മനുഷ്യരെ നക്ഷത്രങ്ങളിലേക്ക് കൊണ്ടുപോകാന്‍ കഴിയുന്ന ഭാവി ബഹിരാകാശ കപ്പല്‍ ഒരുങ്ങുന്നു; ആയിരം പേരെ വഹിക്കാന്‍ കഴിയുന്ന ക്രിസാലിസ് വാഹനത്തിന്റെ കഥ

Update: 2025-08-07 08:19 GMT

നുഷ്യരെ നക്ഷത്രങ്ങളിലേക്ക് കൊണ്ടുപോകാന്‍ കഴിയുന്ന ഭാവി ബഹിരാകാശ കപ്പല്‍ അണിയറയില്‍ ഒരുങ്ങുന്നു. ക്രിസാലിസ് എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന് ആയിരം പേരെ വഹിക്കാന്‍ കഴിയും എന്നാണ് കരുതപ്പെടുന്നത്. ആല്‍ഫ സെന്റോറി എന്ന ഏറ്റവും അടുത്തുള്ള നക്ഷത്ര വ്യവസ്ഥയിലേക്ക് ഒരു കൂട്ടം മനുഷ്യരെ കൊണ്ടുപോകുന്നതിനാണ് ഈ ഭാവി ബഹിരാകാശ പേടകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

58 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇതില്‍ വിവിധതരം ജൈവ ആവാസവ്യവസ്ഥകള്‍, ഭക്ഷ്യ ഉല്‍പ്പാദന കേന്ദ്രങ്ങള്‍, ലൈബ്രറികള്‍, പാര്‍ക്കുകള്‍, ബഹുനില താമസസ്ഥലങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, സ്പോര്‍ട്സ് കോംപ്ലക്സുകള്‍ എന്നിവ ഉള്‍പ്പെടുന്നു. 130 മീറ്റര്‍ ഉയരമുള്ള ഗ്ലാസ് പാനലുകളുള്ള കോസ്മോസ് ഡോം ആണ് ഇത്. ഏകദേശം 1,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ ബഹിരാകാശ പേടകം ന്യൂക്ലിയര്‍ ഫ്യൂഷന്‍ റിയാക്ടറുകളാല്‍ പ്രവര്‍ത്തിപ്പിക്കപ്പെടുന്നത്. കൃത്രിമ ഗുരുത്വാകര്‍ഷണം സൃഷ്ടിക്കുന്നതിനായി ഒരു കൂട്ടം കോണ്‍സെന്‍ട്രിക് സിലിണ്ടറുകളും ഇതിലുണ്ട്.

നാസയിലെ ശാസ്ത്രജ്ഞന്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇത് സംബന്ധിച്ച് നൂറോളം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരിക്കുകയാണ്. പ്രകാശത്തേക്കാള്‍ വേഗതയുള്ള യാത്ര ഇതിന് അനുവദനീയമല്ല. ഭൂമിയില്‍ നിന്നുള്ള സാംസ്‌കാരിക, ജൈവ, സാങ്കേതിക പൈതൃകങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം സൂര്യനില്‍ നിന്ന് നാല് പ്രകാശവര്‍ഷം അകലെയുള്ള പ്രോക്സിമ സെന്റോറി ബി ഗ്രഹത്തിന്റെ ഉപരിതലത്തിലേക്ക് യാത്രക്കാരെ സുരക്ഷിതമായി എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ദൗത്യം. വ്യത്യസ്ത 'ഷെല്‍' പരിതസ്ഥിതികളായി ബഹിരാകാശ പേടകം വിഭജിക്കപ്പെട്ടിട്ടുണ്ട്. ഓരോന്നിനും അതിന്റേതായ പ്രവര്‍ത്തന രീതിയുണ്ട്.

ഭൂമിയിലെ എല്ലാ ജീവിവര്‍ഗങ്ങളുടെയും വിത്തുകള്‍, ഭ്രൂണങ്ങള്‍, ഡിഎന്‍എ എന്നിവ സംഭരിക്കുന്ന ഒരു ജനിതക ബാങ്കും ഇതില്‍ ഉണ്ടായിരിക്കും. ഇതിലെ ഭക്ഷ്യ ഉല്‍പ്പാദനം സസ്യ ഇനങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തും. ചുരുക്കത്തില്‍ പേടകത്തിലെ എല്ലാവരും സസ്യഭുക്കുകളായിരിക്കും. എന്നാല്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ എത്ര സമയമെടുക്കും എന്ന കാര്യം വ്യക്തമല്ല. ചിലപ്പോള്‍ നൂറ്റാണ്ടുകള്‍ തന്നെ വേണ്ടി വരുമായിരിക്കും ഈ സ്വപ്നം യാഥാര്‍ത്ഥ്യമായി വരാന്‍.

Tags:    

Similar News