'അപ്പൊ..പോവലെ; ഇനി നമുക്ക്..പ്ലെയിൻ പൊക്കി വട്ടത്തിൽ കറക്കാം..'; മറക്കാൻ പറ്റോ സിഐഡി മൂസയിലെ ആ രംഗങ്ങൾ; ആകാശത്ത് ഇപ്പൊ..എഫ് 35 ജെറ്റിനും സമാന അവസ്ഥ; അന്ന് തിരുവനന്തപുരത്ത്, ഇന്ന് ജപ്പാന്റെ ഉറക്കവും കെടുത്തി; കഗോഷിമ എയർപോർട്ടിൽ അടിയന്തിര ലാൻഡിംഗ്; എല്ലാം നിരീക്ഷിച്ച് യുകെ; ആ യുദ്ധവിമാനം രണ്ടാം തവണയും പണി മുടക്കുമ്പോൾ
ടോക്കിയോ: ബ്രിട്ടീഷ് റോയൽ എയർഫോഴ്സിൻ്റെ അത്യാധുനിക എഫ്-35ബി സ്റ്റെൽത്ത് യുദ്ധവിമാനത്തിന് വീണ്ടും സാങ്കേതികത്തകരാർ. യാത്രാമധ്യേ യാന്ത്രികമായ തകരാർ സംശയിച്ചതിനെത്തുടർന്ന് വിമാനം ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. ഇതിനെ തുടർന്ന് വിമാനത്താവളത്തിലെ വ്യോമഗതാഗതത്തെ കാര്യമായി ബാധിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സമീപകാലത്ത് ഇത് രണ്ടാം തവണയാണ് യുകെയുടെ അഭിമാനമായ ഈ അഞ്ചാം തലമുറ പോർവിമാനത്തിന് ഗുരുതരമായ പിഴവുകൾ സംഭവിക്കുന്നത്. മാസങ്ങൾക്കുമുമ്പ്, സമാനമായ ഒരു സാഹചര്യത്തിൽ മറ്റൊരു എഫ്-35ബി വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപ്രതീക്ഷിതമായി ഇറക്കേണ്ടി വന്നതും അതിനെ തുടർന്നുണ്ടായ സംഭവങ്ങൾ എല്ലാം വലിയ വർത്തയായിരുന്നു.
യുകെയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള ദീർഘദൂര യാത്രയ്ക്കിടെ ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ തകരാറായിരുന്നു തിരുവനന്തപുരത്തെ ലാൻഡിംഗിന് കാരണമായത്. തുടർന്ന്, 38 ദിവസത്തോളം വിമാനം തിരുവനന്തപുരത്ത് അറ്റകുറ്റപ്പണികൾക്കായി നിശ്ചലമായിക്കിടക്കുകയും ചെയ്തിരുന്നു. വിമാന നിർമ്മാതാക്കളിൽ നിന്നും യുകെയിൽ നിന്നുമെത്തിയ വിദഗ്ദ്ധ സംഘത്തിൻ്റെ ആഴ്ചകൾ നീണ്ട കഠിനപ്രയത്നത്തിനൊടുവിലാണ് തകരാർ പൂർണ്ണമായി പരിഹരിച്ച് വിമാനത്തിന് യാത്ര പുനരാരംഭിക്കാൻ സാധിച്ചത്.
അതേസമയം, അഞ്ച് ആഴ്ചയ്ക്ക് ശേഷമാണ് ബ്രിട്ടീഷ് നേവിയുടെ വിമാന വാഹിനി കപ്പൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് തിരികെ പറന്നത്. യുകെയിൽ നിന്നുള്ള വിദഗ്ധ സംഘമെത്തി അറ്റകുറ്റപ്പണികൾ ചെയ്ത ശേഷമാണ് മടക്കം.
ജൂൺ 14 ന് യുകെയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് പറക്കുന്നതിനിടെയാണ് വിമാനം കേരളത്തിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നത്. കുറഞ്ഞ ഇന്ധന നിലയും പ്രതികൂല കാലാവസ്ഥയും നേരിട്ട പൈലറ്റ് അടുത്തുള്ള വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് തെരഞ്ഞെടുത്തു. ഇന്ത്യൻ വ്യോമസേന ഉടൻ എത്തി തിരുവനന്തപുരത്ത് ലാൻഡിംഗ് സൗകര്യമൊരുക്കി.
വിമാനത്തിലുണ്ടായിരുന്ന ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്സിലറി പവർ യൂണിറ്റിന്റെയും തകരാറുകളാണ് ആദ്യം പരിഹരിച്ചത്. തുടർന്ന് വിമാനത്താവളത്തിലെ ഹാങ്ങറിൽനിന്നു പുറത്തിറക്കി എൻജിന്റെ ക്ഷമത പരിശോധിച്ച് ഉറപ്പാക്കി. പറത്തിക്കൊണ്ടുപോകാൻ കഴിയുമോ എന്ന സംശയം ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ അറ്റകുറ്റപ്പണികൾ വിജയകരമായി പൂർത്തിയാക്കിയതോടെ വിമാനം പറത്തിക്കൊണ്ടു പോകാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കുകയായിരുന്നു.