ട്രിപ്പിള്‍സ് അടിച്ച് ബൈക്കില്‍ കൂട്ടുകാര്‍; മുല്ലൂര്‍ ഭദ്രകാളി ക്ഷേത്രത്തിന് സമീപം പൊഴിയൂരിലെ അഭിഭാഷകന്റെ കാര്‍ പാഞ്ഞെത്തി എടുത്തത് മാലാഖയാകാന്‍ കൊതിച്ച ഷാനുവിന്റെ ജീവന്‍; വണ്ടി ഓട്ടിച്ചിരുന്ന കൂട്ടുകാരന്‍ ജെയിസനും മരണം; ജന്മദിന ആഘോഷത്തിന് നില്‍ക്കാതെ ഷാനുവിന്റെ മടക്കം; വിഴിഞ്ഞം കണ്ണീരില്‍

Update: 2025-09-29 04:33 GMT

കോവളം: വിഴിഞ്ഞം വേദനയിലാണ്. കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചതിന്റെ ദുഖം വിഴിഞ്ഞതാകെ പടര്‍ന്നിരിക്കുന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. വിഴിഞ്ഞം കോട്ടപ്പുറം സിന്ധുയാത്രമാത പുതിയ പളളിക്കുസമീപം നിര്‍മലാ ഭവനില്‍ ജയിംസിന്റെയും സെല്‍വരാജിയുടെയും മകന്‍ ജെയിസന്‍ (17), സുഹൃത്ത് പുതിയതുറ ഉരിയരിക്കുന്നില്‍ ഷാജിയുടെയും ട്രീസയുടെയും മകള്‍ ടി ഷാനു (16) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പുതിയതുറ സ്വദേശി സ്റ്റെഫാനി (16)യെ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നഴ്‌സ് ആകണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ഷാനു യാത്രയായി.. അടുത്ത മാസം വരുന്ന ജന്മദിനം ആഘോഷിക്കാന്‍ ഇരിക്കുകയായിരുന്നു ഷാനു. അടുത്ത മാസം 18ന് തന്റെ ജന്മദിനത്തില്‍ നഗരത്തിലെ മാളില്‍ പോയി പുത്തന്‍ ഉടുപ്പ് എടുക്കാന്‍ കാത്തിരിക്കുകയായിരുന്നു ഷാനുവെന്നു പറഞ്ഞു പൊട്ടിക്കരയുന്ന അമ്മ ട്രീസയെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കുമായില്ല. പഠനത്തില്‍ മിടുക്കിയായ ഷാനുവിനു നഴ്‌സ് ആകാനായിരുന്നു ആഗ്രഹമെന്ന് പറഞ്ഞിരുന്നതായി ട്രീസ വിതുമ്പലോടെ പറഞ്ഞു.

ഒന്നിനും കാത്തു നില്‍ക്കാതെ ഷാനു മറ്റൊരു ലോകത്തേക്കു പോയി. ഷാനുവിന്റെ പിതാവിനു കൂലിപ്പണിയാണ്. മാതാവ് വീട്ടുജോലികള്‍ക്കു പോകും. ഈ തുച്ഛ വരുമാനം കൊണ്ടാണ് മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ നടത്തിയിരു ന്നത്. വിഴിഞ്ഞത്തുനിന്നു പുതിയതുറ ഭാഗത്തേക്കു പോകുകയായിരുന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടറും കാറും കൂട്ടിയിടിക്കുകയായിരുന്നെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

വിദ്യാര്‍ഥികള്‍ റോഡിലേക്കു തെറിച്ചുവീണു. പരുക്കേറ്റവരെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും ഷാനുവും ജെയ്‌സനും മരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച സ്റ്റെഫാനി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഞായര്‍ വൈകിട്ട് ആറേകാലിന് വിഴിഞ്ഞം പൂവാര്‍ റൂട്ടില്‍ മുല്ലൂര്‍ ഭദ്രകാളി ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം.

വിദ്യാര്‍ഥികളുടെ സ്‌കൂട്ടറില്‍ പുളിങ്കുടിഭാഗത്തുനിന്ന് വിഴിഞ്ഞത്തേക്ക് വരുകയായിരുന്ന കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി മൂന്നുപേരും റോഡിലേക്ക് തെറിച്ചുവീണു. വിഴിഞ്ഞം പൊലീസ് കേസെടുത്തു. കാറും സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. കോട്ടപ്പുറം സെന്റ് മേരീസ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് ജെയിസന്‍. സഹോദരങ്ങള്‍: ജെസ്ന, ജെനി.

അതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ഷാനു. സഹോദരന്‍: ഷൈന്‍. സ്റ്റെഫാനിയും ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. കാര്‍ ഓടിച്ചിരുന്ന പൊഴിയൂര്‍ കോയില്‍ വിളാകം വീട്ടില്‍ അഡ്വ. ഷാബുവിനെ (45) വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    

Similar News