ആഡംബര വസ്തുക്കള്‍ മോഷ്ടിച്ച കുറ്റത്തിന് അമേരിക്കക്കാരനായ ദന്തഡോക്ടറും ഭാര്യയായ എന്‍ജിനിയറും സിങ്കപ്പൂരിലെ ജയിലില്‍ കിടന്നത് ആഴ്ചകളോളം; മോഷണം ഇഷ്ട വിനോദമാക്കിയ വിനോദ സഞ്ചാരികളുടെ കഥ
വിനോദ സഞ്ചാരത്തിനിടെ ഷോപ്പിംഗ് നടത്തുന്ന ചിലരുടെ ഇഷ്ടവിനോദമാണ് സാധനങ്ങള്‍ അടിച്ചുമാറ്റുന്നത്. ലോകത്ത് ഏറ്റവുമധികം ടൂറിസ്റ്റുകള്‍ എത്തുന്ന രാജ്യങ്ങളില്‍ ഒന്നായ സിങ്കപ്പൂരില്‍ പലപ്പോഴും വിനോദസഞ്ചാരികളെ മോഷണക്കുറ്റത്തിന് പിടികൂടാറുണ്ട്. ആഡംബര വസ്തുക്കള്‍ മോഷ്ടിച്ച കുറ്റത്തിന് അമേരിക്കക്കാരനായ ദന്തഡോക്ടറും ഭാര്യയായ എന്‍ജിനിയറും ആഴ്ചകളോളമാണ് സിങ്കപ്പൂരിലെ ജയിലില്‍ കഴിയേണ്ടി വന്നത്.
കഴിഞ്ഞ ജൂണ്‍ 23 ന് ചാംഗി വിമാനത്താവളത്തിലെ ഡിസൈനര്‍ കടകളില്‍ നിന്ന് മോഷണം നടത്തിയ കുറ്റത്തിനാണ് കപാഡിയ ഹുസൈന്‍ സോഹര്‍, കപാഡിയ അമത്തുള്ള എന്നിവരെ അറസ്റ്റ് ചെയ്തത്. യുഎസ് പൗരന്മാരായ ദമ്പതികള്‍ ലൂയി വിറ്റണില്‍ നിന്നും ഡിയോറില്‍ നിന്നും 750 ഡോളറിലധികം വിലവരുന്ന വിലയേറിയ വസ്തുക്കള്‍ മോഷ്ടിച്ചതായി അധികൃതര്‍ പറഞ്ഞു. മടക്കയാത്രക്കായി വിമാനത്തില്‍ കയറുന്നതിന് മുമ്പാണ് ഇവര്‍ ഇക്കാര്യം ചെയ്തത്. മുംബൈയിലേക്കുള്ള വിമാനത്തില്‍ കയറിയതിന് തൊട്ടു പിന്നാലെ എത്തിയ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. വിമാനത്താവളത്തിനുള്ളിലെ സി.സി.ടി.വിയില്‍ ദമ്പതികള്‍ നടത്തിയ മോഷണം തെളിഞ്ഞിരുന്നു. അറസ്റ്റിലായ ഇവരെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകായിരുന്നു. ഇരുവരും മോഷണക്കുറ്റം സമ്മതിച്ചിരുന്നു.
മോഷണം നടത്തിയതിന് സോഹറിന് 18 ദിവസത്തെ തടവും ഭാര്യയ്ക്ക് ഒരാഴ്ചത്തെ തടവുമാണ് കോടതി ശിക്ഷ വിധിച്ചത്. സോഹര്‍ ഒരത്യാഗ്രഹി ആണെന്നും അമിതമായി പണം ചെലവഴിക്കുന്ന ശീലം ഇയാള്‍ക്കുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. വിമാനത്താവള ടെര്‍മിനലില്‍ എത്തിയ ദമ്പതികള്‍ വൈകുന്നേരം അഞ്ച് മണിയോടെയാണ് മോഷണം ആരംഭിച്ചത്. ആദ്യം ഇവര്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് ഹോള്‍ഡര്‍ മോഷ്ടിച്ചു. ഇതിന് 600 ഡോളര്‍ വിലവരും. അടുത്ത ടെര്‍മിനലിലെ ഒരു കടയില്‍ നിന്ന് വിലകൂടിയ പെര്‍ഫ്യൂമും ഇയാള്‍ കൈക്കലാക്കി.
ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കാന്‍ ഇയാള്‍ ഭാര്യയെ ചുമതലപ്പെടുത്തിയിരുന്നു. കപാഡിയ ഹുസൈന്‍ ടെക്സസിലെ ഹൂസ്റ്റണിലുള്ള ഒരു ക്ലിനിക്കിലാണ് ജോലി ചെയ്യുന്നത്.