സോളാറില്‍ അടക്കം ഒരു മുഖ്യമന്ത്രി നേരിട്ട പ്രതിസന്ധികള്‍; ഉമ്മന്‍ചാണ്ടിയായി എത്തുക ബാലചന്ദ്ര മേനോന്‍; നിവിന്‍ പോളിയ്ക്ക് ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ മുഖം; ബി ഉണ്ണികൃഷ്ണന്‍ പറയുന്നത് യുഡിഎഫ് അനുകൂല രാഷ്ട്രീയമോ? മറുവശത്ത് കോമ്രാഡുമായി തിരിച്ചടിയ്ക്കാന്‍ പിണറായി ഫാന്‍സും; വോട്ടര്‍മാരെ സ്വാധീനിക്കാന്‍ 'സിനിമാ' സഹായം! ഇനി വെള്ളിത്തരയിലും രാഷ്ട്രീയം നിറയും കാലം
കൊച്ചി: നിയമസഭാ യുദ്ധത്തിന് പുതു മാനം നല്‍കാന്‍ 'രാഷ്ട്രീയ സിനിമകളും'. ഉമ്മന്‍ചാണ്ടിയുടെ ജീവിതയവും മുഖ്യമന്ത്രി പിണറായി വിജയന്റെ കഥയും താമസിയാതെ വെള്ളിത്തരയില്‍ എത്തും. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജീവിതം സിനിമയാകുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ ഭരണകാലത്തെ സോളാറടക്കമുള്ള വിവാദങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ട്, ഒരു മുഖ്യമന്ത്രി നേരിട്ട പ്രതിസന്ധികള്‍ എന്ന എന്ന നിലയിലാണ് ചിത്രം വെള്ളിത്തിരയില്‍ എത്തുന്നത്. ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രത്തില്‍ സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനാണ് ഉമ്മന്‍ ചാണ്ടിയുടെ വേഷം ചെയ്യുന്നത്. അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മനായി നിവിന്‍ പോളിയുമെത്തും. ഉമ്മന്‍ ചാണ്ടിയുടെ കഥയായി നേരിട്ട് അവതരിപ്പിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. സെക്രട്ടറിയേറ്റിന് മുന്നില്‍ അടക്കം ഈ സിനിമയുടെ ചിത്രീകരണം നടന്നു. കൊച്ചിയില്‍ നിലവില്‍ ചിത്രീകരണം പുരോഗമിക്കുകയുമാണ്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ ബയോപിക്കും സിനിമയാകാന്‍ ഒരുങ്ങുകയാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് രാഷ്ട്രീയ സിനിമകള്‍ വരുന്നു എന്നത് രാഷ്ട്രീയ നേതാക്കള്‍ക്കിടയിലും ചര്‍ച്ചയായി മാറിയിട്ടുണ്ട്. കേരളത്തിന്റെ കഴിഞ്ഞ 80 വര്‍ഷത്തെ രാഷ്ട്രീയ ചരിത്രം കോര്‍ത്തിണക്കി പി.എം. തോമസ് കുട്ടിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ദി കോമ്രേഡ്. തലശേരി കലാപ കാലത്തെ പിണറായിയുടെ ഇടപെടല്‍ തൊട്ട് കോവിഡ്, പ്രളയ കാലങ്ങളില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ നടത്തിയ നടപടികള്‍ വരെ സിനിമയില്‍ പ്രമേയമാകുമെന്നാണ് വിവരം. ബയോപിക്കില്‍ നടന്‍ കമല്‍ ഹാസനെയും ഉള്‍പ്പെടുത്തുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ഇതുവരെ മലയാള സിനിമ കണ്ട പൊളിറ്റിക്കല്‍ ഴോണറില്‍ നിന്നുള്ള ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ദി കോമ്രേഡ് എന്നാണ് ചിത്രത്തിന്റെ സംവിധായകന്റെ പ്രതികരണം. മലയാളത്തിന്റെ പത്തോളം പ്രമുഖതാരങ്ങള്‍ അഭിനയിക്കുന്ന ചിത്രത്തില്‍ മറ്റു പ്രഗത്ഭരായ താരങ്ങളും എത്തുന്നുണ്ട്.
നിവിന്‍ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ നിര്‍മ്മാണം ശ്രീഗോകുലം മൂവീസും ആര്‍ഡി ഇലുമിനേഷന്‍സ് എല്‍എല്‍പിയുമാണ്. കേരള രാഷ്ട്രീയം പ്രമേയമാകുന്ന ചിത്രത്തില്‍ നിവിന്‍ പോളിയെ കൂടാതെ ബാലചന്ദ്രമേനോന്‍, സബിത ആനന്ദ്, ആന്‍ അഗസ്റ്റിന്‍, ഹരിശ്രീ അശോകന്‍, നിഷാന്ത് സാഗര്‍, ഷറഫുദ്ദീന്‍, സായ്കുമാര്‍, മണിയന്‍പിള്ള രാജു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പുതുമുഖം നീതു കൃഷ്ണയാണ് നായിക. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തിലിപ്പെടുന്ന ഈ ചിത്രം തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് പ്രധാനമായും ചിത്രീകരിക്കുന്നത്. ബൈജു ഗോപാലന്‍, വി.സി പ്രവീണ്‍ എന്നിവര്‍ സഹ നിര്‍മാതാക്കള്‍ ആകുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ കൃഷ്ണമൂര്‍ത്തി, ദുര്‍ഗ ഉണ്ണികൃഷ്ണന്‍ എന്നിവരാണ്. നാളുകള്‍ക്ക് ശേഷം ബി ഉണ്ണികൃഷ്ണന്‍ തന്നെ തിരക്കഥ രചിക്കുന്ന ചിത്രമെന്ന പ്രത്യേകത ഈ സിനിമയ്ക്കുണ്ട്. മമ്മൂട്ടിയെ നായകനാക്കി പുറത്തിറക്കിയ ക്രിസ്റ്റഫറാണ് ഉണ്ണികൃഷ്ണന്റെ അവസാനത്തെ ചിത്രം.
കേരള രാഷ്ട്രീയത്തിലെ കഴിഞ്ഞ 80 വര്‍ഷ കാലയളവിലെ സംഭവവികാസങ്ങള്‍ പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രം 'ദി കോമ്രേഡി'ന്റെ ടൈറ്റില്‍ പോസ്റ്റര്‍ കോഴിക്കോട്ട് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് റിലീസ് ചെയ്തിരുന്നു. 'വെള്ളം', 'സുമതിവളവ്' തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച മുരളി കുന്നുംപുറത്ത് വാട്ടര്‍മാന്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. 'ദി കോമ്രേഡ്' ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് പി.എം. തോമസ് കുട്ടിയാണ്. കഴിഞ്ഞ എണ്‍പതു വര്‍ഷത്തെ കേരള രാഷ്ട്രീയത്തിന്റെ സംഭവവികാസങ്ങള്‍ പശ്ചാത്തലമാക്കി പ്രേക്ഷകന് മികച്ച തീയേറ്റര്‍ എക്സ്പീരിയന്‍സ് സമ്മാനിക്കുന്ന രീതിയിലാണ് ഒരുങ്ങുന്നതെന്നു സംവിധായകന്‍ തോമസ് കുട്ടി അഭിപ്രായപ്പെട്ടു.
കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മലയാളത്തിലെ പത്തോളം മുഖ്യധാര അഭിനേതാക്കളും മറ്റു പ്രഗത്ഭരായ താരങ്ങളും അണിനിരക്കുമെന്ന് നിര്‍മ്മാതാവ് മുരളി കുന്നുംപുറത്ത് പറഞ്ഞു. ചിത്രത്തിന്റെ താരങ്ങളേയും മറ്റു സാങ്കേതിക പ്രവര്‍ത്തകരെയും കുറിച്ചുള്ള വിവരങ്ങള്‍ വരും നാളുകളില്‍ പ്രേക്ഷകരിലേക്കെത്തുമെന്നു വാട്ടര്‍മാന്‍ ഫിലിംസ് അറിയിച്ചു.