ടിക്ക് ടോക്കിനെ നേരിടാന്‍ ലേഔട്ട് പുനഃക്രമീകരിച്ചു; പുതിയ മെനു ലേഔട്ട് വളരെ അരോചകമെന്ന് ഉപഭോക്താക്കള്‍; ലളിതമാക്കാന്‍ വരുത്തിയ മാറ്റങ്ങള്‍ തിരിച്ചടിയായോ? ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കള്‍ കലിപ്പില്‍
കാലിഫോര്‍ണിയ: ലോകമെമ്പാടുമായി പ്രതിമാസം രണ്ട് ബില്യണിലധികം സജീവ ഉപയോക്താക്കളുള്ള ഇന്‍സ്റ്റാഗ്രാം, ഏറ്റവും ജനപ്രിയമായ സോഷ്യല്‍ മീഡിയ ആപ്പുകളില്‍ ഒന്നാണ് എന്നാല്‍ മെറ്റയുടെ ഉടമസ്ഥതയിലുള്ള ഈ പ്ലാറ്റ്‌ഫോം ഇപ്പോള്‍ വരുത്തിയ മാറ്റങ്ങളില്‍ ഉപഭോക്താക്കള്‍ സന്തുഷ്ടരല്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്‍സ്റ്റാഗ്രാം മെനു ബാര്‍ പൂര്‍ണ്ണമായും പുനഃക്രമീകരിച്ചു. ഇത് പ്രധാന ഫീഡ്, നേരിട്ടുള്ള സന്ദേശങ്ങള്‍, റീലുകള്‍ എന്നിവ പോലുള്ള ആപ്പിന്റെ വിവിധ ഭാഗങ്ങള്‍ നാവിഗേറ്റ് ചെയ്യാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നു. പുതിയ രൂപകല്‍പ്പന പ്രകാരം, പുതിയ ഫോട്ടോ പോസ്റ്റ് ചെയ്യണമെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഇനി സ്‌ക്രീനിന്റെ അടിയില്‍ ടാപ്പ് ചെയ്യാന്‍ കഴിയില്ല. മാത്രമല്ല, സ്‌ക്രീന്‍ സൈ്വപ്പ് ചെയ്യുന്നത് ഇപ്പോള്‍ പ്രധാന ഫീഡ്, ഡയറക്ട് മെസേജുകള്‍, റീലുകള്‍ എന്നിവയ്ക്കിടയില്‍ മാറുന്നു.
ഉപയോക്താക്കള്‍ ഉദ്ദേശിച്ചാലും ഇല്ലെങ്കിലും ഇതാണ് പുതിയ രീതി. കൂടുതല്‍ വിപുലമായ രീതിയില്‍ പുറത്തിറക്കുന്നതിന് മുമ്പ് ചില ഉപയോക്താക്കളില്‍ മാറ്റം പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ഇന്‍സ്റ്റാഗ്രാം മേധാവി് ആദം മൊസേരി പറഞ്ഞത്. എന്നാല്‍ പരീക്ഷണത്തിന് വിധേയരായ പലരും പരാതികളുമായിട്ടാണ് എത്തിയത്. ഒരു ഉപഭോക്താവ് സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചത് പുതിയ ഇന്‍സ്റ്റാഗ്രാം ലേഔട്ട് തനിക്ക് വിശദീകരിക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ അലോസരപ്പെടുത്തുന്നു എന്നാണ്. മറ്റൊരാള്‍ പറഞ്ഞത് ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ മെനു ലേഔട്ട് വളരെ അരോചകമാണ് എന്നാണ്.
സാധാരണയായി ഇന്‍സ്റ്റയില്‍ താഴെയുള്ള ഒരു മെനു ബാറില്‍ അഞ്ച് വ്യത്യസ്ത ഐക്കണുകള്‍ ഉണ്ട്. എല്ലാം ആപ്പിന്റെ വ്യത്യസ്ത ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സാധാരണയായി, ഐക്കണുകള്‍ ഹോം, സെര്‍ച്ച്, പുതിയ പോസ്റ്റ്, റീലുകള്‍, പ്രൊഫൈല്‍ എന്നിവയാണ്. എന്നാല്‍ പുതിയ മാറ്റത്തോടെ, സെര്‍ച്ചിന്റെയും റീലുകളുടെയും സ്ഥാനങ്ങള്‍ മാറ്റിസ്ഥാപിച്ചു. കമ്പ്യൂട്ടറിലെ ടാബുകള്‍ പോലെ, ആപ്പിന്റെ വ്യത്യസ്ത വശങ്ങള്‍ക്കിടയില്‍ മാറാന്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ അവരുടെ സ്‌ക്രീനില്‍ ഉടനീളം സൈ്വപ്പ് ചെയ്യാന്‍ കഴിയും.
എന്നാല്‍ ഇതൊക്കെ പലര്‍ക്കും ഒരു പ്രശ്‌നമായി മാറിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ആളുകള്‍ ഏറ്റവും കൂടുതല്‍ ആപ്പ് ഉപയോഗിക്കുന്ന കാര്യങ്ങളെ ചുറ്റിപ്പറ്റിയാണ് പുതിയ ആപ്പ് ലേഔട്ട് പുനഃക്രമീകരിച്ചിരിക്കുന്നതെന്ന് ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി പറയുന്നത്. എതിരാളിയായ ടിക്ക് ടോക്ക് ഉയര്‍ത്തുന്ന ഭീഷണി കാരണമാണ് ഇന്‍സ്റ്റയില്‍ ഇത്തരം മാറ്റങ്ങള്‍ കൊണ്ടു വരുന്നത് എന്നാണ് കരുതപ്പെടുന്നത്. ഒരു ദശാബ്ദത്തിലേറെയായി അതിവേഗം കുതിക്കുന്ന ഇന്‍സ്റ്റാഗ്രാം ഇപ്പോള്‍ ചെറിയ വീഡിയോ ക്ലിപ്പുകളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.