പുതുച്ചേരിയിലെ രേഖകളില്‍ രണ്ടാമത്തെ ഉടമയായിരുന്ന മന്ത്രിയുടെ ഭാര്യ ബിന്ദു കേരളത്തില്‍ എത്തിയപ്പോള്‍ 'ആദ്യത്തെ' ഉടമയായി; പുനലൂര്‍ ആര്‍ടി ഓഫിസില്‍ നിന്നും ആ മിനി കൂപ്പര്‍ കാബ്രിയോ കാര്‍ കേരള റജിസ്‌ട്രേഷന്‍ എടുത്തത് 2018 ജനുവരി 22ല്‍; ആ 'സിംഗിള്‍ യൂസര്‍' കാര്‍ വിറ്റുവോ? ഭൂട്ടാന്‍ കാര്‍ കടത്ത് ചര്‍ച്ചകള്‍ക്കിടെ മറ്റൊരു വിവാദവും
തിരുവനന്തപുരം: ഭൂട്ടാന്‍ കാര്‍ വിവാദ ചര്‍ച്ചകള്‍ക്കിടെ പുതിയ ചര്‍ച്ച. മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ വീട്ടില്‍ ഒരു മാസം മുന്‍പുവരെ ഉപയോഗിച്ചിരുന്ന ആഡംബര കാര്‍ കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത ഘട്ടത്തില്‍ ഉടമസ്ഥതാ രേഖയില്‍ കൃത്രിമം കാട്ടിയെന്നാണ് ആരോപണം. മഹാരാഷ്ട്രയിലും പുതുച്ചേരിയിലും റജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഒരു വര്‍ഷം ഉപയോഗിച്ച ശേഷമാണു മിനി കൂപ്പര്‍ കാബ്രിയോ കാര്‍ 2018 ജനുവരി 22നു പുനലൂര്‍ ആര്‍ടി ഓഫിസില്‍നിന്നു കേരള റജിസ്‌ട്രേഷന്‍ എടുത്തത്.
പുതുച്ചേരിയിലെ രേഖകളില്‍ രണ്ടാമത്തെ ഉടമയായിരുന്ന മന്ത്രിയുടെ ഭാര്യ ബിന്ദു കേരളത്തില്‍ എത്തിയപ്പോള്‍ 'ആദ്യത്തെ' ഉടമയായി എന്നതാണ് അത്ഭുതം. 'അന്യ സംസ്ഥാനത്തുനിന്നുള്ള റജിസ്‌ട്രേഷന്‍' എന്നതിനു പകരം 'ടൈപ്പ് ന്യു' എന്നും പരിവഹന്‍ വെബ്‌സൈറ്റില്‍ ചേര്‍ത്തു. കേരളത്തിലെ സെലിബ്രിറ്റികളുടെ കാറുകളുടെ പുതുച്ചേരി റജിസ്‌ട്രേഷന്‍ വിവാദമായ സമയത്തായിരുന്നു ഈ മാറ്റം. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറാണ്. അതുകൊണ്ട് തന്നെ പുതിയ വിവാദത്തിന് മാനങ്ങള്‍ ഏറെയാണ്. സിംഗിള്‍ യൂസ്ഡ് കാറുകള്‍ക്ക് ആവശ്യക്കാര്‍ സെക്കന്റ് മാര്‍ക്കറ്റില്‍ ഏറെയാണ്. ഇതിന് വേണ്ടിയാണോ ഈ തിരുത്ത് എന്നതും ഉയരുന്ന ചോദ്യമാണ്.
2012ല്‍ നിര്‍മിച്ച്, ഇറക്കുമതി ചെയ്ത കാര്‍ 2013 ജൂണ്‍ 12നാണു നാഗ്പുര്‍ റൂറലില്‍ എംഎച്ച് 40 എസി 6666 എന്ന നമ്പറില്‍ അവിടത്തെ ഒരു വാഹന ഡീലര്‍ ആദ്യ ഉടമയായി റജിസ്റ്റര്‍ ചെയ്തത്. 2017ല്‍ പുതുച്ചേരിയിലെ കാര്‍ പാലസ്, നമ്പര്‍ 225, ഷോപ്പ് നമ്പര്‍ 1, സുബ്ബരായ പിള്ള സ്ട്രീറ്റ് എന്ന വിലാസത്തില്‍ മന്ത്രിയുടെ ഭാര്യയുടെ പേരിലേക്കു പിവൈസിക്യു 0012 എന്ന നമ്പറില്‍ ഉടമസ്ഥാവകാശം മാറ്റി. വാഹനത്തിന്റെ ആദ്യ ഉടമ എന്ന നിലയ്ക്കാണ് 'ഓണര്‍ഷിപ് സീരിയല്‍ നമ്പര്‍ 1' എന്നു രേഖപ്പെടുത്തിയതെന്ന മറുപടിയാണു ഗതാഗത കമ്മിഷണറേറ്റില്‍നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ചത്.
മന്ത്രിയോടു വിശദീകരണം തേടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ലെന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മനോരമ പറയുന്നത്. കഴിഞ്ഞ മാസം ഈ കാര്‍ വില്‍പന നടത്തിയതായി വിവരമുണ്ടെങ്കിലും സ്ഥിരീകരണമില്ല. ഈ കാര്‍ വില്‍പ്പനയ്ക്ക് വേണ്ടിയാണ് ഇതെല്ലാം നടത്തിയതെന്നാണ് ഉയരുന്ന വാദം. ഇന്നലെ വാഹനപ്രേമികള്‍ക്കും സിനിമാ ആരാധകര്‍ക്കും ഒരുപോലെ ഞെട്ടല്‍ ഉണ്ടാക്കിയ വാര്‍ത്തയാണ് നടന്മാരായ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥിരാജിന്റെയും അമിത് ചക്കാലക്കലിന്റെയും വീട്ടില്‍ കസ്റ്റംസ് വകുപ്പ് നടത്തിയ റെയ്ഡ്. ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് കേരളത്തിലെത്തിച്ച ആഡംബര വാഹനങ്ങള്‍ കൈവശം വച്ചതിനാണ് താരങ്ങളുടെ വസതികളില്‍ കസ്റ്റംസിന്റെ അപ്രതീക്ഷിത പരിശോധന നടന്നത്.
താരങ്ങളുടെ വസതികള്‍ കൂടാതെ കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ള ഉള്ള കാര്‍ ഷോറൂമുകളിലും, ഇടുക്കിയിലെ ഒരു ഇന്‍ഫ്‌ലുവന്‍സറുടെയും മറ്റ് വ്യവസായികള്‍, വാഹന ഡീലര്‍മാര്‍, ഇടനിലക്കാര്‍ എന്നിവരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടന്നു. ദുല്‍ഖറിന്റെ ഗരേജില്‍ നിന്ന് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഉള്‍പ്പെടെ രണ്ട് വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. അന്വേഷണ വിധേയമായി രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. അമിത് ചക്കാലയ്ക്കലിന്റെ രണ്ട് വാഹനങ്ങള്‍ എന്നിവ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. ഏകദേശം ഇരുപതോളം വാഹനങ്ങള്‍ ഇതിനോടകം കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. എക്‌സൈസ് തീരുവ വെട്ടിച്ച് കേരളത്തിലെത്തിച്ച ഏകദേശം ഇരുനൂറോളം ആഡംബര വാഹനങ്ങള്‍ കണ്ടെത്താനാണ് ഈ പരിശോധന ലക്ഷ്യമിട്ടത്. ദുല്‍ഖറിന് കസ്റ്റംസ് സമന്‍സ് അയക്കുമെന്നും, കൃത്യമായ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ കര്‍ശന നടപടിയിലേക്ക് നീങ്ങുമെന്നും കസ്റ്റംസ് അറിയിച്ചു.
അതേസമയം കാര്‍ കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെ കീഴില്‍ ഉള്ള അന്വേഷണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൂടി അന്വേഷണം നടത്താന്‍ സാധ്യതയുണ്ട്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തില്‍ നിന്ന് കൊച്ചിയിലെ ഇഡി ഉദ്യോഗസ്ഥര്‍ പ്രാഥമിക വിവരങ്ങള്‍ തേടിയതായി ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.