ഫോഷാനിൽ നിന്നെത്തിയ സ്ത്രീയുടെ പെരുമാറ്റത്തിൽ സംശയം; തെർമോമീറ്റർ കൊണ്ടുള്ള പരിശോധനയിൽ ആശുപത്രികളിൽ അടക്കം അലർട്ട് വാണിംഗ്; ക്വാറന്റൈൻ കേന്ദ്രങ്ങളും തുറന്നു; പരക്കം പാഞ്ഞ് ജനങ്ങൾ; ചൈനയിൽ പൊട്ടിയ ആ വൈറസ് തായ്‌വാനിലും; എങ്ങും 2019 നെ ഓർമിപ്പിക്കുംവിധം കാഴ്ചകൾ; ജാഗ്രത വേണമെന്ന് ഭരണകൂടം
തയ് പെയ്: കഴിഞ്ഞ മാസം മുതലാണ് ചൈനയെ വീണ്ടും ആശങ്കയിലാഴ്ത്തി ചിക്കുൻഗുനിയ വൈറസ് പരന്ന് തുടങ്ങിയത്. ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ ചിക്കുൻഗുനിയ വൈറസ് ഏറ്റവും അധികം താണ്ഡവമാടിയത്. ഇപ്പോഴിതാ, ചൈനയിൽ പരന്ന ചിക്കുൻഗുനിയ വൈറസ് രാജ്യ അതിർത്തികൾ താണ്ടി മറ്റൊരു രാജ്യത്തേക്ക് വ്യാപിച്ചതായി റിപ്പോർട്ടുകൾ.
തായ്‌വാനിലാണ് മഹാമാരി പടർന്നുപിടിക്കുന്നത്. ഇതിനോടകം പതിനായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തതായും വിവരങ്ങൾ ഉണ്ട്. ഇതോടെ അധികൃതർ ജാഗ്രത നിർദ്ദേശം പുറപ്പെടുവിപ്പിക്കുകയും ചെയ്തു. കോവിഡ് മഹാമാരിയെ തുടർന്ന് അന്ന് പാലിച്ചുവന്ന അതെ പ്രതിരോധ നടപടികളിലേക്കും ക്വാറന്റൈനുകളിലേക്കും നീങ്ങിയതായും ഭരണകൂടം വ്യക്തമാക്കി.
തായ്‌വാൻ്റെ രോഗ നിയന്ത്രണ കേന്ദ്രം (CDC) വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ ആദ്യത്തെ ചിക്കുൻഗുനിയ കേസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ രോഗത്തിൻ്റെ പ്രഭവകേന്ദ്രമായ ഫോഷാനിൽ നിന്ന് യാത്ര കഴിഞ്ഞെത്തിയ ഒരു തായ്‌വാനീസ് സ്ത്രീക്കാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.
അതേസമയം, ഗ്വാങ്‌ഡോങ്ങിലെ പന്ത്രണ്ടിലധികം നഗരങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം ഏകദേശം 3,000 പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം പതിനായിരം കവിഞ്ഞു. ഈ സാഹചര്യത്തിൻ്റെ ഗൗരവം കണക്കിലെടുത്ത്, യുണൈറ്റഡ് സ്റ്റേറ്റ്സ് സിഡിസി ഗ്വാങ്‌ഡോങ് പ്രവിശ്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ലെവൽ 2 ജാഗ്രതാ നിർദ്ദേശം അധികൃതർ നൽകുകയും ചെയ്തു.
അതുപോലെ, ഈ വൈറസ് വ്യാപനം, 2019 ൽ ലോകത്തെ തന്നെ ഒന്നടങ്കം വിറപ്പിച്ച കോവിഡ് മഹാമാരി പോലെ ആകുമോ എന്ന ആശങ്കയും അധികൃതർക്ക് ഉണ്ട്. രോഗവ്യാപനം അമേരിക്കയിലും എത്തിയിരിക്കാമെന്ന ആശങ്ക വിദഗ്ദ്ധർ പങ്കുവെക്കുന്നു. "ചൈനയിലെ പൊട്ടിയ ഈ വൈറസ് ബാധ അതീവ ഗൗരവതരമാണ്. ഇതിനോടകം തന്നെ വൈറസ് യുഎസിൽ എത്തിയിരിക്കാൻ സാധ്യതയുണ്ട്. ഒരു വിമാനയാത്രയുടെ ദൂരം മാത്രമേ അതിനുള്ളൂ" നെവാഡയിലെ ഗവേഷകയായ ഡോ. ലൂയിസ മെസഞ്ചർ അഭിപ്രായപ്പെട്ടു.
ഡെങ്കിപ്പനി, സിക്ക തുടങ്ങിയ മാരക രോഗങ്ങൾ പരത്തുന്ന അതേ ഇനത്തിൽപ്പെട്ട ഈഡിസ് കൊതുകുകളാണ് ചിക്കുൻഗുനിയയുടെയും പ്രാഥമിക വാഹകർ. രോഗം മൂർച്ഛിക്കുന്നത് കുറവാണെങ്കിലും, കഠിനമായ പനി, അസഹനീയമായ സന്ധിവേദന എന്നിവ ഇതിൻ്റെ പ്രധാന ലക്ഷണങ്ങളാണ്. ചില ഗുരുതരമായ കേസുകളിൽ, ഹൃദയത്തെയും മസ്തിഷ്കത്തെയും ബാധിക്കുന്ന സങ്കീർണ്ണതകളിലേക്ക് ഇത് നയിക്കാനും സാധ്യത ഉണ്ട്.
യുകെയിലെ വെൽക്കം സാംഗർ ഇൻസ്റ്റിറ്റ്യൂട്ടിലെ വൈറസ് നിരീക്ഷണ വിഭാഗം മേധാവി റോജർ ഹ്യൂസന്റെ അഭിപ്രായത്തിൽ, ചൈനയിൽ നിലവിലുള്ളത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിക്കുൻഗുനിയ ആണെന്ന റിപ്പോർട്ടുകളും ഉണ്ട്. അതുകൊണ്ട് തന്നെ സ്ത്രീകളും കുട്ടികളും പ്രായമായവരും എല്ലാം ജാഗ്രത പാലിക്കണമെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകുന്നു.
ഫൊഷാൻ നഗരത്തിലാണ് രോഗം ഏറ്റവും ഗുരുതരമായി ബാധിച്ചിരിക്കുന്നത്. ഇവിടുത്തെ രോഗികളോട് പരിശോധനാഫലം നെഗറ്റീവ് ആകുന്നത് വരെ ആശുപത്രിയിൽ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്. ഫോഷാൻ കൂടാതെ, മറ്റ് 12 നഗരങ്ങളിലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മാത്രം ഏകദേശം 3,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
അതിനിടെ, കൊതുക് പെരുകുന്ന സ്ഥലങ്ങൾ ഉടനടി നശിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയ ചില ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും അധികൃതർ പിഴ ചുമത്തിയിട്ടുണ്ട്. ചൈനയിൽ അപൂർവമായി മാത്രമേ ചിക്കുൻഗുനിയ വ്യാപനം ഇതിന് മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.