എല്ലാവരും എ ലെവലിന് മൂന്നു സബ്ജക്ടുകള്‍ തെരഞ്ഞെടുത്തപ്പോള്‍ മഹ്നൂര്‍ ചീമ എടുത്തത് 23 വിഷയങ്ങള്‍; എല്ലാറ്റിനും എ ഗ്രെയ്‌ഡോ എ സ്റ്റാറോ; സ്റ്റീഫന്‍ ഹോക്കിംഗിന്റെ ഐക്യുവിനെ മറികടന്ന് വളര്‍ന്ന ഏഷ്യന്‍ വംശജയായ പെണ്‍കുട്ടിയുടെ കഥ

Update: 2025-08-16 01:17 GMT

പ്രമുഖ ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്സിനേക്കാള്‍ ഉയര്‍ന്ന ഐക്യുവുമായി 23 എ-ലെവല്‍ പരീക്ഷകളില്‍ എ, എ* ഗ്രേഡുകള്‍ വാരിക്കൂട്ടി ഏഷ്യന്‍ വംശജയായ വിദ്യാര്‍ത്ഥിനി മഹാനൂര്‍ ചീമ എന്നാണ് ഈ മിടുക്കിയുടെ പേര്. 18 വയസ്സുകാരിയായ മഹാനൂര്‍ ചീമയ്ക്ക് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ മെഡിസിന്‍ പഠനത്തിന് ഉപാധികളില്ലാതെ പ്രവേശനം ലഭിച്ചിരിക്കുകയാണ്. 161 ഐക്യു നിലവാരമുള്ള മഹാനൂര്‍, സ്റ്റീഫന്‍ ഹോക്കിങ്സിനേക്കാള്‍ ഒരു പോയിന്റ് മുന്നിലാണ്.

ഈ അസാധാരണ നേട്ടത്തോടെ, തന്റെ എക്കാലത്തേയും സ്വപ്നമായ ഓക്സ്ഫോര്‍ഡിലെ മെഡിസിന്‍ പഠനം യാഥാര്‍ത്ഥ്യമാക്കുകയാണ് ഈ വിദ്യാര്‍ത്ഥിനി. അതേ സമയം മഹാനൂറിന്റെ ഈ നേട്ടത്തിന് പിന്നില്‍ പ്രതിസന്ധികള്‍ ഏറെയായിരുന്നു. വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ ഹെന്റിയേറ്റ ബാര്‍നെറ്റ് സ്‌കൂളിലെ അധികൃതര്‍ മഹാനൂറിന്റെ ഹാജര്‍ നിലയെക്കുറിച്ച് ചില സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. പരീക്ഷകള്‍ എഴുതുന്നതിനായി ക്ലാസ്സുകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് മഹാനൂറിനെ പരീക്ഷകളില്‍ നിന്ന് തടയാനും സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചിരുന്നു.

തുടക്കത്തില്‍ 31 എ-ലെവലുകള്‍ പഠിക്കാന്‍ ആഗ്രഹിച്ച മഹാനൂറിന്, സ്‌കൂളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ 23 വിഷയങ്ങള്‍ മാതക്രമേ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞുള്ളൂ. സാധാരണ ബ്രിട്ടീഷ് വിദ്യാര്‍ത്ഥികള്‍ മൂന്ന് എ-ലെവലുകള്‍ മാത്രം പഠിക്കുമ്പോള്‍, മഹാനൂര്‍ അതിന്റെ ഏഴിരട്ടിയിലേറെ വിഷയങ്ങളിലാണ് വിജയം നേടിയത്. ആദ്യ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ തന്നെ നാല് എ* ഗ്രേഡുകള്‍ നേടിയ മഹാനൂര്‍, എന്‍വയോണ്‍മെന്റല്‍ മാനേജ്‌മെന്റ്, മറൈന്‍ സയന്‍സ്, ഇംഗ്ലീഷ് ലാംഗ്വേജ്, തിങ്കിങ് സ്‌കില്‍സ് തുടങ്ങിയ വിഷയങ്ങളിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

വെറും മൂന്ന് എ-ലെവലുകള്‍ മാത്രം പഠിക്കുന്നത് തനിക്ക് വിരസതയാണ് നല്‍കുന്നതെന്ന് നേരത്തേ മഹാനൂര്‍ പറഞ്ഞിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാധാരണ ധാരണകളെ വെല്ലുവിളിച്ച്, തന്റെ അസാധാരണമായ പ്രതിഭയും ദൃഢനിശ്ചയവും കൊണ്ട് മഹാനൂര്‍ ചീമ നേടിയെടുത്ത ഈ വിജയം യഥാര്‍ത്ഥത്തില്‍ അമ്പരപ്പിക്കുന്നതാണ്. മൊത്തത്തില്‍, മഹാനൂര്‍ മനഃശാസ്ത്രം, സാമൂഹ്യശാസ്ത്രം, നിയമം, ബിസിനസ്സ്, അക്കൗണ്ടിംഗ്, സാമ്പത്തിക ശാസ്ത്രം, ലാറ്റിന്‍, ജര്‍മ്മന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഫിലിം സ്റ്റഡീസ്, പൊളിറ്റിക്സ്, ക്ലാസിക്കല്‍ നാഗരികത, ഗണിതം, കൂടുതല്‍ ഗണിതം, ഭൂമിശാസ്ത്രം, മാധ്യമ പഠനം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഇംഗ്ലീഷ് സാഹിത്യം, ചലച്ചിത്ര പഠനം, ഫ്രഞ്ച്, സ്ഥിതിവിവരക്കണക്കുകള്‍, അക്കൗണ്ടിംഗ് എന്നിവയാണ് പഠിച്ചത്. ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ് എന്നീ പ്രശസ്ത സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിനുള്ള ഏറ്റവും മികച്ച സംസ്ഥാന സ്‌കൂളുകളില്‍ ഒന്നാണ് ഹെന്റിയേറ്റ ബാര്‍നെറ്റ് സ്‌കൂള്‍.

പാക്കിസ്ഥാനിലെ ലാഹോര്‍ സ്വദേശികളാണ് ഈ കുട്ടിയുടെ മാതാപിതാക്കള്‍. ആറ് വയസ്സായപ്പോഴേക്കും മഹ്നൂര്‍ ഏഴ് ഹാരി പോട്ടര്‍ പുസ്തകങ്ങളും വായിച്ചുതീര്‍ത്തു, 11 വയസ്സായപ്പോഴേക്കും ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് നിഘണ്ടു മുഴുവന്‍ മനഃപാഠമാക്കി പഠിച്ചു എന്നാണ് പറയപ്പെടുന്നത്.

Similar News