കെ. മുരളീധരനെ ഒപ്പം കൂട്ടാന്‍ കെ.സി വേണുഗോപാല്‍; മുരളീധരന്‍ നിര്‍ദ്ദേശിച്ച രണ്ടുപേര്‍ക്കും സ്ഥാനം നല്‍കും; പുന:സംഘടനയില്‍ ഭൂരിപക്ഷ പ്രാതിനിധ്യം കെ.സി ഗ്രൂപ്പിന്; അതൃപ്തി പ്രകടിപ്പിച്ച മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം
കെ. മുരളീധരനെ ഒപ്പം കൂട്ടാന്‍ കെ.സി വേണുഗോപാല്‍
തിരുവനന്തപുരം: പുന:സംഘടനാ വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന കെ. മുരളീധരനെ അനുനയിപ്പിക്കാനായി അദ്ദേഹം നിര്‍ദ്ദേശിച്ച രണ്ടുപേരെയും ജനറല്‍ സെക്രട്ടറിമാരാക്കാന്‍ ഒരുങ്ങി നേതൃത്വം. ബുധനാഴ്ച കെ.സി വേണുഗോപാല്‍ നേരിട്ടുകണ്ട് ഇക്കാര്യത്തില്‍ കെ. മുരളീധരന് ഉറപ്പു നല്‍കും. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പുന:സംഘടനയില്‍ ഏറ്റവും കൂടുതല്‍ പേരെ ലഭിച്ചത് കെ.സി വേണുഗോപാല്‍ പക്ഷത്തിന്. സംസ്ഥാനതലത്തില്‍ ശക്തിയാര്‍ജ്ജിക്കാനുള്ള കെ.സിയുടെ നീക്കത്തില്‍ കെ.മുരളീധരനെയും ഒപ്പം കൂട്ടാനും നീക്കം. പുന:സംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായങ്ങള്‍ വേണ്ടരീതിയില്‍ പരിഗണിക്കാനും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം.
ന്യൂനപക്ഷ സെല്‍ വൈസ് ചെയര്‍മാന്‍ കെ.എം ഹാരിസിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്നും മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ മര്യാപുരം ശ്രീകുമാറിനെ ആ സ്ഥാനത്ത് നിലനിര്‍ത്തണമെന്നുമാണ് കെ. മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നത്. പുന:സംഘടനയില്‍ ഇതു രണ്ടും നടക്കാത്തതു കൊണ്ടാണ് കെ. മുരളീധരന്‍ നേതൃത്വവുമായി ഇടഞ്ഞത്. ശബരിമലയിലെ സ്വര്‍ണമോഷണവും ആചാരലംഘനവും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സംഘടിപ്പിച്ച നാല് മേഖലജാഥകളുടെ പന്തളത്തെ മഹാസംഗമ ദിവസമാണ് ഒരു ജാഥയുടെ ക്യാപ്റ്റന്‍ കൂടിയായ മുരളീധരന്‍ വിട്ടുനിന്ന് പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയത്. താന്‍ നിര്‍ദേശിച്ചയാളുകളെ തഴഞ്ഞതിലുള്ള അമര്‍ഷമായിരുന്നു പിന്‍മാറ്റത്തിന് കാരണം. എല്ലാ മലയാള മാസവും ഒന്നിന് മുരളീധരന്‍ ഗുരുവായൂരിലെത്തുന്ന പതിവ് ചൂണ്ടിക്കാട്ടി നേതൃത്വം ന്യായീകരിച്ചെങ്കിലും രാവിലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതതോടെയാണ് ഗുരുവായൂര്‍ യാത്രക്ക് പ്രതിഷേധരൂപം കൂടിയുണ്ടെന്ന് ഉറപ്പിച്ചത്. മുരളീധരന്‍ പങ്കെടുത്തില്ലെങ്കില്‍ തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ് വേഗത്തിലായിരുന്നു അനുനയനീക്കങ്ങള്‍. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവുമടക്കം മുരളീധരനുമായി ഫോണില്‍ സംസാരിച്ചു. കെ.സി. വേണുഗോപാലും ആശയവിനിമയം നടത്തിയതോടെയാണ് മുരളീധരന്‍ വഴങ്ങിയത്.
മുരളീധരന്‍ നിര്‍ദ്ദേശിച്ച രണ്ടുപേരെയും പരിഗണിക്കുമെന്ന ഉറപ്പ് നേതൃത്വം നല്‍കിയിട്ടുണ്ട്. അതൃപ്തി പ്രകടിപ്പിച്ച കെ. സുധാകരന്‍െ്റ അഭിപ്രായവും പരിഗണിക്കും. റിജില്‍ മാക്കുറ്റിക്ക് സ്ഥാനം നല്‍കണമെന്ന ആവശ്യമാണ് സുധാകരന്‍ ഉന്നയിച്ചിരുന്നത്. പുനസംഘടനയില്‍ അതൃപ്തരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ പുതിയ ഫോര്‍മുല നടപ്പിലാക്കുന്നതോടെ കെപിസിസിയുടെ പട്ടിക ജംബോയാകും. അതൃപ്തിയുള്ളവര്‍ നിര്‍ദേശിക്കുന്ന മുഴുവന്‍ പേരെയും കെപിസിസി സെക്രട്ടറിമാര്‍ ആക്കാനാണ് നിലവിലെ തീരുമാനം. ചാണ്ടി ഉമ്മന് ഉയര്‍ന്ന പദവി നല്‍കാനും ആലോചനയുണ്ട്. കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാനും നേതാക്കളെ ഒരുമിപ്പിച്ച് നിര്‍ത്താനുമാണ് ഹൈക്കമാന്റ് നിര്‍ദേശം. കെ മുരളീധരന്‍, ചാണ്ടി ഉമ്മന്‍, കെ സുധാകരന്‍, വി ഡി സതീശന്‍ എന്നിവരുമായി കെ പി സി സി നേതൃത്വം ചര്‍ച്ചകള്‍ നടത്തി അഭിപ്രായഭിന്നതകള്‍ ഉടന്‍ പരിഹരിക്കാനാണ് ഹൈക്കമാന്റ് നിര്‍ദേശം. തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സംസ്ഥാനത്ത് നേതാക്കള്‍ തമ്മിലുള്ള വടംവലിയും അഭിപ്രായഭിന്നതയും വലിയ തിരച്ചടിയുണ്ടാക്കുമെന്ന ആശങ്കയിലാണ് ദേശീയ നേതൃത്വം.
പുന:സംഘടനയില്‍ വ്യക്തമായ ഭുരിപക്ഷ പ്രാതിനിധ്യം നേടി കെ.സി വിഭാഗം ശക്തി തെളിയിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായി 21 പേര്‍ കെസി വിഭാഗത്തിനുണ്ട്. തൊട്ടു പിന്നില്‍ 15 ഭാരവാഹികളുമായി ചെന്നിത്തല ഗ്രൂപ്പുണ്ട്. എ ഗ്രൂപ്പിന് 16 ഭാരവാഹികളും കെ സുധാകരന് നാല് പേരെയും ലഭിച്ചു. വിഡി സതീശന്‍ ഒരു ഭാരവാഹിയെയും തന്റെ വിഭാഗമായി അവകാശപ്പെടുന്നില്ലെങ്കിലും എട്ട് പേര്‍ പ്രകടമായ സതീശന്‍ വിഭാഗക്കാരാണ് എന്നതും ശ്രദ്ധേയമാണ്.
കെസി വിഭാഗം: മാത്യു കുഴല്‍നാടന്‍, ഡി സുഗതന്‍, രമ്യ ഹരിദാസ്, റോയ് കെ പൗലോസ്, ജയ്‌സണ്‍ ജോസഫ്-വൈസ് പ്രസിഡന്റ്. പഴകുളം മധു, എംഎം നസീര്‍, പിഎം നിയാസ്, നെയ്യാറ്റിന്‍കര സനല്‍, പിഎ സലീം, കെപി ശ്രീകുമാര്‍, ജോസി സെബാസ്റ്റിയന്‍, എംപി വിന്‍സെന്റ്, എംജെ ജോബ്, മണക്കാട് സുരേഷ്, അനില്‍അക്കര, എംആര്‍ അഭിലാഷ്, കറ്റാനം ഷാജി, വിദ്യാബാലകൃഷ്ണന്‍, ലക്ഷമി ആര്‍, സോണിയഗിരി-ജനറല്‍ സെക്രട്ടറിമാര്‍.
രമേശ് ചെന്നിത്തല വിഭാഗം: ടി ശരത്ചന്ദ്രപ്രസാദ്, എം ലിജു, എഎ ഷുക്കൂര്‍-വൈസ് പ്രസിഡന്റ്മാര്‍. ടോമി കല്ലാനി, ഇബ്രാഹിംകുട്ടി കല്ലാര്‍, പി മോഹന്‍രാജ്, ജ്യോതികുമാര്‍ ചാമക്കാല, രമണി പി നായര്‍, ഫില്‍സണ്‍ മാത്യു, കെ നീലകണ്ഠന്‍, ഐ കെ രാജു, കെഎ തുളസി, ഫിലിപ്പ് ജോസഫ്, പിടി അജയ്‌മോഹന്‍, ഇ സമീര്‍-ജനറല്‍ സെക്രട്ടറിമാര്‍.
എ വിഭാഗം: എം വിന്‍സെന്റ്-വൈസ് പ്രസിഡന്റ്. ബിഎ അബ്ദുള്‍ മുത്തലിബ്, ആര്യാടന്‍ ഷൗക്കത്ത്, സോണി സെബാസ്റ്റിയന്‍, സി ചന്ദ്രന്‍, എസ് അശോകന്‍, കെഎല്‍ പൗലോസ്, എംഎ വാഹിദ്, ഹക്കിം കുന്നില്‍, എ ഷാനവാസ് ഖാന്‍, ചന്ദ്രന്‍ തില്ലങ്കേരി, പി ജര്‍മ്മിയാസ്, കെഎസ് ഗോപകുമാര്‍, കെവി ദാസന്‍, അന്‍സജിതാ റസ്സല്‍, സൈമണ്‍ അലക്‌സ്.
വിഡി സതീശന്‍ വിഭാഗം: ഹൈബി ഈഡന്‍, പാലോട് രവി, വിടി ബല്‍റാം, വിപി സജീന്ദ്രന്‍-വൈസ് പ്രസിഡന്റ്. ദീപ്തി മേരി വര്‍ഗീസ്, കെഎസ് ശബരീനാഥന്‍, കെപി നൗഷാദലി, ബിആര്‍എം ഷഫീര്‍-ജനറല്‍ സെക്രട്ടറി.
കെ സുധാകരന്‍ വിഭാഗം: കെ ജയന്ത്, ടിയു രാധാകൃഷ്ണന്‍, ജോസ് വള്ളൂര്‍, വി ബാബു രാജ്-ജനറല്‍ സെക്രട്ടറിമാര്‍