'ബിജെപി ഭയത്തില്‍' ടിവികെ തലവനെ പ്രതിചേര്‍ക്കാത്ത സ്റ്റാലിന്‍; വിജയ് നേട്ടമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കുക ഡിഎംകെ ലക്ഷ്യം; ടിവികെയില്‍ കേസിനെ ചൊല്ലി രണ്ടഭിപ്രായം; തമിഴകത്തെ രാഷ്ട്രീയം കലങ്ങി മറിച്ചിലില്‍ തന്നെ; ഇളയ ദളപതി തല്‍കാലം പര്യടനങ്ങള്‍ക്കില്ല; രണ്ടാഴ്ചയില്‍ സൂപ്പര്‍താര ഭാവി തെളിയും

Update: 2025-10-02 05:11 GMT

ചെന്നൈ: വിജയിന്റെ ടിവികെ നേതൃത്വം രണ്ട് തട്ടില്‍. 41 പേരുടെ മരണത്തിനിടയാക്കിയ കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആധവ് അര്‍ജുന ആവശ്യപ്പെട്ടുന്നതാണ് ഇതിന് കാരണം. കരൂരില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം സിബിഐ അന്വേഷണം വേണ്ടെന്ന് ബുസി ആനന്ദ് വ്യക്തമാക്കി. പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കാന്‍ ബിജെപിക്ക് അവസരം ലഭിക്കുമെന്ന് വാദം. വിജയ്‌ക്കെതിരെ കേസെടുക്കേണ്ടെന്ന തീരുമാനമെടുത്തത് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണെന്ന് ഡിഎംകെ വൃത്തങ്ങള്‍ പറഞ്ഞു. സ്റ്റാലിന്‍ പറഞ്ഞത് മൂന്ന് കാരണങ്ങളാണ്.

വിജയ്‌ക്കെതിരെ കേസെടുക്കുന്നത് തെറ്റായ കീഴ്വഴക്കം ആകും. രാഷ്ട്രീയ യോഗങ്ങളിലെ അപകടത്തില്‍ പാര്‍ട്ടികളുടെ ഉന്നത നേതാക്കളെ പ്രതിയാക്കുന്നത് ശരിയല്ല. വിജയ്‌യെ ഒറ്റപ്പെടുത്തിയാല്‍ ബിജെപി അവസരം ആക്കും. സാഹചര്യം മുതലെടുത്ത് സഖ്യത്തിന് ശ്രമിക്കും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയപ്രേരിതമായ നടപടി എന്ന ആരോപണത്തിന് പഴുത് നല്‍കരുതെന്നാണ് സ്റ്റാലിന്റെ വിലയിരുത്തല്‍. അതിനിടെ രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകാനാണ് വിജയിന്റെ തീരുമാനം. ബിജെപിയും സ്ഥിതി ഗതികളെ നിരീക്ഷിക്കുന്നുണ്ട്. തമിഴ് സിനിമയില്‍ ഇളയ ദളപതിയാണ് വിജയ്. തന്റെ രാഷ്ട്രീയ ഭാവിയില്‍ രണ്ടാഴ്ച്ചയ്ക്കകം ഉറച്ച തീരുമാനങ്ങള്‍ വിജയ് എടുക്കും.

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യുടെ ഗൂഢാലോചനാ വാദം അവഗണിച്ച് മുന്നോട്ട് പോകാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. വിജയ്യുടെ 'രാഷ്ട്രീയ ഗൂഢാലോചനാ' ആരോപണങ്ങള്‍ അവഗണിച്ച് ഡിഎംകെ നേതാവ് സെന്തില്‍ ബാലാജി, കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈമാറി. ദുരന്തത്തിന്റെ ഉത്തരവാദിത്തം സംഘാടകരുടെ പിഴവിലാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഡിഎംകെ. സംഭവസ്ഥലത്തുനിന്ന് വിജയ് കടന്നുകളഞ്ഞത് കുറ്റബോധം കൊണ്ടാണെന്ന് ഡിഎംകെ എംപി എ. രാജയും ആരോപിച്ചു. വിജയ് പോലീസ് നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതായിരുന്നുവെന്നും വിജയ് സഞ്ചരിച്ച ബസ് വേദിയില്‍നിന്ന് മീറ്ററുകള്‍ക്കപ്പുറത്തേക്ക് മാറ്റിയിടാന്‍ പോലീസ് നിര്‍ദേശം നല്‍കിയിരുന്നതായും ഡിഎംകെ നേതാവ് കനിമൊഴിയും പറഞ്ഞു.

വിജയ്യുടെ പാര്‍ട്ടി റാലിക്കിടെ ഉണ്ടായ ദുരന്തം, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രതികാര നടപടികളാണെന്നും, ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ച് വിജയ് കഴിഞ്ഞ ദിവസം വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. ഇത് ഡിഎംകെ തള്ളുകയാണ്.അതിനിടെ വിജയിന്റെ സംസ്ഥാനവ്യാപക പര്യടനം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവച്ചു. എക്‌സില്‍ തീരുമാനം പാര്‍ട്ടി ഇങ്ങനെ പ്രഖ്യാപിച്ചു: ''നമ്മുടെ പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ നമുക്ക് വേദനയും ദുഃഖവും അനുഭവപ്പെടുന്ന ഈ സാഹചര്യത്തില്‍, അടുത്ത രണ്ടാഴ്ചത്തേക്ക് നമ്മുടെ പാര്‍ട്ടി നേതാവിന്റെ പൊതുയോഗ പരിപാടി താല്‍ക്കാലികമായി മാറ്റിവയ്ക്കുന്നു. ഈ പൊതുയോഗങ്ങളെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.''

കരൂര്‍ ദുരന്തത്തില്‍ റിട്ട. ജഡ്ജി അരുണ ജഗദീഷന്റെ നേതൃത്വത്തിലുള്ള കമ്മിഷന്‍ അന്വേഷണം നടത്തുമെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ നേരത്തേ അറിയിച്ചിരുന്നു. അന്വേഷണത്തിനായി അരുണ ജഗദീഷ് കരൂരിലെത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. തന്റെ റാലികള്‍ക്ക് അനുമതി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് വിജയ് കഴിഞ്ഞമാസം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെ തിക്കുംതിരക്കും അടക്കമുള്ള അനിഷ്ടസംഭവങ്ങളുണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്നും കോടതി ചോദിച്ചിരുന്നു. തുടര്‍ന്ന് നിയമാനുസൃതമായി റാലികളും യോഗങ്ങളും നടക്കുന്നുണ്ടെന്ന് വിജയ് ഉറപ്പാക്കണമെന്ന് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഗര്‍ഭിണികളും ഭിന്നശേഷിക്കാരും റാലികളില്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കി വിജയ് മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നും കോടതി വാക്കാല്‍ പറഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോടതിയുടെ നിര്‍ദ്ദേശത്തിന് വിപരീതമാണ് കരൂരില്‍ സംഭവിച്ചത്.

Tags:    

Similar News