'ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരതക്കെതിരായ ഒരു ട്രെയിലര്‍ മാത്രം; പാക്കിസ്ഥാന്റെ ഓരോ ഇഞ്ച് സ്ഥലവും ബ്രഹ്‌മോസിന്റെ റേഞ്ചിനുള്ളില്‍'; ലഖ്‌നൗവില്‍ നിര്‍മിച്ച ബ്രഹ്‌മോസ് മിസൈലുകളുടെ ആദ്യബാച്ച് സൈന്യത്തിന് കൈമാറി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്

Update: 2025-10-18 10:11 GMT

ലക്‌നൗ: ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരതയ്ക്ക് എതിരായ ഇന്ത്യയുടെ ട്രെയിലര്‍ മാത്രമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ബ്രഹ്‌മോസില്‍നിന്ന് രക്ഷപ്പെടാന്‍ പാകിസ്ഥാനാവില്ലെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. ബ്രഹ്‌മോസിന്റെ റേഞ്ചിനുള്ളിലാണ് പാകിസ്ഥാനിലെ ഓരോ ഇഞ്ച് സ്ഥലവുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിശ്വാസം കാത്ത മിസൈലാണ് ബ്രഹ്‌മോസെന്നും അദ്ദേഹം പറഞ്ഞു. യുപി ലക്നൗവിലെ ബ്രഹ്‌മോസ് യൂണിറ്റില്‍ നിര്‍മിച്ച മിസൈലുകള്‍ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.

ഇന്ത്യന്‍ പ്രതിരോധ ശേഷിക്ക് കരുത്തരായി ലഖ്‌നോവില്‍ നിര്‍മിച്ച ബ്രഹ്‌മോസ് ദീര്‍ഘദൂര മിസൈലുകളുടെ ആദ്യബാച്ചാണ് സൈന്യത്തിന് കൈമാറിയത്. ഹൈദരാബാദിലെയും തിരുവനന്തപുരത്തെയും ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് യൂണിറ്റിനു പിന്നാലെ, ലഖ്‌നോവിലെ സരോജിനി നഗറില്‍ പുതുതായി സ്ഥാപിച്ച ബ്രഹ്‌മോസ് യൂണിറ്റില്‍ നിര്‍മിച്ച മിസൈലുകളുടെ ആദ്യ ബാച്ചാണ് സൈന്യത്തിന് നല്‍കിയത്. ശനിയാഴ്ച നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്ന് ആദ്യ ബാച്ചിന്റെ കൈമാററം നിര്‍വഹിച്ചു. പ്രവര്‍ത്തനമാരംഭിച്ച് അഞ്ചു മാസത്തിനുള്ളിലാണ് ലഖ്‌നോ യൂണിറ്റില്‍ നിന്നും ആദ്യ ബാച്ച് മിസൈലുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി സൈന്യത്തിന് കൈമാറുന്നത്. രാജ്യത്തിന്റെ ദേശീയ സുരക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും പ്രതീകവും ശക്തമായ ചുവടുവെപ്പുമാണ് ഇതെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനെതിരെ കഴിഞ്ഞ മേയില്‍ നടന്ന ഓപറേഷന്‍ സിന്ദുര്‍ സൈനിക നടപടി ഭീകരതക്കെതിരായ ഇന്ത്യയുടെ ട്രെയ്‌ലര്‍ മാത്രമാണെന്നും, പാകിസ്ഥാന്റെ ഓരോ ഇഞ്ച് ഭൂമിയും ബ്രഹ്‌മോസ് മിസൈലിന്റെ പ്രഹരശേഷിയുടെ പരിധിയിലാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്ത്യയുടെ ദീര്‍ഘദൂര സൂപ്പര്‍ സോണിക് ക്രൂസ് മിസൈലായ ബ്രഹ്‌മോസ് ഇന്ത്യന്‍ പ്രതിരോധ ഗവേഷണ വികസന കേന്ദ്രമായ ഡി.ആര്‍.ഡി.ഒയും, റഷ്യയുടെ ആയുധ നിര്‍മാണ സ്ഥാനപാമായ എന്‍.പി.എ മഷിനോസ്‌ത്രോയേനിയയും ചേര്‍ന്നാണ് വികസിപ്പിച്ചത്. ഇന്ത്യയുടെ ബ്രഹ്‌മമുത്ര നദിയുടെയും റഷ്യയിലെ മോസ്‌കോ നദിയുടെയും പേരില്‍ നിന്നാണ് 800കിലോമീറ്റര്‍ വരെ പ്രഹരശേഷിയുള്ള ബ്രഹ്‌മോസ് എന്ന പേര് നല്‍കിയത്.

ഇന്ത്യയുടെ സൈനിക ശക്തി 'വിജയം നമുക്കൊരു ശീലമായിരിക്കുന്നു' എന്ന തലത്തിലേക്ക് മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധമന്ത്രിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്നാണ് മിസൈലുകള്‍ ഫ്ളാഗ് ഓഫ് ചെയ്തത്. രാജ്യത്ത് സ്വയംപര്യാപ്ത പ്രതിരോധ നിര്‍മാണ ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഫലമായി വളര്‍ന്നുവരുന്ന തദ്ദേശീയ കരുത്തിന്റെ നേര്‍സാക്ഷ്യമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് ഇന്നലെ പ്രതിരോധമന്ത്രി വ്യക്തമാക്കിയിരുന്നു. പൂനെയില്‍ സിംബയോസിസ് സ്‌കില്‍സ് ആന്‍ഡ് പ്രൊഫഷണല്‍ സര്‍വകലാശാല വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രതിരോധ മേഖലയിലെ ഉത്പാദനം 46,000 കോടി രൂപയില്‍ നിന്ന് 1.5 ലക്ഷം കോടി രൂപയായി വര്‍ധിച്ചുവെന്നും ഇതില്‍ ഏകദേശം 33,000 കോടി രൂപ സ്വകാര്യ മേഖലയുടെ സംഭാവനയാണെന്നും പ്രതിരോധ നിര്‍മാണ രംഗത്തെ യുവതയുടെ സംഭാവനകളെ അഭിനന്ദിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. 2029-ഓടെ പ്രതിരോധ നിര്‍മാണ മേഖലയില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ ഉത്പാദന ലക്ഷ്യവും 50,000 കോടി രൂപയുടെ കയറ്റുമതി ലക്ഷ്യവും കൈവരിക്കാനാവുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

2006 റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരന്ന ബ്രഹ്‌മോസ്, 2007 ജൂണില്‍ സേനയുടെ ഭാഗമായി മാറുകയായിരുന്നു. ഇന്ത്യന്‍ കര, നാവിക, വ്യോമസേനയുടെ പ്രധാന ആയുധങ്ങളിലൊന്ന ബ്രഹ്‌മോസ് ഒരേസമയം കടല്‍, കര, ആകാശം എന്നിവടങ്ങളില്‍ നിന്നും ശത്രുവിനെതിരെ പ്രയോഗിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത.

ഹൈദരാബാദിലെ ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് പ്രൊഡക്ഷന്‍ സെന്റര്‍, തിരുവനന്തപുരത്തെ കേരള ഹൈടെക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ബ്രഹ്‌മോസ് എയ്‌റോ സ്‌പേസ് തിരുവനന്തപുരം ലിമിറ്റഡ്) എന്നിവടങ്ങളിലെ നിര്‍മാണ യൂണിറ്റിനു പിന്നാലെയാണ് ഈ വര്‍ഷം മേയ് 11ന് ലഖ്‌നോവിലും ബ്രഹ്‌മോസ് ഉദ്ഘാടനം ചെയ്തത്. അടുത്തവര്‍ഷത്തോടെ പ്രതിവര്‍ഷം 100 മിസൈലുകള്‍ വരെ ഇവിടെ ഉല്‍പാദിപ്പിക്കും.

Similar News