തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് രണ്ടാം ഘട്ട നിര്‍മ്മോണാദ്ഘാടനം; 18-20 മീറ്റര്‍ സ്വാഭാവിക ആഴവും കുറഞ്ഞ തീരത്തടിയുമുള്ള വിഴിഞ്ഞം രാജ്യത്തെ പ്രധാന ട്രാന്‍ഷിപ്പ്‌മെന്റ് ഹബ് എന്ന നിലയില്‍ അതിവേഗം വളരുന്നു; അഞ്ഞൂറാമന്‍ 'വെറോണ'; 17.1 മീറ്റര്‍ ഡ്രാഫ്റ്റ് റിക്കോര്‍ഡ് ഏറെ പ്രാധാന്യമുള്ളത്; ഇത് കുതിക്കും പോര്‍ട്ടിന്റെ മറ്റൊരു നാഴിക കല്ല്

Update: 2025-09-25 02:04 GMT

തിരുവനന്തപുരം: വിഴിഞ്ഞത്ത് അഞ്ഞൂറാമനായത് ഇന്ത്യയിലെത്തിയതില്‍ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ ( കപ്പലിന്റെ അടിത്തട്ടില്‍ നിന്ന് ജലനിരപ്പ് വരെയുള്ള ഉയരം) ചരക്കുകപ്പല്‍ എം.എസ്.സി വെറോണ. 2024 ഡിസംബറില്‍ ആരംഭിച്ചശേഷം പത്ത് മാസത്തിനുള്ളിലാണ് അഞ്ഞൂറ് കപ്പലുകളുടെ നേട്ടം വിഴിഞ്ഞത്തുണ്ടാകുന്നത്. 17.1 മീറ്റര്‍ ഡ്രാഫ്റ്റുള്ള കപ്പലാണിത്. 17 മീറ്ററായിരുന്നു ഇതിനു മുമ്പ് ഇന്ത്യന്‍ തുറമുഖങ്ങളിലെ റെക്കാര്‍ഡെന്ന് അധികൃതര്‍ പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ 500 കപ്പലുകളില്‍ 30 എണ്ണം അള്‍ട്രാ ലാര്‍ജ് കണ്ടെയ്നര്‍ വെസല്‍സുകളാണ്. ഇന്ത്യയിലെ ഒരു തുറമുഖങ്ങളിലെ അപൂര്‍വ നേട്ടമാണ്.

അതിനിടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണം പരിശോധിക്കാന്‍ സ്വതന്ത്ര എന്‍ജിനിയറെ നിയമിച്ചു. ഇതിന് എന്‍ജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡുമായി(ഐഇഎല്‍) ധാരണാപത്രത്തില്‍ ഒപ്പുവച്ചു. തുറമുഖ സെക്രട്ടറി ഡോ. കൗസികന്റെ സാന്നിധ്യത്തില്‍ വിസില്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും ഐഇഎല്‍ ജനറല്‍ മാനേജര്‍ പ്രേം പ്രസൂണും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവച്ചത്. വിസില്‍ സിഇഒ ശ്രീകുമാര്‍ കെ നായരും പങ്കെടുത്തു. തുറമുഖത്തിന്റെ രണ്ടുമുതല്‍ നാലുഘട്ടംവരെ ഒരുമിച്ചാണ് നിര്‍മിക്കുന്നത്. ഇത് 2028 ഡിസംബറിനകം പൂര്‍ത്തിയാക്കാനാണ് കരാര്‍. ഇതിനുള്ള 9500 കോടി രൂപ അദാനി പോര്‍ട്ട്( എവിപിപിഎല്‍) ആണ് വഹിക്കേണ്ടത്. പ്രവൃത്തിയുടെ ഉദ്ഘാടനം ഒക്ടോബര്‍ പകുതിയോടെ നടക്കും. പാരിസ്ഥിതികാനുമതി മാര്‍ച്ച് 10ന് കേന്ദ്ര വനംപരിസ്ഥിതിമന്ത്രാലയത്തില്‍നിന്ന് ലഭിച്ചിരുന്നു.

രണ്ടാംഘട്ടത്തിന്റെ പ്രതിവര്‍ഷ സ്ഥാപിതശേഷി 30 ലക്ഷം ടിഇയു കണ്ടെയ്നറാണ്. ഒന്നാംഘട്ടത്തില്‍ സ്ഥാപിതശേഷി 10 ലക്ഷം കണ്ടെയ്നറായിരുന്നു.നിലവില്‍ 500ല്‍ അധികം ചരക്കുകപ്പലുകള്‍ വിഴിഞ്ഞത്ത് ഇതുവരെയായി എത്തി. വിഴിഞ്ഞത്ത് ഇതുവരെ കൈകാര്യം ചെയ്ത കണ്ടെയ്നറുകള്‍ 11 ലക്ഷം ടി.ഇ.യു പിന്നിട്ടു. ഇന്ത്യയുടെ കടല്‍ ഗതാഗത അടിസ്ഥാന സൗകര്യങ്ങളില്‍ വിഴിഞ്ഞത്തിന്റെ തന്ത്രപ്രധാന സ്ഥാനം വ്യക്തമാക്കുന്ന നേട്ടമാണിത്. 18-20 മീറ്റര്‍ സ്വാഭാവിക ആഴവും കുറഞ്ഞ തീരത്തടിയുമുള്ള വിഴിഞ്ഞം രാജ്യത്തെ പ്രധാന ട്രാന്‍ഷിപ്പ്‌മെന്റ് ഹബ് എന്ന നിലയില്‍ അതിവേഗം വളരുകയാണ്. അടുത്തഘട്ട നിര്‍മ്മാണ തറക്കല്ലിടല്‍ ഒക്ടോബറില്‍ ആരംഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലവില്‍ വരും മുമ്പ് മുഖ്യമന്ത്രി രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കും.

കരമാര്‍ഗം ഉടന്‍തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന താത്കാലിക പാത നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്.രണ്ടുമാസത്തിനുള്ളില്‍ തിരുവനന്തപുരം ഭാഗത്തേക്ക് ഇതുവഴി കണ്ടെയ്നര്‍ ലോറികള്‍ കടന്നുപോകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പല്‍ ആയ എംഎസ്‌സി ഐറിന അടക്കം ദക്ഷിണേഷ്യയില്‍ ആദ്യമായി ബെര്‍ത്ത് ചെയ്ത കപ്പലുകളും വിഴിഞ്ഞത്തിന്റെ നേട്ടത്തിന്റെ വഴിയിലുണ്ട്. ലോക ചരക്കു കപ്പല്‍ ഗതാഗതത്തില്‍ വിഴിഞ്ഞത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്നതിന്റെ തെളിവാണ് പുതിയ നേട്ടമെന്ന് മന്ത്രി വി എന്‍ വാസവന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇന്ത്യയില്‍ ഇതുവരെ കൈകാര്യം ചെയ്തതില്‍വെച്ച് ഏറ്റവും ആഴംകൂടിയ ഡ്രാഫ്റ്റുള്ള കണ്ടെയ്നര്‍ കപ്പലായ എംഎസ്‌സി വെറോണ ചെവ്വാഴ്ച രാവിലെയാണ് തുറമുഖത്ത് നങ്കൂരമിട്ടത്. ഇത്തരത്തില്‍ ഒരു ദിവസം രണ്ട് റെക്കോര്‍ഡാണ് വിഴിഞ്ഞം സ്വന്തമാക്കിയത്. ഓരോ ഘട്ടവും ഉറച്ച ചുവടോടെ വിഴിഞ്ഞം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ വിഴിഞ്ഞം നേട്ടങ്ങളോടെയാണ് മുന്നേറിയത്. ഒമ്പത് മാസത്തിനുള്ളില്‍ 10 ലക്ഷം കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്ത്. കണ്‍സഷന്‍ കരാര്‍ പ്രകാരം ആദ്യവര്‍ഷം ആകെ 3 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും മൂന്നിരട്ടിയിലേറെ കൈകാര്യം ചെയ്താണ് വിഴിഞ്ഞം കരുത്ത് തെളിയിച്ചത്. 2024 ഡിസംബര്‍ മൂന്നിനാണ് വിഴിഞ്ഞത്ത് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഈ ഡിസംബര്‍ ആകുമ്പോഴേക്കും 13-14 ലക്ഷം വരെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്പ്, യു എസ്, ആഫ്രിക്ക, ചൈന അടക്കമുള്ള ലോകത്തെ പ്രധാന സമുദ്ര വാണിജ്യ മേഖലകളിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ തുടങ്ങാന്‍ കഴിഞ്ഞതാണ് വിഴിഞ്ഞത്തിന്റെ കുതിപ്പിന്റെ വേഗം കൂട്ടിയത്.

Tags:    

Similar News