വിമാനയാത്രക്കിടെ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കി യാത്രക്കാരന്‍; ഇടയ്ക്ക് ഇറങ്ങണം എന്ന് പറഞ്ഞ് ബഹളം വച്ചു; എമര്‍ജന്‍സി ഡോര്‍ തുറക്കാനും ശ്രമം; മറ്റ് യാത്രക്കാരെ മര്‍ദ്ദിക്കാനും ശ്രമം; ഒടുവില്‍ ബെല്‍റ്റ് കൊണ്ട് കെട്ടിയിട്ടു; വിമാനത്താവളത്തില്‍ ഇറങ്ങിയതിനെ പിന്നാലെ പ്രശ്‌നക്കാരനെ അറസ്റ്റ് ചെയ്ത് പോലീസ്
വിമാനയാത്രക്കിടെ യാത്രക്കാര്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഈയിടെയായി കൂടി വരികയാണ്. കഴിഞ്ഞ ദിവസം ഐറിഷ് വിമാനക്കമ്പനിയായ റെയാനയറിലെ ഒരു യാത്രക്കാരന്‍ മദ്യപിച്ച് സമനില തെറ്റി നടത്തിയ പരാക്രമങ്ങള്‍ എല്ലാവരുടേയും ക്ഷമ പരീക്ഷിക്കുന്നതായിരുന്നു. ഈ മാസം നാലിനാണ് സംഭവം നടന്നത്. ബോണ്‍മൗത്തില്‍ നിന്ന് ജിറോണയിലേക്ക് പോകുകയായിരുന്നു വിമാനം. പെട്ടെന്നാണ് മദ്യപിച്ച യാത്രക്കാരന്‍ തനിക്ക് ഇറങ്ങണം എന്നാവശ്യപ്പെട്ട് ബഹളം വെയ്ക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് ഇയാള്‍ വാതിലിനടുത്തേക്ക് നീങ്ങുകയായിരുന്നു. ഒടുവില്‍ വിമാനം വഴിതിരിച്ചുവിടേണ്ടിവന്നു. അതിനിടയില്‍ ചില യാത്രക്കാര്‍ ഇയാള്‍ക്ക് നേരേ ബലപ്രയോഗം നടത്താന്‍ തുടങ്ങിയത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കി.
പ്രശ്നക്കാരനായ യാത്രക്കാരന്‍ മറ്റ് യാത്രക്കാരുടെ നേരെ തുപ്പുകയും ഇടിക്കുകയും ചെയ്തതായി പറയപ്പെടുന്നു. തുടര്‍ന്ന് അയാളുടെ കണങ്കാലില്‍ സീറ്റ് ബെല്‍റ്റ് കെട്ടിയിടുകയായിരുന്നു. പിന്നീട് ഇയാള്‍ സീറ്റില്‍ ഇരുന്നതിന് ശേഷം അടുത്തിരുന്ന ഒരു മുതിര്‍ന്ന വ്യക്തിയെ ഇടിക്കാനും ശ്രമിച്ചു. പല യാത്രക്കാരും സംഭവത്തില്‍ പരിഭ്രാന്തരായിരുന്നു. ഒരു യാത്രക്കാരന്‍ പറഞ്ഞത് കുഴപ്പം ഉണ്ടാക്കിയ വ്യക്തി ബാത്ത്റൂമില്‍ പോയതിന് ശേഷമാണ് എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ ശ്രമിച്ചതെന്നാണ്. തുടര്‍ന്നാണ് മറ്റ് യാത്രക്കാര്‍ ഇയാളെ നേരിടാനായി എത്തിയത്. അക്രമി തന്നെ തടയാന്‍ വന്നവരെ ചവിട്ടാന്‍ ശ്രമിച്ചപ്പോഴാണ് അവര്‍ ഇയാളെ സീറ്റില്‍ കെട്ടിയിട്ടത്. ഏതാണ്ട് അരമണിക്കൂറോളം വിമാനത്തില്‍ സംഘര്‍ഷം തുടര്‍ന്നു.
വിമാനത്തിനുള്ളില്‍ പലയിടങ്ങളിലും ചോരപ്പാടുകളും കാണാമായിരുന്നു. പല യാത്രക്കാരും പറയുന്നത് വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന മദ്യത്തിന്റെ അളവ് ഇനി മുതല്‍ കുറയ്ക്കണം എന്നാണ്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിമാനം ടുലൗസിലേക്ക് തിരിച്ചു വിടുകയായിരുന്നു. വിമാനം രണ്ട് മണിക്കൂറോളം വൈകിയാണ് ജിറോണയിലേക്ക് പുറപ്പെട്ടത്. ടൂലൗസ് വിമാനത്താവളത്തില്‍ പോലീസ് എത്തി മദ്യപിച്ചയാത്രക്കാരനെ പിടികൂടുകയായിരുന്നു. യാത്രക്കാര്‍ മോശമായി പെരുമാറുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ സ്ഥാപനം കര്‍ശന നിലപാട് തുടരും എന്നുമാണ് റെയാനെയര്‍ വ്യക്തമാക്കിയിരിക്കുന്നത്.