നിര്‍ത്താതെ കരഞ്ഞ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് അബോധാവസ്ഥയിലായി; ധൈര്യം കൈവിടാതെ സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ചു; വടകര ഫയര്‍ സ്റ്റേഷനിലെ സിവില്‍ ഡിഫന്‍സ് അംഗമായ ഈ അച്ഛന്‍ ഹീറോയാണ്
ഈ അച്ഛന്‍ ഹീറോയാണ്
കോഴിക്കോട്: നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ സിപിആര്‍ നല്‍കി രക്ഷിച്ച് പിതാവ്. കോഴിക്കോട് വടകരയില്‍ ഇന്നലെയായിരുന്നു സംഭവം. വടകര ഫയര്‍ സ്റ്റേഷനിലെ സിവില്‍ ഡിഫന്‍സ് അംഗവും മണിയൂര്‍ സ്വദേശിയുമായ ലിഗിത്താണ് കുഞ്ഞിന് കൃത്യ സമയത്ത് സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ചത്.
പനി കാരണം അവശനിലയിലായിരുന്ന കുഞ്ഞ് പെട്ടെന്ന് അബോധാവസ്ഥയിലായതോടെ ചുറ്റുമുള്ളവര്‍ പരിഭ്രാന്തരായി. എന്നാല്‍, വടകര സിവില്‍ ഡിഫന്‍സ് അംഗമായ ലിഗിത്ത് തന്റെ പരിശീലനം ഉപയോഗിച്ച് പെട്ടെന്ന് തന്നെ കുഞ്ഞിന് സിപിആര്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയും ആവശ്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്തു.
ലിഗിത്തിന്റെ അവസരോചിതമായ ഇടപെടലും സിവില്‍ ഡിഫന്‍സ് അംഗമെന്ന നിലയില്‍ സിപിആര്‍ നല്‍കാനുള്ള അദ്ദേഹത്തിന്റെ പരിശീലനവുമാണ് കുഞ്ഞിനെ രക്ഷിക്കാന്‍ സാഹായിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞ് അബോധാവസ്ഥയിലാവുകായിരുന്നു. ഇതോടെ വീട്ടുകാര്‍ ആകെ പരിഭ്രാന്തിയിലായി. വീട്ടിലുള്ളവരെല്ലാം കരഞ്ഞു ബഹളം വെച്ചു. ബഹളം കേട്ട് സമീപത്തെ വീട്ടുകാരും ഓടിയെത്തി.
ഇതിനിടയിലും മനസാന്നിധ്യം കൈവിടാതെ ലിഗിത്ത് കുഞ്ഞിന് സിപിആര്‍ നല്‍കുകയായിരുന്നു. കുഞ്ഞിനെ വീടിന്റെ വരാന്തയില്‍ കൊണ്ടുവന്ന് വായിലൂടെ കൃത്രിമ ശ്വാസം നല്‍കുന്നതും അയല്‍ക്കാരടക്കം വീട്ടിലേക്ക് ഓടിയെത്തുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളിലുണ്ട്. കൃത്യസമയത്ത് ലിഗിത്ത് കുഞ്ഞിന് സിപിആര്‍ നല്‍കിയതാണ് നിര്‍ണായകമായത്. കുഞ്ഞിന് മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് കുടുംബം അറിയിച്ചു. സിവില്‍ ഡിഫെന്‍സ് അംഗമായത് കൊണ്ടാണ് ഇത്തരത്തില്‍ ചെയ്യാന്‍ സാധിച്ചതെന്നും സ്വന്തം കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് താനും ഭാര്യ സരിമയുമെന്നും ലിഗിത്ത് പറഞ്ഞു.