതം
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം തുറക്കാനുള്ള പദ്ധതികള്‍ അന്തിമഘട്ടത്തിലേക്ക് എത്തുന്നു. ഏകദേശം 30,000 പുരാവസ്തുക്കളും 950 മുറികളുമാണ് ഈ മ്യൂസിയത്തില്‍ ഉണ്ടാകുക. ഇതില്‍ നമുക്ക് അഭിമാനിക്കാനുള്ള വകയുണ്ട് എന്നതാണ് മറ്റൊരു കാര്യം. മ്യൂസിയം ആരംഭിക്കുന്നത് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ്.
സെന്‍ട്രല്‍ സെക്രട്ടറിയേറ്റിലാണ് ഈ അഭിമാന സ്ഥാപനം വരുന്നത്. 1947 മുതല്‍ ഈ കെട്ടിടം കേന്ദ്രസര്‍ക്കാര്‍ സെന്‍ട്രല്‍ സെക്രട്ടറിയേറ്റായി ഉപയോഗിച്ച് വരികയായിരുന്നു. ചുവന്ന കല്ലില്‍ നിര്‍മ്മിച്ച ഈ കെട്ടിടത്തില്‍ നാലായിരം മുറികളാണ് ഉള്ളത്. നേരത്തേ നിരവധി മന്ത്രാലയങ്ങള്‍ ഇവിടുത്തെ സൗത്ത് ബ്ലോക്കിലും നോര്‍ത്ത് ബ്ലോക്കിലും ആയിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. കാഴ്ചയില്‍ അതിമനോഹരമായ ഈ കെട്ടിടം പോയ കാലത്തെ വാസ്തുശില്‍പ്പ ശൈലിയുടെ മികച്ച ഉദാഹരണമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണകാലത്താണ് ഈ കൂറ്റന്‍ കെട്ടിട സമുച്ചയം നിര്‍മ്മിച്ചത്.
സ്വാതന്ത്യലബ്ധിക്ക് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഇത് ഉപയോഗിച്ച് തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ മറ്റൊരു സ്ഥലത്തേക്ക് മാറാന്‍ ഒരുങ്ങുകയാണ്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ കെട്ടിടത്തെ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായി മാറ്റാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. കൊളോണിയല്‍ ഭൂതകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളില്‍ നിന്ന് മാറിനില്‍ക്കാന്‍ പ്രധാനമന്ത്രി ആഗ്രഹിക്കുന്നു എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
യുഗേ യുഗീന്‍ ഭാരത് മ്യൂസിയം എന്ന് നാമകരണം ചെയ്യപ്പെടുന്ന ഈ സ്ഥാപനം ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന നാഷണല്‍ മ്യൂസിയത്തിന് പകരമായിരിക്കും ഇനി മുതല്‍ പ്രവര്‍ത്തിക്കുക. സംസ്‌കൃതത്തില്‍ 'ശാശ്വത ഇന്ത്യ' എന്നാണ് പേരിന്റെ അര്‍ത്ഥം. കെട്ടിടത്തിലെ ഏകദേശം 950 മുറികള്‍ പുതിയ മ്യൂസിയത്തിനായി ഉപയോഗിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. രാജ്യത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും സൂചിപ്പിക്കുന്ന ഏകദേശം 25,000 മുതല്‍ 30,000 വരെ പുരാവസ്തുക്കള്‍ അതിനുള്ളില്‍ ഉണ്ടായിരിക്കും.
ഇത് സംബന്ധിച്ച മാറ്റങ്ങള്‍ എന്നുണ്ടാകും എന്ന കാര്യം ഇനിയും വ്യക്തമല്ല. സെന്‍ട്രല്‍ സെക്രട്ടറിയേറ്റിലെ സ്ഥലപരിമിതി കാരണമാണ് പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ നിര്‍മ്മാണവും ഇപ്പോള്‍ പുരോഗമിക്കുകയാണ്.