193 രാജ്യങ്ങളില്‍ വിസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയുന്ന ഏക പൗരന്മാര്‍ സിംഗപ്പൂര്‍ പാസ്സ്‌പോര്‍ട്ട് ഉടമകള്‍; പാസ്സ്‌പോര്‍ട്ട് മികവില്‍ രണ്ടാമത് ജപ്പാനും ദക്ഷിണ കൊറിയയും; മികവില്‍ മൂന്നാമത് യൂറോപ്യന്‍ രാജ്യങ്ങള്‍; ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട് ഉടമകള്‍ക്ക് 59 രാജ്യങ്ങളില്‍ പോവാം
ലോകത്ത് മിന്നല്‍ വേഗത്തില്‍ വളര്‍ന്ന രാജ്യമാണ് സിങ്കപ്പൂര്‍. ചെറിയ രാജ്യമാണെങ്കിലും സമ്പത്തിന്റെയും ജീവിത നിലവാരത്തിന്റെയും എല്ലാം കാര്യങ്ങളില്‍ ഏറെ മുന്നില്‍ തന്നെയാണ് ഈ രാജ്യം. ആഗോള പാസ്പോര്‍ട്ട് റാങ്കിംഗിലും സിങ്കപ്പൂര്‍ തന്നെയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. സിങ്കപ്പൂരിലെ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയുന്നത് 193 രാജ്യങ്ങളിലേക്കാണ്.
ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന് ജപ്പാനും മൂന്നാമത് യൂറോപ്യന്‍ രാജ്യങ്ങളുമാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്നത് ബെലാറസും കൊസോവോയുമാണ്. പുതിയ ആഗോള പാസ്‌പോര്‍ട്ട് റാങ്കിംഗില്‍ യൂറോപ്പ് ആധിപത്യം പുലര്‍ത്തുന്നു എങ്കിലും എല്ലാ രാജ്യങ്ങളും ഇക്കാര്യത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനില്‍ നിന്ന് ശേഖരിച്ച ഡാറ്റ ഉപയോഗിച്ച് ലോകത്തിലെ പാസ്‌പോര്‍ട്ടുകളെ എത്ര സ്ഥലങ്ങളിലേക്ക് വിസ രഹിത ആക്‌സസ് അനുവദിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്യുന്ന ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക 2025 ലാണ് അത് സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്ളത്.
സിങ്കപ്പൂര്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. 190 രാജ്യങ്ങളുമായി ജപ്പാനും ദക്ഷിണ കൊറിയയും രണ്ടാം സ്ഥാനത്താണ്. ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, അയര്‍ലന്‍ഡ്, ഇറ്റലി, സ്‌പെയിന്‍ എന്നീ ഏഴ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ മൂന്നാം സ്ഥാനം പങ്കിടുകയാണ്. ഇവര്‍ക്ക് 189 സ്ഥലങ്ങളിലേക്ക് വിസ രഹിത ആക്‌സസ് ഉണ്ട്. തൊട്ടുപിന്നില്‍ ഓസ്ട്രിയ, ബെല്‍ജിയം, ലക്സംബര്‍ഗ്, നെതര്‍ലാന്‍ഡ്‌സ്, നോര്‍വേ, പോര്‍ച്ചുഗല്‍, സ്വീഡന്‍ എന്നിവ 188 സ്ഥലങ്ങളിലേക്ക് പ്രവേശനവുമായി നാലാം സ്ഥാനത്താണ്. ഷെങ്കന്‍ രാജ്യങ്ങളിലേക്കുള്ള പ്രവേശനവും ശക്തമായ നയതന്ത്ര ബന്ധങ്ങളും കാരണം ആഗോളതലത്തില്‍ 28 യൂറോപ്യന്‍ രാജ്യങ്ങള്‍ മികച്ച 10 സ്ഥാനങ്ങളില്‍ ഇടം നേടിയിട്ടുണ്ട്.
അതേ സമയം യൂറോപ്യന്‍ രാജ്യമായ ബെലാറസ് അറുപത്തിരണ്ടാം സ്ഥാനത്താണ്. കൊസോവയാണ് തൊട്ടു പിന്നില്‍. 2015 ല്‍ ഒന്നാം സ്ഥാനത്തായിരുന്ന യു.കെ ഇപ്പോള്‍ ആറാം സ്ഥാനത്താണ്. 2014 ല്‍ ഒന്നാം സ്ഥാനത്തായിരുന്ന അമേരിക്ക ഇപ്പോള്‍ പത്താം സ്ഥാനത്താണ്. സൂചികയുടെ 20 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന സ്ഥാനമാണിത്. രണ്ട് രാജ്യങ്ങളിലും കുടിയേറ്റത്തിന്റെ കാര്യത്തില്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ഇതിന് കാരണമെന്നാണ് കരുതപ്പെടുന്നത്.
യു.എ.ഇ, സൗദി, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിവേഗം മുന്നിലെത്തുകയായിരുന്നു. അതേ സമയം ഇന്ത്യയ്ക്ക്് ഈ രംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്താന്‍ കഴിഞ്ഞിരിക്കുകയാണ്. രാജ്യം എഴുപത്തിഏഴാം സ്ഥാനത്താണ്. ഇന്ത്യക്കാര്‍ക്ക് 59 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയും.