രാത്രിയുടെ നിലാവെളിച്ചത്തിൽ ശരവേഗത്തിൽ പാഞ്ഞ് ഒരു അജ്ഞാത വസ്തു; തീഗോളം പോലെ തലങ്ങും വിലങ്ങും കുതിച്ച് ഭീതി; പൊടുന്നനെ ഉഗ്ര ശബ്ദത്തിൽ എല്ലാം തവിടുപൊടി; നിമിഷ നേരം കൊണ്ട് ചൈനീസ് ആകാശത്ത് പ്രവേശിച്ച 'പറക്കും തളിക'യെ തകർത്തുവെന്ന ന്യൂസും പരന്നു; സത്യത്തിൽ അത്..യുഎഫ്ഒ തന്നയാണോ?; ചോദ്യങ്ങൾ ഇനിയും ബാക്കി

Update: 2025-09-17 10:59 GMT

ബീജിംഗ്: ചൈനയിലെ ഷാഡോംഗ് പ്രവിശ്യയിൽ അജ്ഞാത വസ്തുവിനെ സൈനിക മിസൈൽ ഉപയോഗിച്ച് വീഴ്ത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സെപ്തംബർ 12 വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ഷാഡോംഗ് പ്രവിശ്യയിലെ വേഫാംഗ്, റിസാവോ നഗരങ്ങൾക്ക് സമീപത്ത് സംഭവം നടന്നത്. ചൈനീസ് സൈനികാഭ്യാസങ്ങൾ നടക്കുന്ന ബൊഹായ് കടൽ മേഖലയിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്.

പ്രാദേശിക സമയം രാത്രി ഒൻപത് മണിയോടെ ആകാശത്ത് താഴ്ന്നു പറക്കുകയായിരുന്ന ഒരു അജ്ഞാത വസ്തുവിലേക്ക് ഒരു മിസൈൽ പാഞ്ഞടുക്കുകയും തുടർന്ന് വലിയ സ്ഫോടനം നടക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചുവന്ന തീഗോളം പോലെ കാണപ്പെടുന്ന ഒരു മിസൈൽ ലക്ഷ്യസ്ഥാനത്ത് ഇടിക്കുന്നതും തുടർന്ന് രണ്ട് സ്ഫോടനങ്ങൾ നടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്ഫോടനത്തിന് ശേഷം അവശിഷ്ടങ്ങൾ താഴെ പതിക്കുന്നതായും കാണാം.

സംഭവത്തെക്കുറിച്ച് ചൈനീസ് അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്താണ് വീഴ്ത്തപ്പെട്ടതെന്നോ സ്ഫോടനത്തിന് പിന്നിലെ കാരണം എന്താണെന്നോ ഉള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. പ്രചരിക്കുന്ന ദൃശ്യങ്ങളെ അടിസ്ഥാനമാക്കി, വീഴ്ത്തപ്പെട്ടത് ഒരു അൺഐഡന്റിഫൈഡ് ഫ്ളയിംഗ് ഒബ്‌ജക്‌ട് (യുഎഫ്‌ഒ) അഥവാ പറക്കുംതളികയാണെന്ന് ചിലർ അവകാശപ്പെടുന്നു. മറ്റ് ചിലർ ഇതൊരു സൈനിക ഡ്രോൺ ആകാം അല്ലെങ്കിൽ അന്തരീക്ഷത്തിലൂടെ സഞ്ചരിച്ചെത്തിയ ഒരു ഉൽക്കയാകാം എന്ന സാധ്യതയും ഉയർത്തിക്കാട്ടുന്നുണ്ട്.

ചൈനീസ് സൈന്യം പരിശീലനത്തിനായി ഉപയോഗിക്കുന്ന വ്യാജ ഡ്രോണുകളോ മിസൈലുകളോ ആകാം ഇതെന്ന് ചില നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ബൊഹായ് കടലിൽ സൈനികാഭ്യാസങ്ങൾ നടക്കുന്നതിനിടെ പട്ടാളക്കാർ അബദ്ധത്തിൽ ഇതിനെ ആക്രമിച്ചതാകാമെന്നും അവർ അഭിപ്രായപ്പെടുന്നു.

ഉൽക്കയല്ലെന്ന വാദവും ശക്തം

ഇത് ഉൽക്കയല്ല എന്ന വാദത്തിനും ശക്തമായ പിന്തുണയുണ്ട്. ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ വളരെ ഉയർന്ന വേഗതയിൽ സഞ്ചരിക്കുകയും വായുവുമായുള്ള ഘർഷണം മൂലം തിളങ്ങുന്നതായും കാണപ്പെടാറുണ്ട്. എന്നാൽ, പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണുന്ന അജ്ഞാത വസ്തുവിന് ഉൽക്കകളെപ്പോലെ വാൽഭാഗം ഇല്ലായിരുന്നുവെന്നും ഇത് ഉൽക്കയല്ലെന്ന വാദത്തിന് ബലം നൽകുന്നു. ബഹിരാകാശ പാറകളുടെ ചെറിയ കഷ്ണങ്ങളാണ് ഉൽക്കകൾ.

അതേസമയം, യുഎസ് കോൺഗ്രസ് അടുത്തിടെ പുറത്തുവിട്ട ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾക്ക് തൊട്ടുപിന്നാലെയാണ് ചൈനയിലെ ഈ സംഭവം വാർത്തകളിൽ നിറയുന്നത്. സൈനിക ഡ്രോണുകൾ പറക്കുംതളികകളിൽ നിന്ന് അകന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ചൈനയിൽ നിന്നുള്ള ഈ വാർത്തയും എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ, ചൈന വീഴ്ത്തിയത് എന്തെന്നുള്ളത് ആകാംഷയോടെയാണ് ഏവരും ഉറ്റുനോക്കുന്നത്.

ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങൾ ലഭ്യമല്ലാത്തതിനാൽ, ചൈനീസ് സൈന്യം വീഴ്ത്തിയത് എന്താണെന്നുള്ളത് സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. സംഭവത്തിന്റെ യഥാർത്ഥ നിജസ്ഥിതി പുറത്തുവരുന്നതിനായി ലോകം ഉറ്റുനോക്കുന്നു.

Tags:    

Similar News