കാബൂളിലെ ടെക്നിക്കല്‍ മിഷനെ എംബസിയായി ഉയര്‍ത്തി; അഫ്ഗാനില്‍ ഇനി ഇന്ത്യയുടെ പൂര്‍ണ നയതന്ത്ര സാന്നിധ്യം; ദേശീയ താല്‍പ്പര്യങ്ങള്‍ക്കായി ഇന്ത്യയുമായി ഉഭയകക്ഷിബന്ധം കൂടുതല്‍ ദൃഢമാകുമെന്ന് അഫ്ഗാന്‍ ഭരണകൂടം; നിഴല്‍ യുദ്ധമെന്ന പാക്ക് ആരോപണം തള്ളി താലിബാന്‍ മന്ത്രി

നിഴല്‍ യുദ്ധമെന്ന പാക്ക് ആരോപണം തള്ളി താലിബാന്‍ മന്ത്രി

Update: 2025-10-21 16:03 GMT

ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭണകൂടവുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ അതിവേഗ നീക്കവുമായി ഇന്ത്യ. ഇതിന്റെ ഭാഗമായി നിലവിലെ കാബൂളിലെ ഇന്ത്യയുടെ ടെക്നിക്കല്‍ മിഷനെ എംബസിയായി ഉയര്‍ത്തി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നത് ചര്‍ച്ചയായിരുന്നു. ഇതിന്റെ ഭാഗമായി കാബൂളിലെ ഇന്ത്യന്‍ ടെക്നിക്കല്‍ മിഷന്‍ എംബസിയായി ഉയര്‍ത്താനും തീരുമാനിച്ചിരുന്നു. ഇതാണ് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രാല്യത്തിലായത്. പൂര്‍ണ നയതന്ത്രകാര്യാലയമായതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതല്‍ ദൃഢമാകും.

ഇതോടെ അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയുടെ പൂര്‍ണ നയതന്ത്ര സാന്നിധ്യം പുനഃസ്ഥാപിക്കപ്പെട്ടു. ടെക്നിക്കല്‍ മിഷനെ എംബസിയായി പദവിയിലേക്ക് പുനഃസ്ഥാപിച്ചുവെന്ന വിവരം വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്. താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്ത 2021 മുതല്‍ അടച്ചിട്ടിരുന്ന എംബസിയാണ് ഇപ്പോള്‍ വീണ്ടും പൂര്‍ണമായി തുറക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ മാനുഷിക സഹായങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഒരു ടെക്നിക്കല്‍ മിഷന്‍ മാത്രമായിരുന്നു ഇതുവരെയുണ്ടായിരുന്നത്.

മുത്തഖിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെ നയതന്ത്രകാര്യാലയങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ ആശങ്കകള്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ മുന്നോട്ടുവെച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധനല്‍കുമെന്നാണ് മുത്തഖി ഉറപ്പുനല്‍കിയത്. ഇന്ത്യന്‍ എംബസിയുടെയും കോണ്‍സുലേറ്റുകളുടെയും സുരക്ഷയ്ക്ക് പ്രത്യേക ശ്രദ്ധനല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയുരുന്നു. ഇതുകൂടി പരിഗണിച്ചാണ് നയതന്ത്രബന്ധം കൂടുതല്‍ ദൃഢമാക്കുന്നത്.

അഫ്ഗാന്‍ സമൂഹത്തിന്റെ മുന്‍ഗണനകള്‍ക്കും അഭിലാഷങ്ങള്‍ക്കും അനുസൃതമായി, അഫ്ഗാനിസ്ഥാന്റെ സമഗ്രമായ വികസനം, മാനുഷിക സഹായം, ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംരംഭങ്ങള്‍ എന്നിവയ്ക്കുള്ള ഇന്ത്യയുടെ സംഭാവനകള്‍ കാബൂളിലെ ഇന്ത്യന്‍ എംബസിയുടെ ഇടപെടലില്‍ ഇനിയും വര്‍ദ്ധിക്കുമെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ തുടരുന്ന സംഘര്‍ഷങ്ങളും അസ്വാരസ്യങ്ങള്‍ക്കുമിടയിലാണ് ഇന്ത്യയുടെ നയതന്ത്രനീക്കമെന്നതാണ് ശ്രദ്ധേയം. ഒക്ടോബര്‍ ഒമ്പത് മുതല്‍ 15 വരെ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിലെ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഉഭയകക്ഷി വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഖനന മേഖലയില്‍ നിക്ഷേപം നടത്താന്‍ അദ്ദേഹം പക്ഷം ഇന്ത്യന്‍ കമ്പനികളെ രാജ്യത്തേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഇന്ത്യ ഇതുവരെ താലിബാന്‍ ഭരണകൂടത്തിനെ അംഗീകരിച്ചിട്ടില്ല. എന്നാല്‍ നയതന്ത്ര ബന്ധം ശക്തിപ്പെടുന്നത് അംഗീകാരത്തിലേക്കുള്ള നടപടികളാണെന്നാണ് സൂചന. ഇന്ത്യന്‍ നയതന്ത്രപ്രതിനിധികളെ അഫ്ഗാനിസ്ഥാനിലേക്ക് അയക്കുന്നതിന് പുറമെ താലിബാന്‍ ഭരണകൂടം ഇന്ത്യയിലേക്കും നയതന്ത്രപ്രതിനിധികളെ അയച്ചേക്കും. പൂര്‍ണ നയതന്ത്രബന്ധം സ്ഥാപിക്കപ്പെട്ടതിന് ശേഷം നിലവിലെ സര്‍ക്കാരിനെ ഇന്ത്യ അംഗീകരിച്ചേക്കുമെന്നാണ് വിവരം. എന്നാല്‍ ഇത് വളരെ പെട്ടെന്ന് നടക്കാനിടയില്ല. അധികം ബഹളങ്ങളില്ലാതെ സാവധാനം ഇത് നടപ്പിലാകുമെന്നാണ് വിവരം.

പാക്ക് ആരോപണം തള്ളി താലിബാന്‍

പാക്കിസ്ഥാനുമായുള്ള താലിബാന്‍ സംഘര്‍ഷത്തിന് പിന്നില്‍ ഇന്ത്യയാണെന്ന പാക് ആരോപണം തള്ളി അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബ് മുജാഹിദ്. പാക്കിസ്ഥാന്റെ ആരോപണം അടിസ്ഥാന രഹിതവും യുക്തിരഹിതവും അസ്വീകാര്യവുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അഫ്ഗാനിസ്ഥാന്‍ വിദേശരാജ്യങ്ങളുമായി സ്വതന്ത്രമായിട്ടാണ് ബന്ധങ്ങള്‍ പുലര്‍ത്തുന്നതെന്നും ദേശീയ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ പ്രതിരോധ മന്ത്രി പറഞ്ഞു.

'ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഞങ്ങളുടെ മണ്ണ് മറ്റ് രാജ്യങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നത് ഞങ്ങളുടെ നയമല്ല. ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ ഞങ്ങള്‍ ഇന്ത്യയുമായി ബന്ധം പുലര്‍ത്തുന്നു, ഞങ്ങളുടെ ദേശീയ താല്‍പ്പര്യങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് ആ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യും' മുഹമ്മദ് യാക്കൂബ് മുജാഹിദ് അല്‍ ജസീറയോട് പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍-പാക്കിസ്ഥാന്‍ ബന്ധങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും അയല്‍രാജ്യങ്ങളാണ്. ഞങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷങ്ങള്‍ ആര്‍ക്കും ഗുണം ചെയ്യില്ല. ബന്ധം പരസ്പര ബഹുമാനത്തിലും നല്ല അയല്‍പക്ക തത്വങ്ങളിലും അധിഷ്ഠിതമായിരിക്കണം' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാത്തത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കരാര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സഹായിക്കണമെന്ന് തുര്‍ക്കി ഖത്തര്‍ പോലുള്ള മധ്യസ്ഥ രാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. പാക്കിസ്ഥാന്‍ ഉള്‍പ്പെടെ ഒരു രാജ്യത്തിനെതിരെയും സായുധ സംഘങ്ങളെ പിന്തുണയ്ക്കുന്നതല്ല അഫ്ഗാനിസ്ഥാന്റെ നയമെന്ന് വ്യക്തമാക്കിയ താലിബാന്‍ മന്ത്രി, ആക്രമിക്കപ്പെട്ടാല്‍ അഫ്ഗാനികള്‍ തങ്ങളുടെ മാതൃരാജ്യത്തെ 'ധീരമായി' പ്രതിരോധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Similar News