ഒരു മുത്തശ്ശിയുമായി വീട്ടിലേക്ക് കടന്നുവന്ന യുവാവ്; ഇത്..ആരാ എന്ന് അമ്മയുടെ ചോദ്യം; മകന്റെ മറുപടി കേട്ട് തലയിൽ കൈവച്ചു; ആദ്യ കാഴ്ചയിൽ തന്നെ മനംകവർന്നുവെന്നും വെളിപ്പെടുത്തൽ; വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലിനിടെ സംഭവിച്ചത്
ടോക്കിയോ: ജപ്പാനിൽ പ്രായവ്യത്യാസങ്ങളെ അതിജീവിച്ചുള്ള ഒരു പ്രണയകഥയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 23 വയസ്സുള്ള കോഫു എന്ന യുവാവാണ് തന്റെ സഹപാഠിയുടെ 83 വയസ്സുള്ള മുത്തശ്ശി ഐക്കോയെ പ്രണയിക്കുന്നത്. ആറു മാസത്തിലേറെയായി ഇരുവരും ഒരുമിച്ചാണ് താമസിച്ച് ജീവിക്കുന്നതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഐക്കോയുടെ പേരക്കുട്ടിയുടെ സുഹൃത്തായ കോഫു, അവരുടെ വീട്ടിൽ സന്ദർശനം നടത്തുന്നതിനിടയിലാണ് ഐക്കോയുമായി അടുക്കുന്നത്. ആദ്യകാഴ്ചയിൽ തന്നെ ഇഷ്ടം തോന്നിയിരുന്നെങ്കിലും പ്രായവ്യത്യാസം കാരണം ആദ്യം തുറന്നുപറഞ്ഞില്ലെന്ന് ഐക്കോ പറയുന്നു. കോഫുവിന്റെ ഊർജസ്വലതയും ശാന്തമായ സ്വഭാവവും തന്നെ ആകർഷിച്ചുവെന്ന് അവർ കൂട്ടിച്ചേർത്തു.
ഡിസ്‍നിലാൻഡിലേക്കുള്ള ഒരു യാത്രയിൽ ഇരുവരും മാത്രമായതോടെ പ്രണയം പരസ്പരം തുറന്നുപറഞ്ഞു. വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇരുവരും ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചത്. ഐക്കോയോടൊപ്പം സന്തോഷവാനാണെന്ന് കോഫു വ്യക്തമാക്കുന്നു. കോഫു ജോലിക്ക് പോകുമ്പോൾ ഒറ്റപ്പെടൽ തോന്നുമെങ്കിലും, അദ്ദേഹത്തിനായി ഭക്ഷണം പാകം ചെയ്ത് കാത്തിരിക്കുന്നത് ഇഷ്ടമാണെന്ന് ഐക്കോ പറയുന്നു.
രണ്ടു തവണ വിവാഹിതയായ ഐക്കോയ്ക്ക് ഒരു മകനും മകളും അഞ്ച് പേരക്കുട്ടികളുമുണ്ട്. വിവാഹമോചനത്തിനു ശേഷം മകന്റെ കുടുംബത്തോടൊപ്പമായിരുന്നു താമസം. നിലവിൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ കോഫു, ഒരു ക്രിയേറ്റീവ് ഡിസൈൻ കമ്പനിയിൽ ഇന്റേൺ ആയി ജോലി ചെയ്യുകയാണ്. പ്രണയത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്നതാണ് ഇവരുടെ ജീവിതം.