ദോഹയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടെന്നും അക്കൂട്ടത്തില്‍ ഹമാസ് ഉന്നത നേതാക്കളില്ലെന്നും അറബ് മാധ്യമങ്ങള്‍; ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇസ്രയേല്‍; ഖത്തര്‍, ഇസ്രയേല്‍ പ്രധാനമന്ത്രിമാരെ വിളിച്ച് ട്രംപ്; ഖത്തര്‍ മണ്ണില്‍ ഇനിയൊരു ആക്രമണം ഉണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റിന്റെ ഉറപ്പ്

ദോഹയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടെന്നും അക്കൂട്ടത്തില്‍ ഹമാസ് ഉന്നത നേതാക്കളില്ലെന്നും അറബ് മാധ്യമങ്ങള്‍

Update: 2025-09-09 18:52 GMT

ദോഹ: ദോഹയിലെ കത്താരയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി അറബ് മാധ്യമങ്ങള്‍. ഇവരെല്ലാം ഹമാസ് അംഗങ്ങളെങ്കിലും നേതൃത്വത്തിന്റെ ഭാഗമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹമാസിന്റെ ഗസ്സയിലെ നേതാവ് ഖലില്‍ അല്‍-ഹയ്യയുടെ മകന്‍ ഹിമാം അല്‍-ഹയ്യ, അല്‍ ഹയ്യയുടെ ഓഫീസ് ഡയറക്ടര്‍ ജിഹാദ് ലബാദ് അബു ബിലാല്‍, ഇവരുടെ മൂന്നുകൂട്ടാളികളായ ( സുരക്ഷാ ഗാര്‍ഡുകളോ ഉപദേഷ്ടാക്കളോ) അബ്ദുള്ള അബു ഖാലില്‍, മോമെന്‍ അബു ഒമര്‍, അഹമ്മദ് അബു മാലെക് എന്നിവര്‍ കൊല്ലപ്പെട്ടതായാണ് അറബ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, ഹമാസ് നേതാക്കളെ വകവരുത്താനായെന്നാണ് ഇസ്രയേല്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. കത്താരയിലെ ഹമാസ് നേതാക്കള്‍ ചര്‍ച്ച നടത്തിയ കെട്ടിടത്തിന് സമീപം 10 ബോംബുകള്‍ വര്‍ഷിച്ചതായി ഇസ്രയേലി ഉന്നതര്‍ അവകാശപ്പെട്ടു. ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് തീര്‍ത്തും അപ്രതീക്ഷിതമായാണ് ഖത്തറില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഖലീല്‍ അല്‍ ഹയ്യയയെ കൂടാതെ ദോഹയിലെ ഹമാസ് ആസ്ഥാനത്ത് വെസ്റ്റ് ബാങ്കിലെ നേതാവായ സഹിര്‍ ജബാറിന്‍, ഹമാസ് ഷൂര കൗണ്‍സില്‍ തലവന്‍ മുഹമ്മദ് ദര്‍വിഷ്, ഹമാസിന്റെ വിദേശരാജ്യ തലവന്‍ ഖാലിദ് മഷാല്‍ എന്നിവര്‍ ഉണ്ടായിരുന്നതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു

തങ്ങളും ഷിന്‍ബത്ത് എന്ന ഇസ്രയേല്‍ സുരക്ഷാ ഏജന്‍സിയും സംയുക്തമായാണ് കൃത്യതയാര്‍ന്ന ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പ്രതിരോധ സേനയായ ഐഡിഎഫ് അറിയിച്ചു. അതേസമയം, ഭീരുത്വപരമായ ആക്രമണമെന്നാണ് ഖത്തര്‍ അപലപിച്ചത്. തിന്മയുടെ അ്ച്ചുതണ്ടിന് ശക്തമായ അടി നല്‍കിയെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഹമാസിനെ തോല്‍പ്പിക്കാനും, എല്ലാ ബന്ദികളെയും മോചിപ്പിക്കാനുമുള്ള പോരാട്ടത്തിന്റെ മധ്യത്തിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ഗസ്സ മേധാവിയായ ഖലില്‍ അല്‍-ഹയ്യയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് മുതിര്‍ന്ന ഇസ്രയേലി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഡൊണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തവരെയാണ് ഇസ്രയേല്‍ ആക്രമണത്തില്‍ ലക്ഷ്യമിട്ടതെന്ന് ഹമാസ് ആരോപിച്ചു.

ആക്രമണത്തെ അപലപിച്ച് ട്രംപ്

ആക്രമണത്തെ തുടര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി എന്നിവരുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫോണില്‍ സംസാരിച്ചു. ഇസ്രായേല്‍ ഗാസയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തില്ലെന്ന് ഉറപ്പുനല്‍കിയെന്നും, വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലെവിറ്റ് അറിയിച്ചു. സമാധാനം എത്രയും വേഗം പുന: സ്ഥാപിക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. സ്വതന്ത്ര-പരമാധികാര രാഷ്ട്രവും അമേരിക്കയുടെ ഉറ്റ സഖ്യകക്ഷിയുമായ ഖത്തറില്‍ ഏകപക്ഷീയമായി ആക്രമണം നടത്തിയതിനെ ട്രംപ് അപലപിച്ചു. സമാധാന പുന: സ്ഥാപനത്തിനായി കഠിനവും ധീരവുമായ പരിശ്രമം നടത്തുന്ന രാജ്യമാണ് ഖത്തറെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെയോ, ഇസ്രയേലിന്റെയോ ലക്ഷ്യങ്ങളെ ഈ ആക്രമണം മുന്നോട്ടുകൊണ്ടുപോകുന്നില്ലെന്നും പ്രസിഡന്റ് പറഞ്ഞു. ഇനി ഇത്തരമൊരു ആക്രമണം ഖത്തര്‍ മണ്ണില്‍ ഉണ്ടാകില്ലെന്ന് ട്രംപ് ഖത്തര്‍ അമീറിന് ഉറപ്പുനല്‍കി

മധ്യസ്ഥ ചര്‍ച്ചയില്‍ നിന്ന് പിന്മാറി ഖത്തര്‍

അതേസമയം, ഹമാസ്-ഇസ്രയേല്‍ മധ്യസ്ഥ ചര്‍ച്ചയില്‍ നിന്ന് പിന്മാറുന്നതായി ഖത്തര്‍ അറിയിച്ചു. ആക്രമണത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തുമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഖത്തര്‍ വ്യക്തമാക്കി. 'ഇത്തരം ക്രിമിനല്‍ കടന്നാക്രമണങ്ങള്‍ ഒരു കാരണവശാലും ഖത്തര്‍ അംഗീകരിക്കില്ല. ഇസ്രയേലിന്റെ ഭീരുത്വമാണ് ഇത് വെളിവാക്കുന്നത്. ഖത്തറിന്റെ പരമാധികാരത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല. വീണ്ടുവിചാരമില്ലാത്ത ഇസ്രയേലിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളോട് സഹിഷ്ണുത പുലര്‍ത്താന്‍ ഖത്തറിനാകില്ല,' ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു

ഇസ്രായേല്‍ പ്രതിരോധ സേന (IDF) പുറത്തുവിട്ട പ്രസ്താവനയില്‍, ഒക്ടോബര്‍ 7-ലെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായ ഹമാസിന്റെ 'ഉന്നത നേതൃത്വത്തെ' ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് അറിയിച്ചു. സാധാരണക്കാര്‍ക്ക് നാശനഷ്ടം സംഭവിക്കുന്നത് ഒഴിവാക്കാന്‍ കൃത്യമായ വെടിക്കോപ്പുകളും രഹസ്യാന്വേഷണ വിവരങ്ങളും ഉപയോഗിച്ചതായും, ഹമാസിനെതിരെ ശക്തമായി നടപടിയെടുക്കുമെന്നും IDF വ്യക്തമാക്കി. അടുത്തിടെ ഇസ്രായേല്‍ സൈനിക മേധാവി ഇയാല്‍ സമീര്‍ വിദേശത്തുള്ള ഹമാസ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

ഒക്ടോബര്‍ 7-ലെ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഹമാസ് നേതാക്കള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിലൂടെ, ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനാകുമെന്നും ഇസ്രായേല്‍ ആവര്‍ത്തിച്ചു. ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഇസ്രായേല്‍ നീക്കം പുരോഗമിക്കുകയാണ്. ഫലസ്തീനികള്‍ തെക്കന്‍ മേഖലയിലേക്ക് മാറണമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ പലായനം തുടരുകയാണ്.

Tags:    

Similar News