മരണത്തെ മുഖാമുഖം കണ്ട നിമിഷം..!! മലപ്പുറം ലക്ഷ്യമാക്കി കുതിച്ചുകൊണ്ടിരുന്ന ആ കുടുംബം; ഒന്ന് റിലാക്സ് ചെയ്ത് പോകുന്നതിനിടെ മുന്നിൽ അതിഭീകര കാഴ്ച; എന്ത് ചെയ്യണമെന്നറിയാതെ കൂട്ടത്തോടെ നിലവിളി; ഒരു ശ്രദ്ധയുമില്ലാതെ വില്ലന്റെ വരവ്; ജീവൻ തിരികെ കിട്ടിയത് ജസ്റ്റ് മിസ്സിന്; വണ്ടിയുടെ ചരിത്രം അന്വേഷിച്ചപ്പോൾ ഞെട്ടൽ
കൊച്ചി: തൃശ്ശൂർ പുന്നയൂർ ദേശീയപാതയിൽ റോങ് സൈഡിലൂടെ അതിവേഗം വന്ന ടിപ്പർ ലോറിയിൽനിന്ന് ഒരു കുടുംബം വൻ അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. 142 തവണ നിയമലംഘനം നടത്തിയ ഈ ലോറിയുടെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും വാഹനത്തിന്റെ പെർമിറ്റ് റദ്ദാക്കാനും ഗതാഗത കമ്മീഷണർ സി.എച്ച്. നാഗരാജു നിർദേശം നൽകി. ഈ മാസം 24-നാണ് സംഭവം.
തൃപ്പൂണിത്തുറ സ്വദേശി കണ്ണനും ഭാര്യയും കുട്ടിയും അമ്മയും സഞ്ചരിച്ച വാഹനത്തിന് നേർക്കാണ് കോഴിക്കോട് ഭാഗത്തേക്കുള്ള അതിവേഗ ട്രാക്കിലൂടെ ലോഡുമായി വന്ന ടിപ്പർ ലോറി എതിർദിശയിൽനിന്ന് പാഞ്ഞെത്തിയത്. ദേശീയപാത നിർമാണം നടക്കുന്ന പുന്നയൂർ ഭാഗത്താണ് തലനാരിഴയ്ക്ക് വലിയ അപകടം ഒഴിവായത്.
സംഭവത്തെക്കുറിച്ച് കണ്ണൻ വിവരിക്കുന്നത് ഇങ്ങനെ: "മലപ്പുറത്തേക്ക് പോകുകയായിരുന്നു. പെട്ടെന്നാണ് ഒരു വണ്ടി നേരെ മുൻപിൽ അതേ ലൈനിൽ എതിർദിശയിൽ നിന്ന് വന്നത്. പരിഭ്രാന്തനായിപ്പോയി. ഭാര്യയും കുട്ടിയും അമ്മയും വാഹനത്തിൽ ഉണ്ടായിരുന്നു. ശരിക്കും നിലവിളിച്ചുപോയി. വാഹനം ഒരു വശത്തേക്ക് ഒതുക്കി റിലാക്സ് ചെയ്തിട്ടേ എടുക്കാനായുള്ളൂ."
മോട്ടോർ വാഹന വകുപ്പിന്റെ രേഖകൾ പ്രകാരം, അപകടകരമായി വാഹനമോടിച്ച ഈ ടിപ്പർ ലോറിക്ക് ഇതിനകം 142 തവണ പിഴ ചുമത്തിയിട്ടുണ്ട്. ഈ ഗുരുതര നിയമലംഘനങ്ങളുടെ പശ്ചാത്തലത്തിലാണ് റോങ് സൈഡ് ഡ്രൈവിംഗിൽ കർശന നടപടിക്ക് ഗതാഗത കമ്മീഷണർ നിർദേശം നൽകിയത്. അലക്ഷ്യമായി വാഹനമോടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതിനൊപ്പം ടിപ്പർ ലോറിയുടെ പെർമിറ്റ് റദ്ദാക്കാനും നടപടിയെടുക്കും. വാഹനത്തിന്റെ ആർസി ഉടമയ്ക്ക് ഉടൻ നോട്ടീസ് നൽകുമെന്നും കമ്മീഷണർ സി.എച്ച്. നാഗരാജു വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അപകടകരമായ രീതിയിൽ റോങ് സൈഡിലൂടെ വന്ന ഈ ടിപ്പർ ലോറി ഒരു സ്ഥിരം നിയമലംഘകനാണെന്ന് തെളിഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ രേഖകൾ പ്രകാരം 142 തവണയാണ് ഇതിനകം ഈ വാഹനം വിവിധ നിയമലംഘനങ്ങൾക്ക് പിഴയടച്ചിട്ടുള്ളത്. ഇത്രയധികം തവണ പിഴ ശിക്ഷ ലഭിച്ചിട്ടും ഡ്രൈവർ തന്റെ അലക്ഷ്യമായ രീതി തുടർന്നു എന്നത് സംവിധാനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് അധികൃതർ വിലയിരുത്തുന്നു.
ദേശീയപാത നിർമാണം നടക്കുന്ന ഇടങ്ങളിൽ നിലവിലുള്ള കൺഫ്യൂഷനുകൾ മുതലെടുത്ത് പല വാഹനങ്ങളും ഇത്തരത്തിൽ തെറ്റായ ദിശയിലൂടെ വരുന്നത് പതിവാകുകയാണ്. എന്നാൽ 142 തവണ പിഴയൊടുക്കിയ ഒരു വാഹനം വീണ്ടും ഇത്തരത്തിൽ പ്രവർത്തിച്ചത് ഗൗരവകരമായ കുറ്റകൃത്യമായിട്ടാണ് മോട്ടോർ വാഹന വകുപ്പ് കാണുന്നത്.
ഇത്തരം ക്രിമിനൽ സ്വഭാവമുള്ള ഡ്രൈവിംഗിനെതിരെ പൊതുജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. റോഡ് സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വരും ദിവസങ്ങളിൽ ദേശീയപാതകളിൽ പരിശോധന ശക്തമാക്കാനാണ് വകുപ്പിന്റെ തീരുമാനം.
